ഡോ.ജോസ് ജോസഫ്.
കീഴാളരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമായി പറയാൻ എന്നും ശ്രമിച്ചിട്ടുള്ള സംവിധായകനാണ് പാ.രഞ്ജിത്.
ഫാൻ്റസിയും മിസ്റ്റിസിസവും മാജിക്കൽ റിയലിസവും ഇഴചേർത്ത് ദളിത് ചരിത്രം പുനർനിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ പുതിയ ചിത്രം തങ്കലാൻ.
കെ ജി എഫ് ഒന്നും രണ്ടും ചിത്രങ്ങൾ കോലാർ ഗോൾഡ് ഫീൽഡ്സ് അടച്ചു പൂട്ടുന്നതിനു മുമ്പുള്ള ചരിത്രമാണ് പറഞ്ഞതെങ്കിൽ കോളാർ സ്വർണ്ണ ഖനികൾ കണ്ടെത്തിയ തമിഴ് വംശജരായ ഗോത്രവർഗ്ഗക്കാരുടെ പോരാട്ടങ്ങളുടെയും കരുത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥയാണ് തങ്കലാൻ.
സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള വിഭാഗങ്ങളുടെ എഴുതിയതു പോലെ ദളിതരുടെ ചരിത്രം അടുത്ത കാലം വരെ നേരാംവണ്ണം രേഖപ്പെടുത്തിയിരുന്നില്ല. യാഥാർത്ഥ്യത്തോടൊപ്പം മിത്തുകളും കഥകളുമൊന്നും അവരുടെ ചരിത്രത്തിൽ ഇടം പിടിച്ചിട്ടില്ല.
” ചരിത്രത്തിലെ വിടവുകളെ സാമൂഹിക സത്യങ്ങൾ കൊണ്ട് നികത്തുക ” എന്ന ബി ആർ അംബേദ്ക്കറിൻ്റെ പ്രസ്താവനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്കലാൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ കഥയിൽ ഭൂതവും ഭാവിയും വർത്തമാനവും ഇരുളും വെളിച്ചവും പകലും രാത്രിയുമെല്ലാം വേർതിരച്ചറിയാനാവാത്ത വിധം വിഭ്രമാത്മകമായി ഇടകലർന്നു കിടക്കുന്നു.
ബി സി അഞ്ചാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധം വരെ തലമുറകൾ നീളുന്ന ഓർമ്മകളുണ്ട്. ജന്മാന്തര സ്മരണകൾ പോലെ അത് ദളിത് സാമൂഹിക ബോധത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. നായകൻ്റെ ഭ്രമലോകത്തിൽ ചിത്രത്തിൻ്റെ ആദ്യാവസാനം യാഥാർത്ഥ്യമേത് ഫാൻ്റസിയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം മായക്കാഴ്ച്ചകൾ കയറി ഇറങ്ങി പോകുന്നു.
അടിച്ചമർത്തപ്പെട്ടവൻ്റെ പോരാട്ടം എക്കാലവും തുടരുന്നുവെന്നതാണ് പാ.രജ്ഞിത് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം. മേലാളന്മാർ മാത്രമെ മാറുന്നുള്ളു. രാജാക്കന്മാർ മാറി ജന്മിമാർ വന്നു. പിന്നീട് ബ്രിട്ടീഷുകാർ വന്നു. എന്നിട്ടും ദളിതരുടെ പോരാട്ടം പിന്നെയും തുടർന്നു.
എന്നാൽ ദാരിദ്ര്യത്തെയും ദുരിതത്തെയും പഴിച്ച് കീഴടങ്ങുന്നവരല്ല തങ്കലാനിലെ ദളിതർ.മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തങ്ങളുടെ അവകാശമാണെന്ന ബോദ്ധ്യം അവർക്കുണ്ട്. പൂണൂൽ ധരിക്കുകയും ബ്രാഹ്മണ ആചാരങ്ങളെ അനുകരിക്കുകയും ചെയ്ത് വൈകുണ്ഠത്തിൽ നാരായണ പാദം പുൽകാൻ ആഗ്രഹിക്കുന്ന ദളിതനെയും (പശുപതി) ചിത്രത്തിൽ കാണാം.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിലാണ് കോളാർ ഖനികളിലെ സ്വർണ്ണം കുഴിച്ചെടുക്കാനുള്ള ശ്രമം ബ്രിട്ടീഷുകാർ ആരംഭിക്കുന്നത്. തമിഴ്നാട് നോർത്ത് ആർക്കോട്ടിലെ വേപ്പൂർ ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാർ ജന്മിമാർക്ക് അടിമപ്പണി ചെയ്യുന്നവരാണ്. നെൽകൃഷിയാണ് ഉപജീവന മാർഗ്ഗം.
പൊന്നാറിലൂടെ ഒഴുകിയെത്തുന്ന സ്വർണ്ണം അരിച്ചെടുക്കുന്നതിൽ പരമ്പരാഗതമായി വിദഗ്ദരാണ് ഇവർ.അങ്ങകലെ വൻ സ്വർണ്ണ നിക്ഷേപമുള്ള സുവർണ്ണ ഗിരിയുള്ളതായി അവർക്ക് അറിയാം. അത് പ്രകൃതിയുടെയും ഭൂമിയുടെയും സ്വത്താണ്. പ്രകൃതി സൃഷ്ടിക്കുന്ന തടസ്സങ്ങളും അവിടെയെത്താൻ പിതാമഹർ നടത്തിയ ശ്രമങ്ങളും ഗോത്ര നേതാവായ തങ്കലാന് (വിക്രം) വാമൊഴിയായി പകർന്നു കിട്ടിയ കഥകളിലൂടെ അറിയാം. അത് അയാളുടെ ഉറക്കം കെടുത്തുന്നുമുണ്ട്.
ചോള രാജാക്കന്മാരും ടിപ്പു സുൽത്താന്നും കുഴിച്ചെടുത്ത സ്വർണ്ണ ശേഖരത്തെക്കുറിച്ചു കേട്ടറിഞ്ഞ ബ്രിട്ടീഷുകാരൻ ലോർഡ് ക്ലെമൻ്റ് ( ഡാനിയേൽ കാൾട്ടഗിറോണി ) അവിടെയെത്താൻ തങ്കലാൻ്റെ സഹായം തേടുന്നു. മിത്തിക്കൽ കഥാപാത്രമായ ആരതി (മാളവിക മോഹനൻ) എന്ന വന യക്ഷിയുടെ കാവലിലാണ് സ്വർണ്ണമലകൾ.അവിടം പ്രേതാവേശിതമാണ്.
പ്രകൃത്യാതീത ശക്തികളുള്ള ആരതിക്ക് കൂട്ടിന് വിഷ സർപ്പങ്ങളും വന്യമൃഗങ്ങളും പടയാളികളുമുണ്ട്. മെല്ലെ നീങ്ങുന്ന ചിത്രത്തിൻ്റെ ആദ്യപകുതി കഥാപരിസരം പരിചയപ്പെടുത്തുമ്പോൾ രണ്ടാം പകുതി സ്വർണ്ണം തേടിയുള്ള യാത്രയാണ്.
ക്ലെമൻ്റിന് തങ്കലാൻ കരുത്തനായ ഒരു മനുഷ്യനാണ്. എന്നാൽ ക്ലെമൻ്റിൻ്റെ കൂട്ടുകാരായ വെള്ളക്കാർക്ക് തങ്കലാൻ സാത്താൻ്റെ അവതാരമാണ്. കൈ നിറയെ കൂലി.നഗ്നത മറയ്ക്കാൻ മാന്യമായ വസ്ത്രം. കൃഷി ഭൂമിയ്ക്ക് അവകാശം. കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയങ്ങൾ. ജീവിതം തന്നെ മാറണം.
ഭാര്യ ഗംഗമ്മയ്ക്കും (പാർവ്വതി തിരുവോത്ത്) ഗ്രാമവാസികൾക്കുമൊപ്പം ദുർഗ്ഗമമായ പ്രദേശങ്ങൾ താണ്ടി കോലാറി ലെത്തുമ്പോൾ ഗോത്ര നേതാവായ തങ്കലാൻ്റെ ലക്ഷ്യം അതായിരുന്നു. അയാളുടെ സ്വപ്നങ്ങൾ പൂവണിയുമോ? വനയക്ഷിയായ ആരതിയുടെ എതിർപ്പിനെ മറികടന്ന് ക്ലെമൻ്റിന് സ്വർണ്ണം സ്വന്തമാക്കാനാവുമോ എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
ഫാൻ്റസിയും മിത്തോളജിയും ഹിസ്റ്റോറിക്കൽ ഡ്രാമയുെമല്ലാം കൂടിച്ചേരുന്ന പല അടരുകളുള്ള ചിത്രമാണ് തങ്കലാൻ. സംവിധായകൻ ചിത്രത്തിനു നൽകിയിരിക്കുന്ന പ്രത്യേക ട്രീറ്റ്മെൻ്റ് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തണമെന്നില്ല. മാസ്സ് ഹിസ്റ്റീരിയ പോലെ ഗോത്രവർഗ്ഗ കഥാപാത്രങ്ങളെ ഇടക്കിടെ ആവേശിക്കുന്ന മായക്കാഴ്ച്ചകൾ കുറച്ച് അലോസരമുണ്ടാക്കും.
കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന കട്ടിയായ പ്രത്യേക തമിഴും മനസ്സിലാക്കാൻ എളുപ്പമല്ല. സംവിധായകൻ്റെ പ്രത്യേകമായ ദളിത് രാഷ്ട്രീയം ഇടക്കിടെ ഉയർന്നു വരുന്നത് തിരക്കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. ബുദ്ധിസത്തിൻ്റെ അവശിഷ്ടങ്ങളും ബ്രാഹ്മണിസത്തിൻ്റെ പിടിമുറക്കലുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ട്.
തങ്കലാനായി ചിയാൻ വിക്രം നടത്തിയ പകർന്നാട്ടം അവിസ്മരണീയമാണ്.പല തലമുറകളിലൂടെയുള്ള വേഷം മാറ്റം ഗംഭീരമാണ്. ഭ്രമലോകത്തത്തിലൂടെയും യാഥാർത്ഥ്യത്തിലൂടെയുമുള്ള സഞ്ചാരങ്ങളും മെയ് വഴക്കത്തോടെയുള്ള ആക്ഷൻ രംഗങ്ങളും വിക്രം തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിച്ചു.
വിക്രമിനൊപ്പം റേഞ്ച് പ്രകടിപ്പിക്കുന്ന അഭിനയമാണ് ഗംഗമ്മയെന്ന വ്യക്തിത്വമുള്ള വനിതയായി അഭിനയിച്ച പാർവ്വതി തിരുവോത്തിൻ്റേത്. മിത്തിക്കൽ കഥാപാത്രമായ ആരതി മാളവിക മോഹനൻ്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്.പാ.രജ്ഞിത് സംവിധാനം ചെയ്ത സർപട്ടെ പരമ്പരൈയിലേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തങ്കലാനിലെ പശുപതിയുടെ വേഷം.ലോർഡ് ക്ലെമൻ്റായി വേഷമിട്ട ഡാനിയേൽ കാൾട്ടഗിറോണിയുടേതും മികച്ച പ്രകടനമാണ്.
ജി വി പ്രകാശിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും കിഷോർ കുമാറിൻ്റെ ഛായാഗ്രഹണവും ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചു. എസ് എസ് മൂർത്തിയുടെ കലാസംവിധാനം എടുത്തു പറയണം.പാ.രജ്ഞിത്, തമിഴ് പ്രഭ എന്നിവർ ചേർന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റണ്ണർ സാമിൻ്റെ സംഘട്ടന രംഗങ്ങളും മികച്ചതാണ്.
സ്ഥിരം വാർപ്പു മാതൃകകളിലുള്ള ചരിത്ര ആഖ്യായികയല്ല തങ്കലാൻ. ഭ്രമാത്മകമായ മായക്കാഴ്ച്ചകളുടെ ലോകം തിയേറ്റർ വിട്ടാലും പ്രേക്ഷകരെ വേട്ടയാടും. എക്കാലവും പ്രസക്തമായ ചില ചോദ്യങ്ങളാണ് പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിനു വേണ്ടി സംവിധായകൻ ഉയർത്തുന്നത്.
—————————————————————————————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 154