സതീഷ് കുമാർ വിശാഖപട്ടണം
ഇന്ത്യൻ സിനിമയിലെ നിത്യ വിസ്മയമായ കമൽഹാസൻ അന്നും ഇന്നും മലയാള സിനിമയുടെ ഒരു വലിയ ആരാധകനാണ്.ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയുടെ ഭൂപടത്തിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് .
ആ വാക്കുകൾ ഇപ്രകാരമായിരുന്നു ….
” മലയാള സിനിമയാണ് എന്റെ അഭിനയക്കളരി. മലയാളത്തിൽ അഭിനയിച്ചുകൊണ്ടാണ് ഞാൻ അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനായി എനിക്ക് മാറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മലയാള സിനിമയ്ക്ക് അവകാശപ്പെട്ടതാണ് ….”
കമൽഹാസൻ വിനയപൂർവ്വം പറഞ്ഞ ഈ വാക്കുകൾ പിൽക്കാലത്ത് പ്രശസ്തിയുടെ കൊടുമുടി കയറിയ പല നടീനടന്മാർക്കും ബാധകമാണ്. കമൽഹാസനോടൊപ്പം അതേ കാലയളവിൽ അഭിനയിച്ചുകൊണ്ട് ഹിന്ദിയിലെ താരറാണിയായി മാറിയ നടി ശ്രീദേവിയുടെ അഭിനയക്കളരിയും മലയാള സിനിമയുടെ തട്ടകങ്ങളിലായിരുന്നു.
ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട ജോടിയായിരുന്നു കമൽഹാസനും ശ്രീദേവിയും. ഈ പ്രണയ ജോടി മലയാളികളുടെ നെഞ്ചിൽ കൂടുകൂട്ടുന്നത് 1977- ഒക്ടോബറിൽ പുറത്തുവന്ന ഒരു മലയാള ചലച്ചിത്രത്തിലൂടെയാണ്.പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത “സത്യവാൻ സാവിത്രി.
ഹസീന ഫിലിംസിന്റെ ബാനറിൽ ആർ ദേവരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത് എസ് എൽ പുരം സദാനന്ദൻ. മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട കമൽഹാസനെ പിന്നീട് നമുക്ക് നഷ്ടപ്പെട്ടെങ്കിലും ഒരു തലമുറയുടെ റോൾ മോഡൽ ആയിരുന്നു ആ നടൻ .
“സത്യവാൻ സാവിത്രി ” എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയഘടകങ്ങളിൽ ഒന്നായിരുന്നു ആ സിനിമയിലെ ഗാനങ്ങൾ .ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദേവരാജനാണ് സംഗീതം നൽകിയത്.
https://youtu.be/bumadyZFrTs?t=10
“നീലാംബുജങ്ങൾ വിടർന്നു …”.(യേശുദാസ്)
” ആഷാഢം മയങ്ങി
നിൻ മുകിൽവേണിയിൽ …. “
(യേശുദാസ്)
“തിരുവിളയാടലിൻ …. “
( മാധുരി )
“കസ്തൂരി മല്ലിക പുടവ ചുറ്റി …. “
(ജയചന്ദ്രൻ ,മാധുരി )
” പൂഞ്ചോല കടവിൽ
വന്നൊരാൺമയിൽ….”
(ബ്രഹ്മാനന്ദൻ , മാധുരി )
” രാഗ സാഗരമേ
പ്രിയ ഗാനസാഗരമേ …”
(യേശുദാസ്)
എന്നിവയായിരുന്നു ചിത്രത്തിലെ പ്രധാന ഗാനങ്ങൾ.
സഹനടൻ എന്ന നിലയിൽ മലയാളികളുടെ ആദരവ് പിടിച്ചു പറ്റിയ ശങ്കരാടി തന്റെ അഭിനയ ജീവിതത്തിൽ രണ്ടു ഗാനരംഗങ്ങിൽ മാത്രമാണത്രേ പാടി അഭിനയിച്ചിട്ടുള്ളത് .
അതിലൊന്ന് “സത്യവാൻ സാവിത്രി ” യിലെ
“രാഗ സാഗരമേ
പ്രിയ ഗാനസാഗരമേ ….”
എന്ന ഗാനമാണ് .
“സത്യവന്തുടു “എന്ന പേരിൽ ഈ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്യപ്പെടുകയും തെലുങ്കിൽ വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു.
1977 ഒക്ടോബർ 14ന് പ്രദർശന ശാലകളിൽ എത്തിയ സത്യവാൻ സാവിത്രി ഇന്ന് 47 വർഷങ്ങൾ പൂർത്തിയാക്കുകയാണ് .
————————————————————————-
(സതീഷ് കുമാർ : 9030758774)
————————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക