ഡോ.ജോസ് ജോസഫ്
ടൊവിനോ തോമസിൻ്റെ അമ്പതാമത് ചിത്രം അജയൻ്റെ രണ്ടാം മോഷണം (എആർഎം) മികച്ച തിയേറ്റർ അനുഭവം പകരുന്ന ദൃശ്യവിരുന്നാണ്. ചിയോതിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തിൽ ജീവിച്ചിരുന്ന കുഞ്ഞിക്കേളു എന്ന കളരിയഭ്യാസിയുടെയും മണിയൻ എന്ന കള്ളൻ്റെയും അജയൻ എന്ന മെക്കാനിക്കിൻ്റെയും കഥ പറയുന്ന ചിത്രമാണ് അജയൻ്റെ രണ്ടാം മോഷണം.
പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി 1990കൾ വരെ നീളുന്ന മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഈ മൂന്നു പേരുടെയും ട്രിപ്പിൾ വേഷങ്ങളിൽ അഭിനയിക്കുന്നത് ടൊവിനോ തോമസാണ്. മുമ്പ് ബേസിൽ ജോസഫ് ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാൽ ആദ്യമായി സ്വതന്ത്ര സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എ ആർ എം.കാസർഗോഡ് മടിക്കൈ പഞ്ചായത്ത് സീനിയർ ക്ലർക്കായി ജോലി ചെയ്യുന്ന സുജിത് നമ്പ്യാരാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, യു ജി എം മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ് എ ആർ എം നിർമ്മിച്ചിരിക്കുന്നത്.ഈ ത്രീ ഡി ചിത്രം അഞ്ചു’ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. രണ്ടര മണിക്കൂറാണ് ദൈർഘ്യം.
കാന്താര, തങ്കലാൻ തുടങ്ങിയ സമീപകാല പാൻ ഇന്ത്യൻ ചിത്രങ്ങളെ പോലെ പ്രാദേശിക സംസ്ക്കാരവും മിത്തുകളും ഐതിഹ്യങ്ങളുമെല്ലാം കൂടിച്ചേർന്ന അന്തരീക്ഷത്തിലാണ് എ ആർ എമ്മിൻ്റെ കഥ വികസിക്കുന്നത്.
വടക്കൻ മലബാറിലെ അങ്കക്കളരികളുടെ പാരമ്പര്യവും ക്ഷേത്രാചാരങ്ങളും ഇതിനിടയിൽ നിലനിന്നിരുന്ന ജാതി വിവേചനവുമെല്ലാം കഥാപരിസരങ്ങളിലുണ്ട്.”ഞാൻ ഒരു സഞ്ചാരി. കാലം ഒരു വാഹനം …” എന്നു തുടങ്ങുന്ന മോഹൻലാലിൻ്റെ നരേഷനിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം.കുഞ്ഞിക്കേളുവിനും മണിയനും അജയനും പ്രപഞ്ചമേൽപ്പിച്ചു കൊടുത്ത ഒരു നിയോഗമുണ്ട്. അതവരെ വിടാതെ പിന്തുടരുന്നു. കാടും മനുഷ്യരും മൃഗങ്ങളുമെല്ലാം ഒന്നായിരുന്ന കാലത്താണ് കളരി വീരൻ കുഞ്ഞിക്കേളുവിൻ്റെ കഥ തുടങ്ങുന്നത് മുത്തശ്ശി കഥയിലൂടെ വാമൊഴിയായി വീര യോദ്ധാവായിരുന്ന കുഞ്ഞിക്കേളുവിൻ്റെ കഥ പ്രേക്ഷകൻ്റെ മുന്നിലേക്ക് എത്തുന്നു.
ഹരിപുരം എന്ന ഗ്രാമത്തിൽ ആകാശത്തു നിന്നും പൊട്ടി വീണ നക്ഷത്രക്കല്ലിൽ വിശേഷ ചേരുവകൾ കൂട്ടിച്ചേർത്ത് എടക്കൽ രാജാവ് ഒരു അത്ഭുത വിളക്ക് നിർമ്മിച്ചെടുത്തു. പ്രകൃതി ശക്തികളെ നിയന്ത്രിക്കുന്ന മാന്ത്രിക വിളക്ക്. അക്കാലത്ത് ദേശത്തെ ആക്രമിച്ച പുലിമുട്ട് മമ്മതിനെ ( കബീർ ദുൽഹൻ സിംഗ്) നേരിടാൻ പറങ്കിപ്പടക്ക് പകരം രാജാവ് ആശയിച്ചത് കുഞ്ഞിക്കേളു എന്ന വീര യോദ്ധാവിനെയാണ് . ആകാശത്തിനു കീഴിലുള്ള സർവ്വ അടവുകളും പഠിച്ച കുഞ്ഞിക്കേളു മമ്മതിനെ കീഴടക്കി. പകരം പ്രതിഫലമായി ചോദിച്ചത് ദേശത്തിൻ്റെ ഐശ്വര്യമായ ചിയോതി വിളക്കാണ്.ചിയോതി വിളക്ക് പ്രതിഷ്ഠിച്ച ഹരിപുരം പിൽക്കാലത്ത് ചിയോതിക്കാവ് എന്നറിയപ്പെട്ടു.
ചിയോതി വിളക്കിനു പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളും രഹസ്യങ്ങളുമാണ് കഥയെ മുന്നോട്ടു കൊണ്ടു eപാകുന്നത്. വിളക്കിനു പിന്നിൽ ഒളിപ്പിച്ചു വെച്ച രാജതന്ത്രം കണ്ടെത്താനാവാതെ കുഞ്ഞിക്കേളുവും ഭാര്യ ചോതിയും (ഐശ്വര്യ രാജേഷ്) കടന്നു പോയി.ചിയോതി വിളക്കിൻ്റെ കഥ പിന്നീട് കള്ളൻ മണിയനിലേക്കും അയാളുടെ മകളുടെ (രോഹിണി ) മകൻ അജയനിലൂടെ വർത്തമാന കാലത്തിലേക്കും എത്തുന്നു. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിവരിൽ കിടിലൻ കഥാപാത്രം കള്ളൻ മണിയനാണ്.
കള്ളനും കൊല്ലനും അഭ്യാസിയും ഒത്തു ചേർന്ന കള്ളൻ മണിയൻ. ടൊവിനോയുടെ ചിത്രത്തിലെ മൂന്നു വേഷങ്ങളിൽ എറ്റവും മികച്ച വേഷം. കള്ളനാണോ പോലീസാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് കള്ളൻ എന്നാണ് മണിയൻ്റെ ഉത്തരം.നാടിനെ ജയിച്ച കള്ളൻ എന്ന് ഭർത്താവിനെ വിളിക്കുന്ന ഭാര്യ മാണിക്യവും (സുരഭി ലക്ഷ്മി) തിളങ്ങുന്ന കഥാപാത്രമാണ്.
കുഞ്ഞിക്കേളു, മണിയൻ ,അജയൻ എന്നിവരിലൂടെ നോൺ ലീനിയറായാണ് കഥ പുരോഗമിക്കുന്നത്. വർത്തമാന കാലത്തിലേക്കെത്തുമ്പോൾ ഗൂഢലക്ഷ്യങ്ങളോടെ വിളക്ക് കൈക്കലാക്കാൻ എടക്കൽ രാജവംശത്തിൻ്റെ പിന്മുറക്കാരനായ സുദേവ് വർമ്മ (ഹരീഷ് ഉത്തമൻ) ചിയോതിക്കാവിലെത്തുന്നു. ചിയോതിക്കാവിലെ വിളക്ക് മോഷ്ടിച്ച മണിയന് തൻ്റെ നിയോഗം പൂർത്തിയാക്കാനായില്ല .ചിയോതി വിളക്കിൻ്റെ യാഥാർത്ഥ്യം കണ്ടെത്തുക എന്ന നിയോഗത്തിൽ പിന്മുറക്കാരനായ അജയൻ വിജയിക്കുമോ എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് .
കള്ളൻ മണിയന് കൂട്ട് വിളക്ക് നിർമ്മിച്ച തെക്കുംപാടം സ്വർണ്ണ പണിക്കാരൻ്റെ പിന്മുറക്കാരനായ നാണുവാണെങ്കിൽ (ജഗദീഷ് ) അജയൻ്റെ പങ്കാളി പ്രാദേശിക കള്ളനായ കെ പി സുരേഷാണ് (ബേസിൽ ജോസഫ്). കള്ളൻ്റെ കൊച്ചു മകൻ എന്ന പാരമ്പര്യം ചുമക്കുന്ന അജയൻ അപകർഷതാ ബോധം പേറി നടക്കുന്ന കഥാപാത്രമാണ്. നാട്ടിൽ നടക്കുന്ന എല്ലാ മോഷണത്തിനു പിന്നിലും അയാളാണെന്ന് സംശയിക്കപ്പെടുന്നു. വിളക്കു മോഷ്ടിച്ച കള്ളനായ മണിയൻ്റെ മകളായതിനാൽ ക്ഷേത്ര മുറ്റത്ത് അയാളുടെ അമ്മയ്ക്ക് പ്രവേശനമില്ല.
പ്രണയമാണ് എല്ലാ പരിമിതികളെയും അതിജീവിക്കാൻ അജയനെ പ്രേരിപ്പിക്കുന്ന ശക്തി. നാട്ടിലെ മാടമ്പിയായ ചാത്തുട്ടി നായരുടെ (നിഷാത് സേട്ട്) മകൾ ലക്ഷ്മിയാണ് (കൃതി ഷെട്ടി ) അവൻ്റെ കാമുകി. ചിത്രത്തിൽ അജയൻ രണ്ട് മോഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അജയൻ്റെ രണ്ടാമത്തെ മോഷണം ചിയോതി വിളക്കല്ല.
സിനിമയിൽ കുറച്ചു നേരം മാത്രമെ കുഞ്ഞിക്കേളു എന്ന കഥാപാത്രം വന്നു പോകുന്നുള്ളു. അഭിനയം കൊണ്ടും കായികാഭ്യാസം കൊണ്ടും ഏറ്റവും മികച്ചു നിൽക്കുന്നത് കള്ളൻ മണിയനായുള്ള ടൊവിനോയുടെ പ്രകടനമാണ്. ടൊവിനോയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കള്ളൻ മണിയൻ.പലപ്പോഴും നിസ്സഹായാവസ്ഥയിലേക്ക് വഴുതി വീഴുമെങ്കിലും വേണ്ട സമയത്ത് കരുത്തു പ്രകടിപ്പിക്കുന്ന അജയൻ കുറേക്കൂടി യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രമാണ്.
കാറ്റായും മഴയായും പ്രണയിനിക്കരികിലെത്തുന്ന കാമുകനായുള്ള ടൊവിനോയുടെ ഭാവങ്ങൾ കൊള്ളാം. അഭ്യാസ രംഗങ്ങളിലെ മെയ് വഴക്കവും’ അഭിനന്ദനമർഹിക്കുന്നു. ടൊവിനോയുടെ അഭിനയം ട്രിപ്പിൾ കരുത്താണ് ചിത്രത്തിന് പകരുന്നത്.ഭാര്യയുടെയും മുത്തശ്ശിയുടെയും ഡബിൾ ഗെറ്റപ്പിൽ എത്തുന്ന സുരഭി ലക്ഷ്മിയാണ് നായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. മലയാളത്തിലേക്കുള്ള അരങ്ങേറ്റ വേഷമായ ലക്ഷ്മിയെ കൃതി ഷെട്ടി ഭംഗിയാക്കി. ചെറിയ വേഷത്തിൽ ജഗദീഷും തിളങ്ങി.സുധീഷ്, മാല പാർവ്വതി, പ്രമോദ് ഷെട്ടി, അജു വർഗീസ്, സന്തോഷ് കീഴാറ്റൂർ, ബിജു കുട്ടൻ, സഞ്ജു ശിവറാം, ശിവജിത് പത്മനാഭൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
യാഥാർത്ഥ്യത്തിനും ഫാൻ്റസിക്കും ഇടയിൽ മുത്തശ്ശിക്കഥയുടെ ലാളിത്യത്തോടെ കഥ പറയുന്നതിൽ സംവിധായകൻ ജിതിൻ ലാൽ വിജയിച്ചിട്ടുണ്ട്.കരുത്തുറ്റ കഥാപാത്രങ്ങളും കാമ്പുള്ള കഥയും ഒതുക്കമുള്ള സംഭാഷണങ്ങളും കോർത്തിണക്കിയ സുജിത് നമ്പ്യാരുടെ തിരക്കഥയും ശക്തമാണ്. 30 കോടിയോളം രൂപ മാത്രമാണ് എ ആർ എമ്മിൻ്റെ മുതൽ മുടക്കെങ്കിലും വൻ ബജറ്റ് ചിത്രങ്ങളിലേതു പോലെ വി എഫ് എക്സ് ആകർഷകമാണ് .
രാത്രി രംഗങ്ങളും വെള്ളത്തിനടിയിലെ ഷോട്ടുകളും ഉൾപ്പെടെ ഫാൻ്റസി എലമെൻ്റുകളോടെ മൂന്ന് കാലഘട്ടങ്ങളിലെ ദൃശ്യവൈവിധ്യങ്ങൾ ഒപ്പിയെടുക്കുന്നതിൽ ജോമോൻ ടി ജോണിൻ്റെ ക്യാമറയും മികവു പുലർത്തി.. തെല്ലും ദുരൂഹത കളില്ലാതെ മുത്തശ്ശി കഥ പോലെ ചിത്രം ലളിതമാക്കുന്നതിൽ ഷമീർ മുഹമ്മദിൻ്റെ എഡിറ്റിംഗും സഹായിച്ചു.ഒരു ഫാൻ്റസി ചിത്രത്തിനു ചേർന്നതാണ് ദിബു നൈനാൻ തോമസ് ഒരുക്കിയ പശ്ചാത്തല സംഗീതം.
———————————————————————————————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക