കൊച്ചി : വ്യാജ സാഹിത്യത്തിനും സിനിമയ്ക്കും സീരിയലുകൾക്കും സമൂഹത്തിനെ സ്വാധീനിക്കാനാവുമോ ? കഴിയുമെന്നാണ് അനുഭവങ്ങൾ പറയുന്നതെന്ന് സാമൂഹിക വിമർശകനായ ആര്യലാൽ.
‘ഏറ്റവും കൂടുതൽ വയലൻസ് ഉള്ള സിനിമ’ എന്നത് അംഗീകരിക്കപ്പെട്ട ഒരു പരസ്യമാകുന്നത് ജനാധിപത്യം ഭരിക്കുന്നിടത്താകരുതായിരുന്നു.താലിബാനും ബൊക്കോ ഹറാമും അവരുടെ ജനങ്ങളോട് ചെയ്യുന്നതാണ് സിനിമ നമ്മോടു ചെയ്യുന്നത് – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആര്യാലാലിൻ്റെ കുറിപ്പ് ചുവടെ:
പന്നികളുടെ തീററ
ഗാന്ധി, ജീവിതത്തിൽ കണ്ട ഒരു നാടകമാണ് അദ്ദേഹത്തെ സത്യവ്രതനാക്കി മാറ്റിയത്. ‘രാജാ ഹരിശ്ചന്ദ്ര’ ആയിരുന്നു ആ നാടകം. ആകെ ഒരു സിനിമയേ അദ്ദേഹം കണ്ടിരുന്നുള്ളൂ. അതാകട്ടെ ‘രാമരാജ്യം’ എന്ന സങ്കല്പരാജ്യത്തിൻ്റെ വിത്തായിത്തീർന്നു.
കല മനുഷ്യനെ സ്വാധീനിക്കും. സാഹിത്യ പ്രയോജനങ്ങളുടെ ഏറ്റവും ഒടുവിൽ ‘മമ്മടൻ’ അതു പറയുന്നുണ്ട്. “കാന്താ സമ്മിതതയോപദേശയുജേ…” ഭാര്യ ഉപദേശിക്കും പോലെ എന്ന്. തലയണമന്ത്രം ഉപദേശമാണ് എന്നൊരു ഭർത്താവിനും തോന്നിയിട്ടുണ്ടാവുകയില്ല. കലാ-സാഹിത്യങ്ങളും അങ്ങനെയാണ്. മനുഷ്യനെ രഹസ്യമായി സ്വാധീനിക്കാനും മാറ്റിയെടുക്കാനും അതിനു കഴിയും.
സിനിമകൾ മാത്രമല്ല മറ്റനേകം കലാരൂപങ്ങളും സമൂഹത്തെ സ്വാധീനിക്കും. ആ വിശ്വാസത്തിലാണ് തെരുവുനാടകങ്ങൾ അരങ്ങേറുന്നത്. എയ്ഡ്സിനെതിരെ പോസ്റ്റർ അടിച്ചു വച്ച് പ്രചരണം നടത്തുന്നത് അതുകൊണ്ടാണ്. ഇ. കെ. നായനാരു പോലും ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന പിക്കാസോവിൻ്റെ ‘ഗൂർണിക്ക’യുടെ പ്രസക്തിയും അതാണ്.
സ്പാനിഷ് ആഭ്യന്തര കലാപത്തിൻ്റെ ദുരിത വശങ്ങളെ അത് വരച്ചിട്ടു. ലോകം അത് കണ്ട് ഞെട്ടുക മാത്രമല്ല വേദനിക്കുകയും ചെയ്തു. കലയ്ക്ക് സാമൂഹിക സ്വാധീനമുണ്ട്. മറ്റുകലാരൂപങ്ങളെപ്പോലെയല്ല സിനിമ. അത് വൈകാരികതയെ നേരിട്ടുള്ള അനുഭവത്തിനടുത്തെത്തിക്കുന്നു. തീയറ്ററുകളിൽ നിന്നും മടങ്ങുന്നവരിൽ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ ‘ബാധ’ കൂടുന്നത് അതുകൊണ്ടാണ്. ചില സംഭാഷണങ്ങൾ വായിൽ നിന്നിറങ്ങിപ്പോകാൻ മടിക്കുന്നതതുകൊണ്ടാണ്.
‘ട്രെയിൻ സ്പോട്ടിങ്ങ്’ പോലെയുള്ള സിനിമകൾ ലോകത്ത് പഴി കേട്ടത് അതുകൊണ്ടായിരുന്നു. ഹെറോയിൻ ഉപയോഗത്തെ ഗ്ലാമർ വല്ക്കരിക്കുകയും യുവതയെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു ആക്ഷേപം. മട്ടാഞ്ചേരി മാഫിയയുടെ ‘ഇടുക്കി ഗോൾഡ്’ ആ നിലയ്ക്ക് പഴി കേൾക്കേണ്ടതായിരുന്നു. പക്ഷെ വിമർശനത്തിന് മുതിരേണ്ട ബുദ്ധിജീവികൾ അപ്പോഴേക്കും പുകച്ചുരുളുകൾക്കുള്ളിലായിപ്പോയിരുന്നു.
കലയിൽ നിന്നും ‘ഉദാത്തത’ എന്ന പരികല്പന പടിയിറങ്ങിപ്പോവുകയും ‘സഭ്യതയില്ലായ്മ’ കലയായി പ്രച്ഛന്നവേഷം കെട്ടുകയും ചെയ്തു. കലയാകുവാൻ നിശ്ചയിച്ച് ഇല്ലത്തു നിന്നിറങ്ങിയ പലതിനും അമ്മാത്ത് എത്തിച്ചേരുവാൻ കഴിഞ്ഞില്ല. പൊട്ട സാഹിത്യങ്ങളുടെ കാര്യവും അങ്ങനെയാണ്. ക്രൗഞ്ചപക്ഷികളോടുള്ള വേടൻ്റെ ക്രൂരത വായനക്കാരനെ കാട്ടാളനാകുവാനല്ല “അരുത്” എന്നു വിലക്കുവാനാണ് പ്രേരിപ്പിക്കുന്നത്. ഈഡിപ്പസിൻ്റെ ദുരന്തം അമ്മയെ പ്രാപിക്കാൻ ആരെയും പ്രേരിപ്പിക്കുന്നില്ല.കലയുടെ ഉദാത്തതയാണത്.
സത്യമായ കല വികാരത്തെ വിമലീകരിക്കുന്നു. ‘ചുരുളി’യും ‘പണി’യും ‘മാർക്കോ’യും അങ്ങനെയുള്ളതൊക്കെയും വ്യാജ കലകളാവുന്നതങ്ങനെയാണ്. അവയ്ക്ക് താഴേക്ക്
വീഴാനല്ലാതെ,വീഴ്ത്താനല്ലാതെ മുകളിലേക്ക് ഉയരാനോ ഉയർത്താനോ കഴിയുന്നില്ല.പന്നികൾക്കുള്ള തീറ്റ മാത്രമായി അതു മാറുന്നു!
സമൂഹത്തെ ഇന്നു കാണും വിധം തുലച്ചു കളഞ്ഞതിൽ വ്യാജ സാഹിത്യത്തിനും സിനിമയ്ക്കും സീരിയലുകൾക്കുമുള്ള പങ്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഉദാഹരണങ്ങൾ എഴുതി ദീർഘിപ്പിക്കുന്നില്ല. രാഷ്ട്രീയത്തിനും മതത്തിനും വാർത്താ ചാനലുകൾക്കുമുള്ള പങ്കിനൊപ്പം വൃത്തികെട്ട ഒരു പങ്ക് സിനിമയ്ക്കും ഉണ്ട്. ‘ഏറ്റവും കൂടുതൽ വയലൻസ് ഉള്ള സിനിമ’ എന്നത് അംഗീകരിക്കപ്പെട്ട ഒരു പരസ്യമാകുന്നത് ജനാധിപത്യം ഭരിക്കുന്നിടത്താകരുതായിരുന്നു.താലിബാനും ബൊക്കോ ഹറാമും അവരുടെ ജനങ്ങളോട് ചെയ്യുന്നതാണ് സിനിമ നമ്മോടു ചെയ്യുന്നത്.
കലയാണ് എന്നു തെറ്റിധരിച്ചിരിക്കുന്നത് കൊലയെ ആണ്. അങ്ങനെയാണ് നാട്ടിലാകെ കൊല കലയാകുന്നത്!
One Response
Good analysis.