ലൈംഗിക സുഖവും റോബോട്ടുകളും

പി.രാജന്‍

മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോര; ആ വാര്‍ത്തകളുടെ   ഭവിഷ്യത്തിനെക്കുറിച്ചുള്ള   വ്യാഖ്യാനവും    കൂടി വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലവണം നിര്‍മ്മിതിയുടെ ബുദ്ധിയുടെ ഉപയോഗം ജനജീവിതത്തിൽ
ഉളവാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നത്.
ഈയിടെ ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനുള്ള പെണ്‍കുട്ടികള്‍ക്ക് സമാനമായി പങ്കാളികള്‍ക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ അവിടെ  നിര്‍മ്മിക്കപ്പെടുന്നുവെന്നായിരുന്നു ആ വാര്‍ത്ത.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ലൈംഗികാസക്തി തടയുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍  ജഡ്ജിമാരുടെ ജോലി പ്രസംഗമല്ലന്ന് സുപ്രീം കോടതി കൽക്കട്ട  ഹൈക്കോടതി ജഡ്ജിമാർക്ക്   താക്കീത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ആ ദാരുണ മരണത്തിനുത്തരവാദികള്‍ അദ്ധ്യാപകനോടൊപ്പം കറങ്ങി നടക്കാന്‍ പെണ്‍കുട്ടിയെ അനുവദിച്ച അവളുടെ മാതാപിതാക്കളും കൂടിയാണെന്ന് ജസ്റ്റീസ് വടക്കേല്‍ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം  ഞാന്‍ ‘ഗൃഹലക്ഷ്മി’യിലെ “വാമപക്ഷം” എന്ന പംക്തിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാനാ ലേഖനം എഴുതിയത്. ഒരു വശത്ത് മാംസനിബദ്ധമല്ലാത്ത പ്രണയത്തെ ആദര്‍ശവല്‍ക്കരിക്കുകയും മറുവശത്ത് ലൈംഗികതയെ അപലപിക്കുകയും ചെയ്യുന്ന ഇന്‍ഡ്യക്കാരുടെ സ്വഭാവത്തെ ഞാനതില്‍ പരിഹസിച്ചിരുന്നു.

അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. തങ്ങളുടെ അണ്ഡോല്‍പ്പാദനകാലം നിര്‍ണ്ണയിക്കുന്നതിനും ആ ദിവസങ്ങളില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു ലഘു ഉപകരണം വികസിപ്പിക്കുന്നതിനായി ചില ഗവേഷണ പരീക്ഷണങ്ങള്‍ മുമ്പ്  ‘കെല്‍ട്രോണ്‍’  നടത്തിയിരുന്നു. അതിനെക്കുറിച്ച് ഒരു ഞാനൊരു ഫീച്ചറും തയ്യാറാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ഗവേഷണം വിജയം കണ്ടില്ല.

—————————————————————————————————————————————————————–

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക