വക്കം മൗലവിയെ ഓർക്കുമ്പോൾ

പി.രാജൻ

ലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി.

ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ  രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ.

The Swadeshabhimani weekly newspaper (left); Vakkom Moulavi (right)

രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ മുതലാളിയായ വക്കം മൗലവിയെക്കാണുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച ഏത് നാടകത്തേയും വെല്ലുന്ന നാടകീയത മുറ്റി നിൽക്കു ന്നതാണ്. സ്വയം ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഈ പത്രമുടമസ്ഥനും പത്രാധിപരും തമ്മിലുണ്ടായിരുന്ന ബന്ധം ലോകത്തിൽ സമാനതകളില്ലാത്തതാണ്.

പരസ്പര ബഹുമാനത്തിന്റേയും വിശ്വാസത്തിന്റേയും മഹത്തായ മാതൃകയാണ് അത്. എന്നാൽ ഈ ബ ന്ധം രാമകൃഷ്ണ പിള്ള നേടിയെടുത്തത് നേരായ മാർഗ്ഗത്തിലൂടെയല്ലെന്ന് മലയാള മനോരമയുടെ വർഗ്ഗീസ് മാപ്പിള കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ കുറ്റാരോപണത്തെ എതിർത്തു കൊണ്ടും നിഷേധിച്ചു കൊണ്ടും മലയാള മാദ്ധ്യമ രംഗത്തെ തന്നെ കുലപതികളിൽ ഒരാൾ ആയ കേസരി ബാലകൃഷ്ണപ്പിള്ള എഴുതിയിട്ടുണ്ട്.

വക്കം മൗലവിയെക്കുറിച്ച് മകൻ അബ്ദുൾ ഖാദർ എഴുതിയ പുസ്തകത്തിൽ ബാലകൃഷ്ണപിള്ള ഗ്രന്ഥകാരന് അയച്ച കത്ത് എടുത്തു ചേർത്തിരിക്കുന്നു… കാലത്തിനു മുൻപേ സഞ്ചരിച്ച, വിചാരവിപ്ലവത്തിന്റെ വഴികാട്ടിയായ രാമകൃഷ്ണപിള്ളക്കെതിരായ ദുരാരോപണങ്ങൾ തൽപ്പരകക്ഷികൾ ഇന്നും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത് നിർഭാഗ്യകരമാണ്.

ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ രംഗത്ത് നിന്ന് പിന്തള്ളപ്പെട്ട ജനവിഭാഗങ്ങൾക്കു പ്രത്യേക പരിഗണന നൽകി വേണം ജനാധിപത്യപരമായ തുല്യത കൈവരിക്കാൻ എന്നു വാദിച്ച സ്വദേശാഭിമാനി ലോകത്തിലാദ്യമായി affirmative action ( സംവരണ സിദ്ധാന്തം) അവതരിപ്പിച്ച സാമൂഹ്യ പരിഷ്ക്കർത്താവാണ്. അത് വക്കം മൗലവിക്ക് അറിയാത്തതല്ല.

—————————————————————————

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക