പി.രാജന്‍
“വര്‍ത്തമാനപത്രം” എന്ന വാക്ക് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ആദ്യമായി എഴുതിച്ചേര്‍ത്തത് മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനത സര്‍ക്കാരായിരുന്നുവെന്ന് അടിയന്തിരാവസ്ഥയുടെ 49-ാമത് വാര്‍ഷിക വേളയില്‍ ഞാനോര്‍ക്കുന്നു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കുറിച്ചും സാങ്കല്‍പ്പിക സെന്‍സര്‍ഷിപ്പിനെക്കുറിച്ചും പ്രചരണം നടത്തുന്ന പാര്‍ലമെന്‍റിലെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും കൂടി ഇക്കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്.
ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നില്ല. അത് കാരണം നിയമസഭ സാമാജികരുടെ പ്രസംഗങ്ങളില്‍ അടങ്ങിയിട്ടുള്ള ആക്ഷേപകരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ജനപ്രതിനിധികള്‍ സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ ഫിറോസ് ഗാന്ധി 1956-ല്‍ ഒരു സ്വകാര്യബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ഈ ബില്‍ പിന്നീട് ഫിറോസ് ഗാന്ധി ആക്ട് എന്നറിയപ്പെടുന്ന 1956-ലെ പാര്‍ലമെന്‍ററി പ്രൊസീഡിംഗ്സ് (പ്രൊട്ടക്ഷണ്‍ ഓഫ് പബ്ലിക്കേഷന്‍) എന്ന നിയമമായി മാറി.
പക്ഷേ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ആ നിയമം റദ്ദാക്കി. അടിയന്തിരാവസ്ഥക്ക് ശേഷം 1977-ല്‍ അധികാരത്തിലേറിയ ജനത സര്‍ക്കാര്‍ ഭരണഘടന ഭേദഗതിയിലൂടെ ഈ മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയായിരുന്നു.
ഫിറോസ് ഗാന്ധി കൊണ്ടുവന്ന നിയമത്തെ കൊലചെയ്തത് ഇന്ദിരാഗാന്ധിയാണെന്ന വസ്തുത ചരിത്രത്തില്‍ അവശേഷിക്കുന്നു.