തിരുവനന്തപുരം:വൈദ്യുതിനിരക്ക് വര്‍ധന അടുത്തമാസം പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 20 പൈസ മുതലാകും വര്‍ധന. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന് അടുത്ത ആഴ്ച തീരുമാനം എടുക്കും.
നേരത്തെ, നിരക്ക് വര്‍ധനയ്ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞിരുന്നു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെതിരേ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹര്‍ജിയില്‍ കഴിഞ്ഞദിവസമാണ് വിധിയുണ്ടായത്. വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശിച്ചത്.
അതിനാല്‍ കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി ഉണ്ടാകില്ല. റവന്യു കമ്മി മുഴുവന്‍ ഈടാക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന് അനുവദിക്കില്ല.
എന്നാല്‍ 20 പൈസയ്ക്ക് മുകളിലുള്ള വര്‍ധനയുണ്ടാകും. അടുത്ത നാല് വര്‍ഷവും നിരക്ക് വര്‍ധന നടപ്പാക്കി 1,900 കോടിയുടെ ബാധ്യത തീര്‍ക്കാനാകും കെഎസ്ഇബിയുടെ നീക്കം.
അതിനിടെ, വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബര്‍ മുതല്‍ അടുത്ത മേയ് വരെയാണ് വൈദ്യുതി വാങ്ങുക.
ഹ്രസ്വകാല, സ്വാപ്പ് ടെന്‍ഡറുകള്‍ പ്രകാരം കെഎസ്ഇബി വൈദ്യുതി വാങ്ങും. ഓരോ മാസവും 200 മെഗാവാട്ടോളം വൈദ്യുതി വാങ്ങാനാണ് നീക്കം.