വൈദ്യുതി കാറുകൾ തലവേദനയാവുന്നു ?

മുംബൈ: വൈദ്യുതി വാഹനങ്ങളോടുള്ള പ്രിയം കുറയുന്നു. വൈദ്യുതി വാഹന ഉപഭോക്താക്കളില്‍ വലിയ പങ്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് സർവേയിൽ കണ്ടെത്തി.

ഉപഭോക്തൃ വിശ്വാസം ഇല്ലായ്മ, ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവ്, ബാറ്ററിയുടെ കുറഞ്ഞ ലൈഫ്, രണ്ടാമത് വില്ക്കുമ്ബോഴുള്ള വിലയിടിവ് എന്നിവയാണ് കാരണങ്ങൾ.വാഹന കണ്‍സള്‍ട്ടൻസിയായ പാർക്ക്+ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.

ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ വിപണികളിലാണ് സർവേ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച്‌ 91,000 വൈദ്യുത വാഹനങ്ങളാണ് കമ്ബനികള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്.

ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനവും ഹ്രസ്വദൂര യാത്രകള്‍ക്കാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. എന്തെങ്കിലും സാങ്കേതിക തകരാർ വന്നാല്‍ പ്രാദേശിക മെക്കാനിക്കുകള്‍ക്ക് ഇവ പരിഹരിക്കാൻ പറ്റുന്നില്ല. അറ്റകുറ്റപണികള്‍ക്കായി ഉയർന്ന പണം മുടക്കേണ്ടിവരുന്നുമുണ്ട്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ എത്രകാലം കഴിഞ്ഞാലും വാങ്ങാൻ ഉപഭോക്താക്കള്‍ രംഗത്തുണ്ട്. എന്നാല്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ആവശ്യക്കാർ തീരെ കൂറവ്. വലിയ മോഡലുകള്‍ക്ക് പോലും ആവശ്യക്കാരില്ല.