ഇലക്ടറൽ ബോണ്ടും ഉരുളക്കിഴങ്ങ് ബോണ്ടയും

ക്ഷത്രിയൻ
സ്തുക്കൾ രണ്ടാണെങ്കിലും ബോണ്ടും ബോണ്ടയും തമ്മിൽ ഉച്ചാരണത്തിൽ നല്ല സാദൃശ്യമാണ്. വിവാദമായി മാറിയ ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ ഉച്ചാരണത്തിലെ ഈ സാദൃശ്യമാണ് ചിലർക്ക് വിനയും മറ്റു ചിലർക്ക് തുണയും ആയതെന്ന് പറയാം. 
ബോണ്ട് എന്ന് കേട്ടപ്പോൾ ബോണ്ടയെന്ന് തെറ്റിദ്ധരിച്ചതാകാം ബിജെപി ബോണ്ടുകൾ വാങ്ങിക്കൂട്ടാൻ കാരണം. ബോണ്ട ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള പലഹാരമാണ്. ഉരുളക്കിഴങ്ങാണെങ്കിൽ ഉത്തരേന്ത്യൻ ഭക്ഷണ മേശയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത സാധനവും.
ഉത്തരേന്ത്യക്കാരുടെ മനമിളക്കുന്ന എന്തും വാങ്ങിക്കൂട്ടുകയും വാരിക്കൂട്ടുകയും ചെയ്യുക എന്നത് പ്രഖ്യാപിത ലക്ഷ്യമായുള്ള പാർട്ടിയാണ് ബിജെപി. അയോധ്യയും പശുവുമൊക്കെ ബിജെപി പട്ടികയിൽ സ്ഥാനം പിടിച്ചത് അങ്ങനെയാണ്. ബോണ്ടയുടെ കാര്യത്തിലും ഉണർന്ന് പ്രവർത്തിക്കേണ്ടവർ അവർ തന്നെയാണ്.
അതിനാലാണ് ഇലക്ടറൽ ബോണ്ട് ബിജെപി യഥേഷ്ടം വാങ്ങിക്കൂട്ടിയതെന്ന് കണ്ടെത്താനാകും. ബോണ്ടായാലെന്ത്, ബോണ്ടയാലെന്ത് നാല് കാശുണ്ടാക്കാനുള്ള ഏത് വഴിയും ഉപയോഗിക്കാൻ കെൽപുള്ളവർ ബിജെപി തന്നെ. ബോണ്ട് നൽകാൻ കുത്തകകൾ വരിവരിയായി നിൽക്കുമ്പോൾ ബിജെപി എന്തിന് വേണ്ടെന്ന് പറയണം. 
ബംഗാളികൾക്ക് ബോണ്ടയോടുള്ള പ്രിയമാണ് മമതയെയും ബോണ്ടിന് അടിമയാക്കിയത്. കോൺഗ്രസുകാരെ സംബന്ധിച്ച് ബോണ്ടിനും ബോണ്ടയ്ക്കും ഇടയിലാണ് സ്ഥാനമെന്ന് പറയാം. ബോണ്ട് വഴിയായാലും ബോണ്ട വഴിയായാലും ബാങ്കിലിട്ടതൊക്കെ മരവിച്ച് കിടക്കുന്ന സാഹചര്യമായതിനാൽ നഷ്ടക്കച്ചവടത്തിൻറെ  കണക്കാണ് അവരുടേത്. 
ഇലക്ടറൽ ബോണ്ട് വാങ്ങാത്തവരായി സിപിഐയും സിപിഎമ്മും  മുസ്ലിം ലീഗും ഉണ്ടെന്നാണ് വിവരം. ബോണ്ടയുടെ പരിപ്രേക്ഷ്യത്തിൽ വിശകലനം നടത്തിയാൽ അതിലൊട്ടും അത്ഭുതമേയില്ല.
തട്ടുകടയിൽ ചെന്നാൽ പരിപ്പുവടയ്ക്കൊപ്പമാണ് ബോണ്ടയുടെ സ്ഥാനം. കട്ടൻ ചായയും പരിപ്പുവടയുമായി കാലാകാലം പാർട്ടി പ്രവർത്തനം സാധ്യമല്ലെന്ന് ഇ.പി സഖാവ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോണ്ടയെന്ന് തോന്നിക്കുന്ന ബോണ്ടിൻറെ കാര്യത്തിൽ സി.പി.എം താത്പര്യം കാണിച്ചിട്ടില്ലെന്ന് വിശ്വസിക്കാം.
വിചാരിച്ചാൽ കുറച്ച് ബോണ്ട് സിപിഎമ്മിന് നൽകാൻ മടിക്കാത്തവർ പോലും ഇതിനകം പുറത്തുവന്ന ബോണ്ട് പട്ടികയിലുണ്ട്. എന്നിട്ടും ലിസ്റ്റിൽ സിപിഎം ഇല്ലാത്തത്  ബോണ്ടയാണെന്ന് കരുതി ബോണ്ട് വാങ്ങാത്തത്  കൊണ്ടുമാത്രമാണ്.
=============================================================================
പണ്ട് പാർട്ടി പത്രത്തിന് രണ്ട് കോടി നൽകിയ സാൻറിയാ മാർട്ടിനും ബോണ്ട് പട്ടികയിൽ തരക്കേടില്ലാത്ത സ്ഥാനത്തുണ്ട്. വാരിക്കോരി ബോണ്ട് നൽകിയ മാർട്ടിൻ മാർക്സിസ്റ്റ് പാർട്ടിയെ മാറ്റി നിർത്തി എന്നതിൽ തന്നെയുണ്ട് ബോണ്ടിനോടും ബോണ്ടയോടും സിപിഎമ്മിനുള്ള അലർജി.
===============================================================
ബോണ്ട് പട്ടികയിൽ സിപിഐ ഇല്ലാത്തതും വലിയ അതിശയമായി  കാണേണ്ടതില്ല. വല്യേട്ടൻ വാങ്ങാത്തതൊന്നും വാങ്ങുന്ന പാരമ്പര്യവും രീതിയും പാർട്ടിക്ക് ഇല്ലതന്നെ.
മുസ്ലിം ലീഗിൻറെ കാര്യത്തിൽ പണ്ടേക്കും പണ്ടേ ബോണ്ടിന് ഒരു സ്ഥാനവുമില്ല.
ബോണ്ടയും അതുണ്ടാക്കുന്ന ‘ഗുലുമാലും’ ലീഗിന് അസ്സലായി അറിയാം. അല്ലെങ്കിലും ബിരിയാണിയോളം വരില്ലല്ലോ ഉരുളക്കിഴങ്ങ് ബോണ്ട. ലീഗിൻറെ ബിരിയാണിക്ക് കേരള രാഷ്ട്രീയത്തിൽ തന്നെയുള്ള സ്ഥാനം സുവിദിതമാണ്. 1967ൽ സി.പി.എമ്മും മുസ്ലിം ലീഗ് സഖ്യത്തിലായതിന് പിന്നിൽ വരെ ബിരിയാണിക്കഥയുണ്ട്. അതും ഒന്നാന്തരം മീൻ ബിരിയാണി.
മുസ്ലിം ലീഗ് നേതാവായിരുന്ന ബി.വി.അബ്ദുല്ലക്കോയയുടെ കോഴിക്കോട്ടെ വസതിയിൽ സഖ്യ ചർച്ചക്കെത്തിയ ഇ.എം.എസിനും കൂട്ടർക്കും വിളമ്പിയ മീൻ ബിരിയാണിയാണ് കഥാപാത്രം. ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കേ തൊട്ടടുത്ത മുറിയിലെ തീന്മേശയിൽ നിരത്തിയ ബിരിയാണിയുടെ മണം ചർച്ചക്ക് വേഗതകൂട്ടിയെന്നാണ് കഥ.
രണ്ടാമതൊരിക്കൽ അർധരാത്രിയോടെ മുന്നറിയിപ്പില്ലാതെ എത്തിയ നമ്പൂതിരിപ്പാട് മീൻ ബിരിയാണി കൊതിച്ചെങ്കിലും മുന്നൊരുക്കമില്ലാതെ ഉണ്ടാക്കാനാകുന്നതല്ല മീൻ ബിരിയാണി എന്ന തിരിച്ചറിവിൽ ഉള്ളത് കഴിച്ച് തിരിച്ചുപോകേണ്ടി വന്നുവെന്ന ഉപകഥയുമുണ്ട്.
മുന്നണി തകർന്നത് അതുകൊണ്ടാണെന്ന് ആരും എഴുതിവച്ചിട്ടില്ലെന്ന് മാത്രം. ഏതായാലും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് ഇലക്ടറൽ ബോണ്ട് നിറഞ്ഞുനിൽക്കുമെന്നാണ് നിഗമനം. ബോണ്ട് അധികമായാൽ വയറിനകത്തൊരു ‘ഗുളുഗുളു’ സ്വാഭാവികമാണല്ലോ.