രഹസ്യ ബോണ്ടുകള്‍ നമുക്ക് വേണ്ട

പി.രാജന്‍

2018-ല്‍ ബി.ജെ.പി.സര്‍ക്കാര്‍ ആവിഷ്ക്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഒരു വലിയ ചുവട് വയ്പാണ്. ഈ പദ്ധതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത സന്നദ്ധ സംഘടനകളും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

തെരഞ്ഞെടുപ്പിലെ ധനപരമായ ഇടപാടുകളില്‍ ചില വിദേശ രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നുവെന്ന് അടുത്ത് കാലത്തായി ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കേസ് അന്താരാഷ്ട്ര മാനങ്ങളും കൈവരിച്ചിരിക്കുന്നു. ചൈനക്കെതിരായ ആരോപണങ്ങള്‍ അതിനൊരു ഉദാഹരണമാണ്.

സ്വതന്ത്രവും നീതിയുക്തവും സംശുദ്ധവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന സംഭാവനകളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നത് അവര്‍ക്കെതിരേ രാഷ്ട്രീയ കക്ഷികളുടെ പ്രതികാരനടപടികള്‍ തടയാന്‍ സഹായകമാകും എന്ന വാദത്തില്‍ യുക്തിയുണ്ട്.

ഒരു തരത്തില്‍ ഈ രഹസ്യ സംവിധാനം ‘രഹസ്യ ബാലറ്റ്’ സമ്പ്രദായത്തിന്‍റെ മാതൃകയാണെന്ന് വാദിക്കാം. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വോട്ടവകാശമില്ല എന്നതിനാല്‍ വ്യക്തികളുടെ സംഭാവനയും കോര്‍പ്പറേറ്റുകളുടെ സംഭാവനയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതും പ്രസക്തമാണ്.

തെരഞ്ഞെടുപ്പില്‍ പണത്തിന്‍റെ സ്വാധീനം കുറക്കാനും അഴിമതി തടയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് രൂപീകരിക്കാന്‍ ഉചിതമായ ഒരു പദ്ധതി ആവശ്യമാണെന്ന നിര്‍ദ്ദേശം അടിയന്തിരാവസ്ഥക്ക് മുമ്പ് ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന ബീഹാര്‍ സമര കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ അത് താര്‍കുണ്ഡേ കമ്മിറ്റി തള്ളിക്കളയുകയാണുണ്ടായത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയം നടത്തണമെന്ന് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായേക്കാം.

തെരഞ്ഞെടുപ്പില്‍ അഴിമതിയും ധനസ്വാധീനവും ചെലുത്തുന്ന വില്ലന്മാർ   കോര്‍പ്പറേറ്റുകള്‍ മാത്രമാണെന്ന ധാരണ തെറ്റാണ്. ആം ആദ്മി പാര്‍ട്ടിക്കെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പാര്‍ട്ടികളുടെ നയ രൂപീകരണത്തില്‍ മദ്യ രാജാക്കന്മാരുടെ പങ്ക് വ്യക്തമായി വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട്. തങ്ങള്‍ക്കനുകൂലമായ നയങ്ങള്‍ രൂപീകരിക്കാനും ‘കിസ്തി’ല്‍ ഇളവുകള്‍ നേടാനും അവിഹിത സ്വാധീനം ചെലുത്തുന്നവരാണ് അബ്കാരി ലോബിയെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം പരിചയമുള്ള ആര്‍ക്കും അറിയാവുന്ന വസ്തുതയാണ്. സംസ്ഥാനത്തിന്‍റെ വരുമാനം മദ്യക്കച്ചവടത്തെ അമിതമായി ആശ്രയിക്കുന്നതിനാല്‍ അബ്കാരി ലോബിയുടെ സ്വാധീനം അപകടകരമാം വിധം വളര്‍ന്നിട്ടുമുണ്ട്.

കേരളത്തിലെ സംഘടിത സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖാ സ്ഥാപനങ്ങളിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗവും സര്‍ക്കാരിന് മേല്‍ ചെലുത്തുന്ന അനഭിലഷണീയ സ്വാധീനം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് പോലും ഭീഷണിയുയര്‍ത്തുന്നുണ്ട്. ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ശമ്പളപരിഷക്കരണം എന്ന കീഴ്വഴക്കം കേരളം പിന്തുടരുന്നു. ശമ്പളം വര്‍ദ്ധിപ്പിച്ച് കിട്ടിയതിനുള്ള പ്രത്യുപകാരമെന്ന നിലക്ക് ഓരോ ജീവനക്കാരില്‍ നിന്നും നിശ്ചിത തുക സംഘടനകള്‍ പിരിച്ചെടുക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ആദായ നികുതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് കോപ്പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് ബോണ്ട് കേസിലെ വിധി എന്നെ ഓര്‍മ്മിപ്പിക്കുന്നു. മൂന്നാമതൊരു കക്ഷി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധിക നികുതി ചുമത്തപ്പെടുന്നവര്‍ക്കും കൂടി ഇപ്പോള്‍ ഈ ഇളവുകള്‍ ബാധകമാക്കി ഉത്തരവായിട്ടുണ്ട്. മൂന്നമതൊരാള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ചുമത്തപ്പെടുന്ന അധിക നികുതിയുടെ ഒരു നിശ്ചിത ശതമാനം വിവരദായകന് അര്‍ഹതപ്പെട്ടതാണെന്നിരിക്കേ ഈ രഹസ്യ സ്വഭാവത്തിന് എന്ത് ന്യായീകരണമാണുള്ളത്? ഈ രഹസ്യ സ്വഭാവത്തെക്കുറിച്ച് മുമ്പ് ഞാന്‍ ഉന്നയിച്ചപ്പോള്‍ ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചില്ല എന്നതും ഞാനോര്‍ക്കുന്നു.

സ്വീഡന്‍ പോലുള്ള ചില രാജ്യങ്ങളില്‍ ആദായനികുതി സംബന്ധിച്ച എല്ലാം പൊതുരേഖകളാണ്. രാമനോടൊപ്പം കാട്ടിലേക്ക് പോയ സീതയെപ്പോലെയാകണം ജനാധിപത്യത്തില്‍ സുതാര്യതയുടെ സ്ഥാനം.

—————————————————————–
 

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

————————————————

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News