ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു.
എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഇഡി ഫയല്‍ ചെയ്തത്. സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് കേസ്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരില്‍ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ചെന്നാണ് ആരോപണം.
എന്നാല്‍, തന്റെ ഭാര്യയുടെ പേരിലുള്ള മൈസൂരു ഭൂമി മൈസൂരു നഗര വികസന അതോറിറ്റി പൂർണ നടപടിക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വില്‍ക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളില്‍ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നുമാണ് സിദ്ധരാമയ്യയുടെ വാദം.
സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസില്‍ അന്വേഷണത്തിനായി ലോകായുക്ത പൊലീസ് നാലു സ്പെഷല്‍ ടീം രൂപവത്കരിച്ചിരുന്നു. ലോകായുക്ത പൊലീസ് വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസില്‍ സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ പ്രതികളാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്‌ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതോടെയാണ് വിവാദം ആളിക്കത്തിയത്. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി സിംഗിള്‍ ബെഞ്ച് തള്ളി.
ഇതോടെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി ഡിസംബർ 24നകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെ, പരാതിക്കാരായ ബംഗളൂരു സ്വദേശി എസ്.പി. പ്രദീപ് കുമാർ, മൈസൂരു സ്വദേശി സ്നേഹമയി കൃഷ്ണ എന്നിവർ മൈസൂരു ഡിവിഷൻ ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിന് പരാതി നല്‍കി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.