പരിസ്ഥിതിലോല പ്രദേശം: 131 വില്ലേജുകൾ പരിഗണനയിൽ

ന്യൂഡൽഹി: കേരളത്തിലെ 131 വില്ലേജുകൾ അടക്കം പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.

വയനാട്ടിലെ 13 വില്ലേജുകളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നു.കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമാകും.

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലായിട്ടാണു പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുക. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് ഈ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം. 2013ലാണ് ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചത്.ജൂലൈ 31നാണ് വിജ്ഞാപനം പുറത്തിറക്കിയത്.

ഈ പ്രദേശങ്ങളിൽ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിജ്ഞാപനം അന്തിമമാക്കണോയെന്നു തീരുമാനിക്കുക. അഭിപ്രായം അറിയിക്കാൻ പൗരന്മാർക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനത്തെ സംബന്ധിച്ച് തീരുമാനം എടുക്കുക.