ജയരാജൻ ‘ബോംബ്’ പൊട്ടി; സി പി എം നാണംകെട്ടു…

കൊച്ചി: താൻ ആത്മകഥ എഴുതി തീർന്നിട്ടില്ലെന്ന് ആണയിടുന്ന സി പി എം കേന്ദ സമിതി അംഗം ഇ .പി ജയരാജൻ, പ്രസാധകരായ ഡി. സി ബുക്സിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വ്യാജരേഖ ചമച്ച് കള്ളപ്രചരണം നടത്തി എന്നാണ് ആരോപണം.

അതേസമയം, ജയരാജനെ വിശ്വസിക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നിലപാട്. ഡി സി ബുക്സ് പോലുള്ള സ്ഥാപനം, ജയരാജൻ്റെ ആത്മകഥ ആകാശത്ത് നിന്ന് എഴുതിയുണ്ടാക്കുമോ എന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ്റെ ചോദ്യം.

ഇതിനിടെ, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. സരിൻ്റെ പ്രചരണ യോഗത്തിൽ പ്രസംഗിക്കാൻ ജയരാജനോട് പാർടി ആവശ്യപ്പെട്ടിട്ടുണ്ട്. സരിനെ ‘അവസരവാദി’ എന്നാണ് ആത്മകഥയിൽ ജയരാജൻ വിശേഷിപ്പിക്കുന്നത്.

പതിവുപോലെ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇ പി ജയരാജൻ ‘ബോംബ്’ പൊട്ടിയത് സി പി എമ്മിനെ വല്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ജയരാജൻ്റെ തള്ളാനും കൊള്ളാനും വയ്യ എന്ന ധർമസങ്കടത്തിലാണ് പാർടി നേതൃത്വം.

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ ജയരാജന്റെ ആത്മകഥയുടെ കവറും പ്രധാന ഭാഗങ്ങളും പുറത്ത് വിട്ട ഡി.സി ബുക്സ്, പുസ്തക പ്രസിദ്ധീകരണം നീട്ടിയെന്നും അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയിലെ ഭാഗങ്ങള്‍ ആണ് പുറത്ത് വന്നത്.

ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമർശനമുണ്ട്. സ്വതന്ത്രർ വയ്യാവേലിയാകുന്നത് ”ഓർക്കണം. ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പി.വി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയില്‍ തൻ്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അതു വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു. പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.

ദേശാഭിമാനി ബോണ്ട് വിവാദവും പുസ്തകത്തില്‍ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി രണ്ടുകോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളില്‍ നിലനിന്ന വിഭാഗീയതയാണ്.വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.

താൻ മരിക്കും വരെ സിപിഎമ്മായിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാൻ മരിച്ചുവെന്നർത്ഥമെന്നും ഇപി പുസ്തകത്തില്‍ പരാമർശിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം താൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി മകൻ്റെ ആക്കുളത്തെ ഫ്ളാറ്റില്‍ നിന്നും കണ്ടിരുന്നുവെന്ന് ഇപി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്നു ജയരാജൻ.

സിപിഎമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത് എന്നതിൻ്റെ തെളിവാണ് ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കണ്ടതാണ്.

ബിജെപിയില്‍ സ്ഥാനാർഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാർഥിയാക്കിയതിനെ തുടർന്ന് സിപിഎമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ജയരാജന്‍ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുകയാണ്.

ജയരാജനും സിപിഎമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. ജയരാജന്‍ നേരത്തെയും ഇങ്ങനെയൊക്കെ പറയുന്ന ആളാണ്. ജാവഡേക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ജയരാജനു ബിസിനസ് ബന്ധമുണ്ടെന്ന് ഞാന്‍ ആരോപിച്ചപ്പോഴും രണ്ടു പേരും നിഷേധിച്ചു.അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഓഹരി ഉണ്ടെന്ന് സമ്മതിച്ചു.

ഡി.സി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാന്‍ സാധിക്കുമോ? ജയരാജന്റെ അനുമതി ഇല്ലാതെ കവര്‍ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നല്‍കാന്‍ ഡി.സി ബുക്‌സിന് സാധിക്കുമോ?

ആത്മകഥ പുറത്തുപോയത് എങ്ങനെയാണെന്ന് ജയരാജനാണ് അന്വേഷിക്കേണ്ടത്.പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം അന്വേഷിച്ചാല്‍ മതി. പുസ്തകത്തിൽ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാർഥി നിര്‍ണയത്തെ കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്.

‘‘പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നു.ജയരാജനും സിപിഎമ്മിനും ഇരുപതാം തീയതി വരെ കള്ളം പറഞ്ഞേ പറ്റൂ. പണ്ട് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ്. അച്യുതാനന്ദന്‍ പോയത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അന്നാണ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്നാണ് ഇ.പി പറയുന്നത്.

ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി, പക്ഷെ ജാവഡേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ പിണറായി വിജയനും ജയരാജനും അഞ്ചാറ് തവണ കണ്ടത് എന്തിനു വേണ്ടിയായിരുന്നു? സതീശൻ ചോദിച്ചു.