ആർ. ഗോപാലകൃഷ്ണൻ
ചരിത്ര പുരുഷനായ തലക്കൽ ചന്തു എന്ന വീരനായകനെ തൂക്കിലേറ്റിയിട്ട് 219 വർഷങ്ങൾ.
‘പഴശ്ശിരാജ’ സിനിമ വന്നതിനു ശേഷമാണ് ചരിത്ര പാണ്ഡിത്യമില്ലാത്ത സാധാരണക്കാർ ഒരു ‘ചതിക്കാത്ത ചന്തു’വിനെക്കുറിച്ചുള്ള ഈ വടക്കൻ ‘ചരിത്രഗാഥാ’ കേട്ട് തുടങ്ങിയത്… വടക്കൻ പട്ടിലെ ചന്തുവല്ല ഇദ്ദേഹം: ചരിത്ര പുരുഷൻ തന്നെ! പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന ‘തലക്കൽ ചന്തു’.
വയനാടൻ കാടുകളിൽ ബ്രിട്ടിഷ് പട്ടാളവുമായി നടന്നിട്ടുള്ള ഒളിപ്പോരുകളുടെ വീരനായകനായിരുന്നു ഈ ചന്തു. അദ്ദേഹം പങ്കെടുത്ത ഏറ്റവും അറിയപ്പെടുന്ന പോരാട്ടം ‘പനമരം യുദ്ധ’മാണ്. ബ്രിട്ടിഷ് സൈന്യം അദ്ദേഹത്തെ തൂക്കിലേറ്റിയിട്ട് 219 വർഷങ്ങൾ ആകുന്നു.
കേരളവർമ്മ പഴശ്ശിരാജാവിന്റെ സൈന്യത്തലവന്മാരിൽ ഒരാളായിരുന്നു എടച്ചേന കുങ്കൻ നായർ. ഈസ്റ്റിന്ത്യാ കമ്പനി രേഖകളിൽ കുങ്കനെ പരാമർശിച്ചിരുന്നത്, “ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ” എന്നാണ്! പഴശ്ശി രാജയ്ക്കു വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന എടച്ചേന കുങ്കൻ വയനാട്ടിലെ പ്രബല ഗോത്രവർഗ്ഗക്കാരായ കുറിച്യരുമായി അടുപ്പമുണ്ടാക്കി. ബ്രിട്ടീഷ് കമ്പനിയുടെ ഒരു ശിപായി ഒരു കുറിച്യനിൽ നിന്ന് ഭീഷണിപ്പെടുത്തി നെല്ലു ആവശ്യപ്പെട്ടപ്പോൾ, എടച്ചേന കുങ്കൻ ആ ശിപായിയെ കൊല്ലുകയും കുറിച്യരുടെ അവകാശ രക്ഷകനായിത്തീരുകയും ചെയ്തു.
തലക്കൽ ചന്തു, എടച്ചേന കുങ്കൻന്റെ കീഴിലാണ് യുദ്ധരംഗത്തു തുടങ്ങിയത്; പടവെട്ടലിൽ അതി നിപുണനായതിനാൽ ചന്തു വളരെ വേഗം തന്നെ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായി ഉയർന്നു. പഴശ്ശിരാജയും അദ്ദഹത്തിന്റെ മറ്റു പടനായകന്മാരും ചന്തുവിനെ ഏറ്റവും കഴിവുള്ള പടത്തലവനായാണ് കണ്ടിരുന്നത്.
പഴശ്ശിരാജ അദ്ദേഹത്തിന്റെ അനുചരരോട് പറയുമായിരുന്നത്രെ “എല്ലാ പടനായന്മാരും എന്നെ വിട്ടു പോയാലും ചന്തുവും കുറിച്യരുണ്ടെങ്കിൽ ഞാൻ പിന്നേയും ബ്രിട്ടീഷുകാരോട് പൊരുതും!”
തലക്കൽ ചന്തുവും എടച്ചേന കുങ്കനും 175 കുറിച്യ വില്ലാളികളടക്കമുള്ള ഗോത്ര സേന, 1802 ഒക്ടോബർ 11-ന്, ബ്രിട്ടിഷുകാരുടെ പനമരം കോട്ട വളഞ്ഞു. ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ് നേതാവിന്റെ സൈന്യത്തെ കുറിച്ച്യപ്പട കീഴടക്കി. പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെട്ടു. (കോട്ടയിലുണ്ടായിരുന്നത് 70 ബ്രിട്ടിഷ് പട്ടാളക്കാർ എന്ന് പറയപ്പെടുന്നു) ഇതാണ് ‘പനമരം യുദ്ധ’മെന്നു ചരിത്ര പ്രസിദ്ധമായ പോരാട്ടം.
ഈ പോരാട്ടത്തിന് ശേഷം മൂന്ന് വർഷത്തിനു ശേഷം 1805 നവംബർ 15-ന് ചന്തു ബ്രിട്ടിഷ് സൈന്യത്തിന്റെ പിടിയിൽപ്പെട്ടു! അവർ വയനാട്ടിലെ പനമരം കോട്ടയിലെ § കോളി മരത്തിനു സമീപം വെച്ച് അദ്ദേഹത്തെ തൂക്കിലേറ്റി…
കഴുത്തറത്തു കൊന്നവെന്നും പാഠഭേദമുണ്ട്. (§ കോളി മരം: കാടുകളിലും മറ്റും ആല് വര്ഗ്ഗത്തില്പ്പെട്ട സസ്യങ്ങള്, മറ്റേതെങ്കിലും വന് മരങ്ങള്ക്കു മേല് വിത്തുകൾ ഇട്ട് അവ ക്രമേണ കാട്ടുമരത്തിന്മേലും ചുറ്റിലുമായി മുളച്ചു പൊങ്ങുകയും വളര്ന്ന് വലുതകയും ചെയ്യും; താന് ആശ്രയിച്ചിരുന്ന വൃക്ഷത്തെ പൊതിഞ്ഞ് ഞെരുക്കി ഉള്ളിലാക്ക് മറക്കുന്നു.)
ചന്തു പിടിക്കപ്പെട്ട് തൂക്കിലേറ്റിയപ്പോൾ “എന്റെ വലതു കൈ നഷ്ടപ്പെട്ടു”വെന്ന് എടച്ചേന കുങ്കൻ എന്ന ആ ‘ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ’ പറഞ്ഞുവത്രെ!
കബനി നദിക്കരയിൽ പനമരത്തിനടുത്ത് തല്യ്ക്കൽ ചന്തുവിനായി ഒരു സ്മാരകം 2012 സെപ്തംബർ 22-ന്, (ചന്തു കൊല്ലപ്പെട്ട് 207 വർഷങ്ങൾക്കു ശേഷം, കേരള സർക്കാർ ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 16 ലക്ഷം രൂപ മുതൽമുടക്കിയാണ് സ്മാരകം നിർമ്മിച്ചത്… ചന്തുവും ഗോത്രപ്പട്ടാളക്കാരും ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃകകളും കുറിച്യരും ഗോത്രക്കാരും ഉപയോഗിച്ചിരുന്ന പാരമ്പര്യ കാർഷികോപകരണങ്ങളും ഈ സ്മാരകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
2009-ൽ പുറത്തിറങ്ങിയ ‘പഴശ്ശിരാജ’ എന്ന സിനിമയിൽ മനോജ് കെ. ജയൻ, തലക്കൽ ചന്തുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വേഷത്തിലുള്ള മനോജിൻ്റെ ഒരു ചിത്രം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
============================== =======================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി