വിദ്വാൻ‍ കെ. പ്രകാശവും “വ്യാസ മഹാഭാരതവും……………

ആർ. ഗോപാലകൃഷ്ണൻ

🔸🔸

രു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതം  എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്ത്‌, ലോകത്തെ അത്ഭുതപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കഴിഞ്ഞാൽ പിന്നെ മറ്റൊരു ‘മഹാഭാരത അത്ഭുതം’ ചമച്ചതു വിദ്വാൻവിദ്വാൻ കെ. പ്രകാശം  കെ. പ്രകാശം ആയിരിക്കും.
വ്യാസവിരചിതമായ മഹാഭാരതം സാധാരണക്കാര്ക്കുകൂടി സുഗ്രാഹ്യമാകാന് ഉപകരിക്കുന്ന തരത്തില് വിദ്വാന് കെ. പ്രകാശം തയ്യാറാക്കിയ ‘വ്യാസമഹാഭാരതം – സമ്പൂര്ണ്ണഗദ്യവിവര്ത്തനം’ നാല്പത് വാല്യങ്ങളായി അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പ്രകാശപൂര്ണമായ ആ പരിശ്രമത്തിനു പിന്നിൽ അദ്ദേഹം കടന്നുപോയ ഇരുണ്ട അനുഭവങ്ങളും വേദനകളും സാഹസവും സമര്പ്പണവും നമ്മൾ അറിയേണ്ടതാണ്.

                                                             

കെ. പ്രകാശത്തിൻ്റെ 48-ാം ചരമവാർഷിക ദിനം, ഇന്ന്. സ്മരണാഞ്ജലികൾ! 🌹
🌍
1909 ജൂൺ 22-ന്‌ തൃശ്ശൂർ ജില്ലയിൽ കൂനത്ത്‌ പാലാഴിയിൽ ജനിച്ചു. അച്‌ഛൻ കുട്ടാപ്പു, അമ്മ കുഞ്ഞിപ്പാറുവമ്മ. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം . 1935-ൽ മദ്രാസ് സർവകലാശാലയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷ പാസ്സായി, സ്കൂള് അധ്യാപകനായി. ഭാര്യ ദേവകിയമ്മ.
പതിനൊന്നു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗ്രാമീണ കുസുമങ്ങൾ, പ്രേമാഞ്ഞ്‌ജലി, ബാഷ്‌പവർഷം, മിന്നൽപ്പിണരുകൾ, സ്‌മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങൾ പ്രണയപ്രകർഷം തുടങ്ങിയവയാണീ കാവ്യസമാഹാരങ്ങൾ. തുടർന്ന്‌ ലോകാവലോകം എന്ന കൃതിയും ജീൽവാൽജീൻ (പാവങ്ങളുടെ സംഗ്രഹം) റിപ്‌വാൻ വിങ്കിൾ, ഡേവിഡ്‌ കോർപ്പർഫീൽഡ്‌, ഷേയ്‌ക്‌സ്‌പിയർ കഥകൾ എന്നീ വിവർത്തന കൃതികളും പ്രസിദ്ധീകരിച്ചു.
എങ്കിലും ഏറെ യശസ്സാർജ്ജിച്ചത്‌ വ്യാസ മഹാഭാരതത്തിൻ്റെ ഗദ്യവിവർത്തകൻ (‘പരാവർത്തന-വിവർത്തകൻ’) എന്ന നിലയ്‌ക്കാണ്‌.

                                                             

മകൾ സത്യഭാമയുടെ അപകടമരണമേല്പിച്ച ദുഃഖത്തിൽ നിന്നുള്ള മുക്തിക്കായാണ് പ്രകാശം ഭാരതവിവർത്തനത്തിലേക്കു തിരിഞ്ഞത്. “എൻറെ കൃതിയായ ‘ഭാരത പര്യടനം’ തനിക്കു പ്രചോദനമായെന്നു പ്രകാശം സൂചിപ്പിക്കുന്നനിലക്ക്, ഈ കൃതി എൻറെ സ്വന്തം കൃതിയെന്ന നിലയിൽ എനിക്ക് അഭിമാനിച്ചു കൂടെ?” വെന്നുമാണ് കുട്ടികൃഷ്ണമാരാര് പറഞ്ഞത്. സംസ്‌കൃതത്തില് നാലുലക്ഷത്തോളം വരികളുണ്ട് മഹാഭാരതത്തിന്. കൃത്യമായിപ്പറഞ്ഞാല് 18 പര്വങ്ങളിലെ 1936 അധ്യായങ്ങളിലായി 96836 ശ്ലോകങ്ങള്, ആ നാലു ലക്ഷം വരികള് മലയാള ഗദ്യമാവുമ്പോള് വരുന്ന വലിപ്പം ഊഹിച്ചുകൊള്ളുക…
🌍
400 പേജുവീതമുള്ള നാല്‌പത്‌ വോള്യങ്ങളിൽ, മൊത്തം പതിനാറായിരം പുറങ്ങളിൽ ഒരു ബൃഹത്‌ഗ്രന്ഥം തയ്യാറാക്കാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. പരിഭാഷയ്ക്കു മൂന്നു വർഷവും പ്രസിദ്ധീകരണത്തിനു നാലുവർഷവുമെടുത്തു. 1965 ആരംഭിച്ച പരിഭാഷ, ദിവസേന പത്തുമണിക്കൂറോളം ചെലവിട്ടു മൂന്നുവർഷം കൊണ്ട് അതത്രയും പൂര്ത്തിയാക്കി, പ്രൂഫ് വായിച്ച് 400 പേജു വീതമുള്ള നാല്പതു വാല്യങ്ങളായി പിന്നെയും നാലു വര്ഷമെടുത്തു പ്രസിദ്ധീകരിച്ചത് ആ മനുഷ്യന് ഒറ്റയ്ക്കാണ്. 1965 ആരംഭിച്ച പരിഭാഷ 1968 ൽ പൂർത്തിയായി.
ഒന്നാം വാല്യം 1968 സപ്തംബർ 23 ന് കോഴിക്കോട്ടുവെച്ചും നാല്പതാം വാല്യം 1973 ഏപ്രിലിൽ ഡൽഹിയിൽ വെച്ചും പ്രകാശനം ചെയ്തു.

                                                           

ഏതാനും വർഷം മുമ്പ് അന്തരിച്ച ഗ്രീൻ ബുക്ക്സ്ൻ്റെ എം ഡിയായിരുന്ന കൃഷ്ണദാസിൻ്റെ അമ്മാവനായിരുന്നു ഇദ്ദേഹം. കൃഷ്ണദാസ് പറഞ്ഞിട്ടുണ്ട്: “അന്ന് അദ്ദേഹത്തെ സഹായിച്ചത് പനമ്പിളളി ഗോവിന്ദ മേനോൻ ആയിരുന്നു എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മാവൻ്റെ മരണസമയത്ത് ഞാൻ ഗൾഫ് ജീവിതത്തിന്റെ ആഴക്കടൽ നീന്തുകയയിരുന്നു.”
🔸
ഭാഷാന്തരണത്തിന്റെ കൈയെഴുത്തുപ്രതി തന്നെ ഇരുപതിനായിരം പേജുണ്ടായിരുന്നു. അത്രയും വലിപ്പുമുള്ള ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി സ്വന്തം കച്ചവടം മൊത്തത്തിൽ അവതാളത്തിലാക്കാന് അന്നത്തെ പ്രസാധകരാരും തയ്യാറായില്ല. എന്നാൽ, സ്വന്തം ചെലവില് പ്രസിദ്ധീകരിക്കാനുള്ള ശേഷി പെന്ഷന് പറ്റിയ ആ സ്‌കൂള് മാഷിനില്ലായിരുന്നുതാനും.
ഉദാരമായ സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ ഒരു പ്രസിദ്ധീകരണ സമിതിയുണ്ടാക്കി പ്രകാശം മാഷ്, തന്റെ ആ ഭഗീരഥപ്രയത്‌നം ആരംഭിച്ചു: മഹാഭാരത പ്രസാധനയത്നം. അതിനുവേണ്ടിവരുന്ന ചെലവ് 1968-ല് കണക്കാക്കിയത്, ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ്: ശരാശരി ഒരു ശ്ലോകത്തിന് ഒരു രൂപയെന്നവണ്ണം ….
സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ ഒരു പ്രസിദ്ധീകരണ സമിതിയുണ്ടാക്കി, നാല്പതു വാല്യമായി പ്രസിദ്ധീകരിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്.
ഒന്നാം വാല്യം പെരിങ്ങോട്ടുകരയിലെ ഒരു പ്രസിൽ അച്ചടിച്ചു. പിന്നീട് മഹാഭാരതം അച്ചടിക്കാനായി മാത്രമായ അദ്ദേഹം, ഒരു പ്രസ് വാങ്ങി. ഭാരതസർക്കാരിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹായത്തോടെയായിരുന്നു ബാക്കി ഭാഗത്തിന്റെ അച്ചടി.
🌍
1976 ഓഗസ്‌റ്റ്‌ 30-ന്‌ വിദ്വാൻ കെ.പ്രകാശം ചരമമടഞ്ഞു. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള ‘ശബ്ദതാരാവലി’ക്കുവേണ്ടി നടത്തിയതുപോലൊരു മഹാസമര്പ്പണമാണ് മഹാഭാരതത്തിനുവേണ്ടി വിദ്വാന് കെ. പ്രകാശം ചെയ്തതും.
🔸
ആദ്യം, 40 വാല്യങ്ങൾ (വിദ്വാൻ കെ. പ്രകാശം പ്രസിദ്ധീകരിച്ചു); പിന്നീട് , SPCS 10 വാല്യങ്ങൾ ആയി പ്രസിദ്ധീകരിച്ചു; തുടർന്ന് നാലു വാല്യങ്ങൾ ആയി പ്രസിദ്ധീകരിച്ചു; അവസാനം വ്യാസമഹാഭാരതം സമ്പൂര്ണ്ണഗദ്യവിവര്ത്തനം മൂന്നു വാല്യങ്ങളായി:
ഏതാനും വർഷങ്ങൾക്കു മുമ്പ് ഇത് ഡിജിറ്റലാക്കിയിരിക്കുന്നു: ഇപ്പോൾ Sreyas.in-ൻ്റെ ആ ലിങ്ക് പ്രവർത്തന ക്ഷമമായി കാണുന്നില്ല. പകർപ്പവകാശ പ്രശ്നമാകാം കാരണം. ഗ്രന്ഥകാരൻ്റെ നിര്യാണത്തിനു ശേഷം 60 വർഷക്കാലം പകർപ്പവകാശം നിക്ഷിപ്തമാണ്.
=====================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക