ആ മഹാപ്രളയത്തിന്റെ ഓർമ്മകൾ

ആർ. ഗോപാലകൃഷ്ണൻ 

🔸🔸

“തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം” എന്ന പ്രയോഗം ഞാൻ ചെറുപ്പകാലം മുതലേ കേട്ടു വരുന്നതാണ്…. അലുവ കടുങ്ങല്ലൂരിൽ ദാമോദരൻ കർത്താവിന്റെ മകനായി ജനിച്ച എന്റെ അച്ഛന് അന്ന് പന്ത്രണ്ട് വയസ്സ്: ഈ മഹാപ്രളയത്തിന്റെ നേർസാക്ഷിയായ അച്ഛന്റെ സംഭാഷണത്തിൽ ഇടക്കിടെ വരുന്ന ഈ പ്രയോഗത്തിന്റെ (“തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം”) അർത്ഥവ്യാപ്തി വാസ്തവത്തിൽ എനിക്ക് അക്കാലത്ത് മനസ്സിലായിരുന്നില്ല.

മൂവ്വാറ്റുപുഴയാറിന്റെ മുഖ്യ പോഷകനദിയായ തൊടുപുഴയാറിന്റെ കരയിൽ ജനിച്ചു വളർന്ന ഞാനും ചെറുപ്പം മുതൽ വെള്ളപ്പൊക്കങ്ങൾ കണ്ടിട്ടുണ്ടായിരുന്നു… കുറെ ദിവസത്തേക്ക് സ്ക്കൂൾ അവധി കിട്ടുമെന്ന സന്തോഷം തന്നിരുന്ന അവയെ ഒന്നും ദുരന്തങ്ങളായി അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നുമില്ല.

 

🌏

1924 ജൂലൈ – ഓഗസ്റ്റ്‌ മാസങ്ങളിലായി കേരളത്തിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന് പറഞ്ഞു വരുന്നത്. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ എന്ന പേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്.

കൊല്ലവർഷം1099 കർക്കടകമാസം ഒന്നിന് (1924 ജൂലൈ 15-ന്) തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മാത്രമല്ല, സമുദ്ര നിരപ്പില്‍ നിന്ന് 6500 അടിയിലേറെ ഉയരമുള്ള മൂന്നാറിനെപ്പോലും മുക്കിക്കളഞ്ഞു! 1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു.

 

May be an image of text
മലയാള മാസങ്ങളിൽ ‘മൂശേട്ടയെന്ന്’ പഴമക്കാര്‍ കരുതുന്ന കര്‍ക്കടകം എന്ന മലയാള മാസം ഒന്നിന്, അതായത് ക്രിസ്തുവര്‍ഷം ജൂലൈ പകുതിയോടെയാണ് (1924 ജൂലൈ 15-ന്, ബുധന്‍) തുമ്പിക്കൈ വണ്ണത്തില്‍ ഇടമുറിയാതെ മൂന്നാഴ്ചക്കാലത്തോളം മഴപെയ്തിറങ്ങിയത്. മുഖ്യമായും  പെരിയാർ നദിയിലാണ് വെള്ളപ്പൊക്കം തുടങ്ങിയത്. എന്നാൽ തുടർന്നങ്ങോട്ട്, മലബാർ ഉൾപ്പെടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇത് അനുഭവപ്പെട്ടു.

ഈ പ്രളയത്തില്‍ ഇന്നത്തെ തൃശൂർ, എറണാകുളം, ഇടുക്കി , കോട്ടയം, ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും, വിശേഷിച്ചു കുട്ടനാട് ഏതാണ്ട് പൂർണമായും, മഴവെള്ളത്തിൽ മുങ്ങി. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന വിഖ്യാത കഥ ഓർക്കുക.

അന്നത്തെ തെക്കന്‍ തിരുവിതാംകൂറിന്റെയും വടക്കന്‍ മലബാറിന്റെയും താഴ്ന്ന പ്രദേശങ്ങളില്‍ പോലും ഇരുപതടിവരെ ഉയരത്തില്‍ വെള്ളം പൊങ്ങി . ഇതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു. ഗതാഗതം മുടങ്ങി, അന്ന് പരിമിതമായി ഉണ്ടായിരുന്ന തീവണ്ടികള്‍ മുടങ്ങി. തപാല്‍ സംവിധാനങ്ങള്‍ വരെ നിലച്ചു.

May be an image of ticket stub and text

ഇതോടൊപ്പം കടുത്ത പട്ടിണിയും തലപൊക്കി. ആലപ്പുഴ ജില്ല പൂര്‍ണ്ണമായും മഴവെള്ളവും കടല്‍ക്ഷോഭവും മൂലം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഇന്നത്തെ കോഴിക്കോട് നഗരവും പകുതിയിലേറെ മുങ്ങി. എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗമാണ് വെള്ളത്തില്‍ മുങ്ങിയത്. ഈ പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എന്തൊക്കെ കഷ്ട നഷ്ടങ്ങള്‍ സംഭവിച്ചുവെന്നോ അന്ന് കണക്കുകൂട്ടാന്‍ പോലുമാകുമായിരുന്നില്ല.

കുട്ടനാട്ടിലും പെരിയാറിലും മാത്രമല്ല, പൊന്നാനിയിലെ കനാലി കനാലിലൂടെ പോലും ഈ വെള്ളപ്പൊക്ക കാലത്ത് അനേകം മൃതശരീരങ്ങൾ ഒഴികി നടന്നുവെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

1924-ലെ ഈ പ്രളയത്തിലാണ് കരിന്തിരി മല (Karinthiri Mala) എന്ന വലിയ മല അപ്പാടെ ഒലിച്ചു പോയി; മൂന്നാറിലെ റെയില്‍പ്പാളങ്ങള്‍ (ഇൻഡ്യയേലേ ആദ്യ ‘മോണോറെയിൽ സിസ്റ്റം’ ആയ ‘കുണ്ടള വാലി റെയിൽവേ’) പാടേ നശിച്ചു (1923 ജൂലൈ 23, വ്യാഴം) എന്നു മാത്രമല്ല, അത് പിന്നീടൊരിക്കലും പുനർ നിർമ്മിക്കാനും കഴിഞ്ഞില്ല.. മൂന്നാറിലെ പ്രകൃതിഭംഗിയില്‍ പകുതി ഈ പ്രളയം കവര്‍ന്നെടുത്തു എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.

May be an image of map, temple and text
🌏

എന്റെ ചെറുപ്പകാലത്തു മധ്യകേരളത്തിൽ വീടിൻറെ തറ പൊക്കം നിശ്ച്ചയിക്കാൻ 99 -ലെ വെള്ളപൊക്കത്തിന്റെ ജലനിരപ്പ് ഒരു മാനക നിലയായി നോക്കാറുണ്ട്. തൊണ്ണൂറ്റൊമ്പത്തിലെ പ്രളയത്തിനുണ്ടായ ജലവിതാനത്തിലും ഉയരെ കെട്ടുക എന്ന പ്രവണതയായിരുന്നു ഇത്.

വെള്ളാരപ്പിള്ളിയിൽ പെരിയാറിന്റെ തീരത്തുള്ള പുതിയേടത്ത് അമ്പലത്തിന്റെ ഗോപുരത്തിൽ വെള്ളപൊക്കത്തിന്റെ ഉയരം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 98 വയസുള്ളവർ ജനിച്ച വർഷമാണ് സംഭവം. ഓർമ്മ നേരിട്ട് രേഖപ്പെടുത്തി പഠനം നടത്തുക അസാധ്യം. എന്നാൽ മറ്റു തെളിവുകൾ ശേഖരിച്ചു ഒരു ഗവേഷണ പഠനം നടത്തേണ്ടതാണ്…

🌏

ഈ ചരിത്ര ദുരന്തം നമ്മുടെ സാഹിത്യത്തിൽ പലതരത്തിലും പരാമർശിക്കപ്പെടുന്നുണ്ട്….
കുട്ടനാടിന്റെ ഇതിഹാസ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന വിഖ്യാതകഥയി വിഷയമാവുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപ്പിച്ച ആഘാതമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ 99-ലെ വെള്ളപൊക്കത്തിന്റെ വിപുലമായ വാഗ്മയ ചിത്രം ഉണ്ട്. കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ” മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ് എന്നു പറയുന്നുണ്ട്.

1927-ൽ ജനിച്ച റോസി തോമസ്, തന്റെ ‘മലവെള്ളം’ എന്ന പുസ്തകത്തിൽ പിൽക്കാലത്ത് ഉണ്ടായ ഒരു വെള്ളപ്പൊക്ക കാലത്ത് വാരാപ്പുഴയിലെ പുത്തൻ‌പള്ളി മേനാച്ചേരി വീട്ടില്‍ അഭയം പ്രാപിച്ച നാട്ടുകാരുടെ കഥപറയുന്നുണ്ട്; ഇതിൽ സംഭവങ്ങൾ ഒരു നോവൽ പോലെ രസകരമായി വിവരിക്കുന്നുണ്ട്; എങ്കിലും അതിലെ വില്ലൻ ’99-ലെ വെള്ളപ്പൊക്കമല്ല’.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി. 2018-മുതലുള്ള കഥ പറയേണ്ടതില്ലല്ലോ.

======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക