മനുഷ്യരാശി നശിക്കുമോ ? ഛിന്നഗ്രഹം ഭൂമിയിലിടിക്കുമോ ?

ന്യൂഡൽഹി: അപകടകാരിയായ ഛിന്നഗ്രഹം ഭൂമിയിലിടിച്ച് മനുഷ്യരാശി തന്നെ നശിക്കുമോ ? സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആർ ഒ യുടെ ചെയർമാർ എസ്. സോമനാഥ്.

അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ 370 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ പോകും.

ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികള്‍. ഐ എസ് ആർ ഒ യും രംഗത്തുണ്ട്.ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠനം നടത്തിവരികയാണ്. അതിന്റെ ഭാഗമായി നിലവില്‍ വന്ന ഡാര്‍ട്ട് മിഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

70 -80 വര്‍ഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്സ് എന്ന് സോമനാഥ് പറയുന്നു. ജീവിതത്തില്‍ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല. എന്നാല്‍ ചരിത്രം പരിശോധിച്ച് നോക്കൂ. ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ്.

ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിമുട്ടുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.  അത്തരമൊരു പ്രതിഭാസം ഭൂമിയില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയ്യാറെടുത്തിരിക്കണം.

ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നത് നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോള്‍ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കണം – സോമനാഥ് പറഞ്ഞു.