കോഴിക്കോട് : പ്രണയാഭ്യർത്ഥനയല്ല,പീഡനം തന്നെ നടത്തിയവർ ഒരു കേസും നേരിടാതെ പാർട്ടികളുടെ തണലിൽ മാന്യന്മാരായി തുടരുന്ന നാടാണ്.അവരെ ഭേദ്യം ചെയ്യാനല്ല,അങ്ങനെ ചെയ്തുവോ എന്ന് വിനീതമായി ചോദിക്കാൻപോലും കരളുറപ്പില്ലാത്ത സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുയായികളുമാണ് ഇവിടെ സദാചാരത്തിന്റെ കാവൽക്കാർ ചമയുന്നത് – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് പ്രമുഖ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിൻ്റെ പൂർണരൂപം താഴെ:
സിദ്ധാർത്ഥനു നേരെ അരാഷ്ട്രീയമായ ആൾക്കൂട്ട വിചാരണയും അതിക്രമവുമാണ് നടന്നത് എന്നും സംഘടനക്ക് പങ്കില്ല എന്നും പറയുന്നതു കേട്ടു.നാല് എസ് എഫ് ഐക്കാരേ അക്കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളു എന്നാണ് വാദം.അതുകൊണ്ട് സംഘർഷത്തെ രാഷ്ട്രീയമായി കാണരുതത്രെ!
വിദ്യാർത്ഥികൾ സംഘം ചേരുന്നിടത്ത് ഒരു എസ് എഫ് ഐക്കാരനുണ്ടെങ്കിൽ അയാൾ ആ കൂട്ടത്തിന്റെ ഭാഗമാവില്ല. അയാൾ അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കും.അല്ലെങ്കിൽ ആ കൂട്ടത്തെ ചിതറിക്കും. ഇവിടെ വെറും എസ് എഫ് ഐക്കാരല്ല, യൂണിയൻ ഭാരവാഹികളും സംഘടനാ നേതാക്കളുമായ എസ് എഫ് ഐക്കാരാണ് ഉണ്ടായിരുന്നത് എന്ന് കാണണം. അവർ തീർച്ചയായും ആൾക്കൂട്ടത്തിന്റെ ഇച്ഛകളിൽ വീഴില്ല. അവരുടെ ഇച്ഛകൾ വിദ്യാർത്ഥികളുടെ കൂട്ടത്തെക്കൊണ്ട് നടപ്പാക്കിക്കും. ഇല്ലെങ്കിൽ അവിടെ കൂടിയ വിദ്യാർത്ഥികളുടെ ഏതു പ്രവർത്തനത്തിനും തടസ്സം നിൽക്കും.
ന്യായീകരിക്കാനല്ല, എസ് എഫ് ഐയുടെ ആ യൂണിറ്റ് പിരിച്ചുവിടാനാണ് നേതൃത്വം ശ്രമിക്കേണ്ടത്. നേതൃത്വം വളഞ്ഞതാണെങ്കിൽ സമൂലമായ മാറ്റം വരുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഈ പോക്ക് തീരെ നല്ലതല്ല.
സിദ്ധാർത്ഥന്റെ മരണശേഷം പരാതിയുമായി പോകുന്ന പെൺകുട്ടി പരാതിയല്ല, കേസിലെ ജാമ്യമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തം.
ആ പരാതിയിൽ നടപടിയെടുക്കാൻ കാണിച്ച വ്യഗ്രത അദ്ധ്യാപകരെയും ഒരു ഗൂഢാലോചനയുടെ കണ്ണികളെന്ന നിലയിൽ തിരിച്ചറിയാനാണ് ഉതകിയത്. സിദ്ധാർത്ഥന്റെ മരണം അറിയാതെ കൊടുത്ത പരാതിയാണെന്ന വാദം നില നിൽക്കില്ല. ഫെബ്രുവരി 19നാണ് കോളേജ് അധികൃതർക്ക് പരാതി കിട്ടുന്നത്. സിദ്ധാർത്ഥൻ മരിച്ചത് ലോകമറിഞ്ഞിട്ടും ആ പെൺകുട്ടിക്ക് പരാതി പിൻവലിക്കാനോ മരവിപ്പിക്കാനോ തോന്നിയില്ല എന്നത് കൗതുകകരമാണ്. അദ്ധ്യാപകർക്കും ആ പരാതി സ്വീകരിക്കുമ്പോഴും ധൃതി പിടിച്ചു ഫയൽ തയ്യാറാക്കുമ്പോഴും അനൗചിത്യം തോന്നിയില്ല.
ഇത്തരം പരാതികൾ ഒരു നടപടിക്രമത്തിന്റെ ഭാഗമായിട്ടുണ്ട്. ആസുത്രിതമായോ അല്ലാതെയോ വലിയ വിദ്യാർത്ഥിസംഘടനകൾ ക്യാമ്പസിൽ ആരെയെങ്കിലും അക്രമിച്ചാൽ ആദ്യം പരാതിയെത്തുക അക്രമിക്കപ്പെട്ട ഇരയുടേതാവില്ല. അക്രമികളുടെ സഹായസംഘം തയ്യാറാക്കുന്ന പരാതികളാവും. സ്ത്രീപീഡനം, ദളിത് പീഡനം തുടങ്ങി ജാമ്യം കിട്ടാത്ത വകുപ്പുകൾ വരാവുന്ന ഒരു പരാതിയാവും അധികൃതർക്ക് ലഭിക്കുക. അത് പ്രതിരോധവും ഭീഷണിയുമാണ്. ഏറെക്കാലമായി തുടരുന്ന നിയമത്തിന്റെ ദുരുപയോഗമാണിത്. ഇവിടെയും ആ കൗശലം ഉപയോഗിക്കുന്നു.
പ്രണയാഭ്യർത്ഥന നടത്തി എന്ന കുറ്റത്തിന് ഒരു സഹപാഠിയെ മൂന്നുനാൾ അന്നം കൊടുക്കാതെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊന്നു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. പ്രത്യേകിച്ചും തങ്ങളുടെ അനുഭാവി എന്നു സിദ്ധാർത്ഥനെ കരുതുന്ന ഒരു സംഘടനയുടെ നേതാക്കളുടെ മുൻകയ്യിൽ. അനുഭാവിയായിരുന്നു എങ്കിൽ നേതാക്കൾ രക്ഷിക്കാനല്ലേ ശ്രമിക്കുമായിരുന്നത്? അപ്പോൾ കാരണം മറ്റെന്തോ ആണ്. അത് അക്രമികൾ പറയണം. നിയമ വേദികൾ അതു പുറത്തു കൊണ്ടുവരണം.
പ്രണയാഭ്യർത്ഥനയല്ല, പീഡനം തന്നെ നടത്തിയവർ ഒരു കേസും നേരിടാതെ പാർട്ടികളുടെ തണലിൽ മാന്യന്മാരായി തുടരുന്ന നാടാണ്. അവരെ ഭേദ്യം ചെയ്യാനല്ല, അങ്ങനെ ചെയ്തുവോ എന്ന് വിനീതമായി ചോദിക്കാൻപോലും കരളുറപ്പില്ലാത്ത സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുയായികളുമാണ് ഇവിടെ സദാചാരത്തിന്റെ കാവൽക്കാർ ചമയുന്നത്.
സഹ വിദ്യാർത്ഥി സംഘടനയുടെ വനിതാ നേതാവിനെ പരസ്യമായി അസഭ്യം പറയുകയും ചവിട്ടാൻ കാലുയർത്തുകയും ചെയ്ത വിദ്യാർത്ഥി നേതാക്കളാണ് നയിക്കുന്നത്. സിദ്ധാർത്ഥനെ അക്രമിച്ചതിനു ഉന്നയിക്കുന്ന യുക്തി വെച്ചാണെങ്കിൽ അവരൊക്കെ ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നോ? ഈ ‘ധാർമ്മികബോധം’ സായുധമായാൽ വലിയ പീഡനം നടത്തിയവർ വലിയ കസേരകളിൽ കയറി ഇരിക്കുമായിരുന്നുവോ? അപ്പോൾ സിദ്ധാർത്ഥനു നേരെയുണ്ടായ അക്രമത്തിന് കാരണം മറ്റൊന്നാവണം.
ഒന്നാം വർഷം വരുന്നവരെ സംഘടനയിലേക്കു റിക്രൂട്ടു ചെയ്യുന്ന പലവിധ മെരുക്കൽ രീതികളുണ്ട്. വിദ്യാർത്ഥികളുടെ പിന്തുണ ലഭിച്ചേക്കാവുന്ന രൂപഭാവങ്ങളിലുള്ള ഒരാളെ ഏതുവിധേനയും നിലയ്ക്കു നിർത്തി ഒപ്പമാക്കും. ആ ശ്രമങ്ങളോടു യോജിച്ചും വിയോജിച്ചും പോകുന്നെങ്കിലും പൂർണമായി വഴങ്ങുന്നില്ല എന്നത് അവരെ പ്രകോപിപ്പിക്കും.
രണ്ടാം വർഷമാകുമ്പോഴേക്കും പൂർണമായി വഴങ്ങുക എന്നതാണ് സ്വാഭാവിക രീതി. ഇവിടെ അത് ഉണ്ടായിക്കാണില്ല. വേറിട്ടുനിന്നാൽ വിദ്യാർത്ഥികളുടെ പിന്തുണ കിട്ടുന്ന വ്യക്തിത്വങ്ങളെ അങ്ങനെ കയറൂരിവിടാൻ വലിയ വിദ്യാർത്ഥിസംഘടനകൾ തയ്യാറല്ല. ആ മെരുക്കലിന്റെ അവസാന അദ്ധ്യായമാണ് പൂക്കോട് കലാലയത്തിൽ കണ്ടത് എന്ന് ഞാൻ കരുതുന്നു. സാഹചര്യം അങ്ങനെ കാണാനാണ് പ്രേരിപ്പിക്കുന്നത്.