കൊച്ചി: ദുരന്തത്തില്‍ എല്ലാം നഷ്ടമായ വയനാട് മേപ്പാടി ചൂരൽമല, മുണ്ടക്കൈ നിവസികൾക്ക് സഹായം നൽകാൻ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ‘റീബിൽഡ് വയനാട്’ കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് പന്നിയിറച്ചി വിൽപന.
ആഗസ്റ്റ് 10 ന് കാസർകോട് രാജപുരത്ത് നടത്തിയ പോർക്ക് ചലഞ്ചിൽ 350 കിലോയിലേറെയാണ് വിറ്റുപോയത്. 380 രൂപ വിലയുള്ള പന്നിയിറച്ചി കിലോക്ക് 360 രൂപ നിരക്കിലായിരുന്നു വിതരണം.
ഈ ഇനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ലഭിക്കും. തുക വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഷൈജിൻ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ‘പോർക്ക് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നുണ്ട്.
കോതമംഗംലം മുനിസിപ്പല്‍ നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെയാണ് പന്നി ഇറച്ചി വില്‍പന. കിലോക്ക് 375രൂപ നിരക്കിൽ ഇതിനകം 500 കിലോയിലേറെ ഇറച്ചിക്ക് ഓർഡർ ലഭിച്ചതായി മേഖല സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. മഞ്ഞപ്ര യൂണിറ്റ് കിലോയ്ക്ക് 350 രൂപയ്ക്കാണ് ഇറച്ചി നല്‍കുന്നത്.
അതേസമയം, ചാലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളെ വിളിക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അവകാശപ്പെട്ടു . നേരത്തെ പായസ ചലഞ്ചിലൂടയും സ്ക്രാപ്പ് ചലഞ്ചിലൂടെയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിച്ചിരുന്നു.