ജനാധിപത്യത്തിലെ കുടുംബവാഴ്ചകൾ..

പി.രാജന്‍ന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പിന്തുടര്‍ച്ചാവകാശമായി മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ രാജിയെത്തുടര്‍ന്ന് വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടായ ഒഴിവില്‍ സഹോദരി പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ്  തെരഞ്ഞെടുത്തിരിക്കുന്നു. ഈ തീരുമാനം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന തിരശ്ശീലക്ക് പിന്നിലെ ശക്തികളുടേതാണ്.

ശരദ് പവ്വാറും മമത ബാബര്‍ജിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം സോണിയാഗാന്ധിയുടെ നേതൃത്വത്തിനും കുടുംബവാഴ്ചക്കുമെതിരേ പ്രതിഷേധിച്ച് മാതൃസംഘടനയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് ചാടിയവരാണ്.

ഇന്ന് ഈ കുടുംബവാഴ്ചയെ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിക്കാന്‍ അവരും തയ്യാറായിരിക്കുന്നു. കാരണം രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ ഭരണം സംസ്ഥാനതലങ്ങളിലും അംഗീകരിക്കപ്പെടുകയാണ്. തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നതില്‍ അതിശയിക്കാനൊന്നുമില്ല.

ഈ കുടുംബവാഴ്ചയില്‍ വിദേശ ശക്തികളും സന്തോഷിക്കുകയേ ഉള്ളു. കാരണം ധനസഹായം നല്‍കി സ്വാധീനിക്കാനും തങ്ങളുടെ ഇച്ഛക്കൊത്ത നയങ്ങള്‍ രൂപീകരിക്കെപ്പെടാനുമെല്ലാം അവര്‍ക്ക് എളുപ്പത്തില്‍ സാദ്ധ്യമാകും.

മൂന്നാമതും നരേന്ദ്ര  മോദി പ്രധാനമന്ത്രിയാകുന്നത് തടയാനുള്ള പരിശ്രമം പരാജയപ്പെട്ടതിനാലാണ് ബി.ജെ.പി.യും മോദിയും വെട്ടിലായിരിക്കുന്നുവെന്ന പ്രചരണം വിദേശ-മലയാള മാദ്ധ്യമങ്ങള്‍ അഴിച്ചുവിടുന്നത്. ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ നേടുന്നതിന് യാദവര്‍ക്ക് മറ്റ് പിന്നോക്ക് വിഭാഗങ്ങള്‍മായി അധികാരം പങ്കിടേണ്ടി വന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ മന്ത്രിസഭയിലെ മിക്കവാറും എല്ലാ മന്ത്രിമാരും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയതിനാല്‍ പുതിയ സര്‍ക്കാരിന്‍റെ നയപരമായ സമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരാന്‍ സാദ്ധ്യതയില്ല.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലും തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ‘ഇന്‍ഡ്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും.

അന്ധമായ പാകിസ്ഥാന്‍ അനുകൂല നിലപാടുകളില്‍ നിന്നും പിന്മാറാൻ  ഇസ്ലാമിക രാഷ്ട്രങ്ങളെ സ്വാധീനിക്കുന്നതില്‍ മോദി ഇതിനകം വിജയിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ പെട്രോ-ഡോളറിന്‍റെ പ്രാമുഖ്യവും നഷ്ടപ്പെടും.

മത ന്യൂനപക്ഷങ്ങളുടെ പേരില്‍ സംഘടിക്കുന്ന ഇന്‍ഡ്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ മതേതര-ജനാധിപത്യ റിപ്പബ്ലിക്കിന് അനുയോജ്യമല്ലാത്ത അവരുടെ പ്രത്യയശാസ്ത്രം പുനരവലോകനം  ചെയ്യേണ്ട സമയമാണിത്. 

————————————————————————————————————————————————————————————————————————
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍, മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക