ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിൻ്റെ ലോബിയില്‍ ചോര്‍ച്ചയും വെള്ളക്കെട്ടും. ബുധനാഴ്ച പെയ്ത കനത്ത മഴ 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിൻ്റെ ഭാവിയെപ്പററി ആശങ്ക ഉയർത്തുന്നു.
കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാര്‍ലമെന്റിന്റെ മകര്‍ ദ്വാരിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളപ്പൊക്കത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോര്‍ച്ചയുടെ വീഡിയോ പങ്കിട്ടു.’പഴയ പാര്‍ലമെന്റ് ഈ പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതായിരുന്നു, അവിടെ പഴയ എംപിമാര്‍ക്ക് പോലും വന്ന് കൂടിക്കാഴ്ച നടത്താം. കോടിക്കണക്കിന് രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പാര്‍ലമെന്റില്‍ വെള്ളം കയറുന്ന പരിപാടി നടക്കുന്ന കാലത്തേക്കെങ്കിലും എന്തുകൊണ്ട് പഴയ പാര്‍ലമെന്റിലേക്ക് തിരികെ പോകുന്നില്ല. ബിജെപി സര്‍ക്കാരിന് കീഴില്‍ നിര്‍മ്മിച്ച ഓരോ പുതിയ മേല്‍ക്കൂരയില്‍ നിന്നും ഒഴുകുന്ന വെള്ളം അവരുടെ നന്നായി ചിന്തിച്ച രൂപകല്‍പ്പനയുടെ ഭാഗമാണോ എന്ന് ജനം ചോദിക്കുന്നു – അദ്ദേഹം പരിഹസിച്ചു.
വിഷയം അന്വേഷിക്കാനും പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മാണിക്കം ടാഗോര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.