ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തില്ലായിരുന്നുവെന്നാണ് ഇന്ത്യാ സഖ്യത്തിലെ മിക്ക കക്ഷികളും കരുതുന്നു. ഇതുസംബന്ധിച്ച് സഖ്യത്തിൽ തർക്കം രൂക്ഷമാവുകയാണ്.
‘ഇനിയും യുദ്ധം തുടരൂ’ എന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്. ഇന്ത്യ സംഖ്യത്തിലെ കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും ലക്ഷ്യമിട്ടാണ് ഈ കുറിപ്പ്.
കോൺഗ്രസ്സ് ആണ് ബിജെപിയുടെ വിജയത്തിന് ഉത്തരവാദിയെന്ന് സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യാ മുന്നണി ഒന്നിച്ചു നില്‍ക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ തങ്ങളുടെ പരാജയത്തിന് കാരണമെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു. എന്നാൽ, സഖ്യം ഇല്ലാത്തതിനാൽ, അവരെ ജയിപ്പിക്കാൻ കോൺഗ്രസിന് എന്തു ബാധ്യത എന്നാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം.
ഇതിനിടെ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തില്‍ തുടരേണ്ടെന്ന നിലപാടും എ എ പിക്കുള്ളില്‍ ഉയരുന്നുണ്ട്. സഖ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്നാണ് വേറൊരു ആവശ്യം.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യം ചർച്ചയായിട്ടുണ്ട്.