ക്ഷത്രിയൻ.
കേരളത്തിലെ എസ്എഫ്ഐയുടെ കയ്യിലിരിപ്പ് ശരിയല്ലെന്ന് വിപ്ലവപ്പാർട്ടി മധുര കോൺഗ്രസിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഡൽഹിയിൽ നിന്ന് എസ്എഫ്ഐഒയുടെ കുറ്റപത്രം പുറത്തുവരുന്നത്.
ആർഷോയും കൂട്ടരും കാട്ടിക്കൂട്ടിയ പേക്കൂത്തുകളാണ് പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ കയറിപ്പറ്റിയതെങ്കിൽ കാരണഭൂതൻ്റെ മകളുമായി ബന്ധപ്പെട്ടതാണ് കുറ്റപത്രത്തിലെ കാര്യങ്ങൾ. രണ്ടിലെയും കുന്തമുന നീളുന്നത് കാരണഭൂതരിലേക്കാണെന്ന പ്രത്യേകതയുണ്ട്.
അല്ലങ്കിലും മാപ്രകൾ കുറേയായി അങ്ങനെയാണ്. കാരണഭൂതനെ സ്വൈര്യമായി കഴിയാൻ അനുവദിക്കില്ലെന്ന നിർബന്ധം മാപ്രകൾക്കുണ്ടെന്ന് തോന്നുന്നു.
മധുരയിലെ മാരിയറ്റിൽ കുടുംബസമേതം കഴിയുന്ന കാരണഭൂതനെ അലോസരപ്പെടുത്തുന്ന വാർത്ത ഇത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ?
മധുര കോൺഗ്രസിൻ റെ മധുരം തന്നെ കാരണഭൂതമാണ്. കാരണഭൂതം ഇല്ലെങ്കിൽ മധുര കോൺഗ്രസ് തന്നെ ഇല്ലാതായേനെ. പാർട്ടിയെ പുഷ്ടിപ്പെടുത്താനാണ് ഇക്കാലമത്രയും കോൺഗ്രസ് നടത്തിയിട്ടുള്ളത്. ഇത്തവണയാകട്ടെ കേരളത്തിലെ ഭരണം നിലനിർത്തുകയെന്നതിലാണ് ഊന്നൽ.
ഭരണമെന്നാൽ വെറും ഭരണമല്ല. തുടർഭരണമാണ്. അതായത് കാരണഭൂതം നേതൃത്വം നൽകുന്ന ഭരണം. അത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ മധുരയിൽ ഒത്തുകൂടിയപ്പോഴാണ് എസ്എഫ്ഐഒയുടെ ഒരു കുറ്റപത്രം. കേട്ടാൽ തോന്നും നാളെത്തന്നെ വീണയുടെ കൈകളിൽ വിലങ്ങ് വീഴുമെന്ന്.
പ്രതിസന്ധി ഘട്ടത്തിലൊക്കെ കേന്ദ്രം എടുത്തുവീശുന്ന ആയുധമാണ് ഇതുപോലുള്ള കുറ്റപത്രങ്ങൾ. ഇക്കാലത്തിനിടയിൽ ഇങ്ങനെ എത്ര അന്വേഷണ റിപ്പോർട്ടുകൾ കണ്ടതാണ്. അവസാനം എല്ലാം വെള്ളത്തിലെ വരപോലെയാകുമെന്നതാണ് അനുഭവപാഠങ്ങൾ.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയുടെ മൂർച്ച കുറയണം. അതിനുവേണ്ടിയുള്ള തന്ത്രമാകാം കുറ്റപത്ര വാർത്തകൾ. തുടർഭരണത്തിന് കൊതിക്കുന്ന കാരണഭൂതനെ തത്ക്കാലമൊന്നു വിരട്ടണം, അതിനുമാകാം ഈ തന്ത്രം.
എസ്എഫ്ഐഒയുടെ കുറ്റപത്രം എന്തായാലും എക്സാലോജിക് ഉൾപ്പെട്ട കേസിൽ അവരുടെ തീർപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇനി ആദ്യം തൊട്ടേ ആരംഭിക്കണമെന്ന അവസ്ഥ സംജാതമായിട്ടുണ്ട്.
കേസിൻ്റെ വാദമൊക്കെ പൂർത്തിയാക്കി അന്തിമ നടപടികളിലേക്ക് കടക്കാനിരിക്കെ ജഡ്ജിയെ സ്ഥലം മാറ്റിയതാണ് ഒന്നാമത്തെ കാര്യം. പുതുതായി നിയോഗിക്കപ്പെട്ട ജഡ്ജ് ഇനി ആദ്യംതൊട്ടേ വാദം കേട്ടിട്ട് വേണം വിധി പറയാൻ.
അപ്പോഴേക്കും പിണറായിപ്പുഴയിലൂടെ വെള്ളം ധാരാളം ഒഴുകിപ്പോയിരിക്കും.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞിട്ടുണ്ട് കാരണഭൂതൻ. വൈകിയെത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണെന്ന് വിവരമുള്ള മറ്റ് ചിലരും വ്യക്തമാക്കിയിട്ടുണ്ട്.
അതിൽ ഈ പറയുന്ന കേസും ഫയലുകളുമെല്ലാം ഏത് ഗണത്തിൽപ്പെടുമെന്ന് വേർതിരിച്ച് പറയാൻ ആർക്കും കഴിയില്ല. അത്രമാത്രം കുഴഞ്ഞുമറിഞ്ഞതാണ് സംഗതികൾ.
എക്സാലോജിക്കിനെ സംബന്ധിച്ചെടുത്തോളം കോടതി മുൻപാകെയുള്ള ഫയൽ ഒരാളുടെ ജീവിതം തന്നെയാണ്. എന്നുവച്ചാൽ ഒരേയൊരാളുടെ. അന്തിമ തീർപ്പ് വൈകുന്നതോടെ നീതി നിഷേധിക്കപ്പെടുന്നുണ്ടോ എന്ന് അറിയണമെങ്കിൽ കാരണഭൂതനോട് തന്നെ ചോദിക്കേണ്ടിവരും.
ചില കേസുകൾ അങ്ങനെയാണ് തീർത്താലും തീർത്താലും തീരില്ല. ലാവലിൻ കേസ് തന്നെ ഉദാഹരണം. ലാവലിൻ കേസിൻ്റെ വഴിയിലൂടെ എക്സാലോജിക്ക് കേസുമെന്ന് വരുന്നത് പിതാവും മകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ മഹത്തായ ഉദാഹരണമായി നിയമവിദ്യാർഥികൾ ഭാവിയിൽ മനസിലാക്കേണ്ടിവരും.