April 13, 2025 1:03 am

സി പി എമ്മിന് തൃശ്ശൂരിൽ നൂറ് കോടിയുടെ രഹസ്യ സ്വത്തെന്ന് ഇ ഡി

കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സിപിഎം, തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

സി പി എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി പാര്‍ട്ടി ജില്ലയില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നുവെന്ന് ഇ ഡി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണിൽപ്പെടാതിരിക്കാനായി തന്ത്രപൂര്‍വം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയായിരുന്നു.

പാര്‍ട്ടി ലെവി, തെരഞ്ഞെടുപ്പ് ഫണ്ട്, കരുവന്നൂര്‍ ബാങ്കില്‍ നിന്നുള്ള നിയമവിരുദ്ധ വായ്പകളുടെ ഗുണഭോക്താക്കളില്‍ നിന്നുള്ള കമ്മീഷന്‍, നോമിനേറ്റഡ് അംഗങ്ങളുടെ സംഭാവനകള്‍ എന്നിവയാണ് നിക്ഷേപങ്ങളുടെ ഉറവിടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ശേഖരിച്ച ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി ഭൂമി വാങ്ങല്‍, കെട്ടിടനിര്‍മാണം, യോഗങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കായി ചെലവിട്ടതായും ഇഡി പറയുന്നു. വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍, പാര്‍ട്ടി ഓഫീസിന്റെ ആസ്തികള്‍ എന്നിവ പാര്‍ട്ടി ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്‍ കാണിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകള്‍ കാണിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ഇഡി പറയുന്നു.

2023 മാര്‍ച്ച് 31 വരെയുള്ള സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍, 17 ഏരിയ കമ്മിറ്റികളിലായി വെളിപ്പെടുത്താത്ത 25 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതായും ഈ അക്കൗണ്ടുകളില്‍ 1.73 കോടി രൂപയും 63.98 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നും ഇഡി പറയുന്നു.

കൂടാതെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ യഥാര്‍ത്ഥ നിക്ഷേപം 100 കോടി രൂപ കവിയുമെന്നും കരുതുന്നു. കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ 2023 നവംബര്‍ 30 വരെയുളളതാണെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇഡി കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ
പങ്കിനെക്കുറിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News