കരിവേപ്പിലയും ദിവ്യ എന്ന നേതാവും..

കണ്ണുർ : ഇരുപതു വർഷം പാർടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ പ്രസ്ഥാനം കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് സി പി എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ വിലപിക്കുന്നു.

സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ല എന്ന് അവർ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.

പാർട്ടിയില്‍ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയില്‍ നിലനില്‍പ്പില്ല.ഇനി നേതാവാകാനില്ലെന്നും പാർട്ടിയില്‍ വിശ്വാസമില്ലെന്നും ദിവ്യ വ്യക്തമാക്കി.

ഇനി സാധാരണ പ്രവർത്തകയായി തുടരുമെന്നും അവർ അറിയിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റില്‍ കഴിയുന്ന സമയത്താണ് ദിവ്യയെ തരംതാഴ്ത്തിയുള്ള പാർട്ടി നടപടി. ജില്ല കമ്മിററിയിൽ നിന്ന് സാധാരണ അംഗത്വത്തിലേക്ക് ആണ് അവരെ തരം താഴ്ത്തിയത്.

അതേസമയം കഴിഞ്ഞ ദിവസമാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.