ക്ഷത്രിയൻ.
ഷേക്സ്പിയറും വിപ്ലവപ്പാർട്ടിയും തമ്മിൽ ബന്ധമെന്താണെന്ന് അബദ്ധത്തിൽപ്പോലും ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. എന്തോ കാര്യമായ ബന്ധമുണ്ടെന്ന് മനസിലായത് പാർട്ടി ഓഫീസ് ഉദ്ഘാടനവേളയിൽ മുഖ്യൻ നടത്തിയ പ്രസംഗമാണ്.
എകെജി സെൻറർ- 2 ഉദ്ഘാടനം പത്താമുദയവും ശുഭദിനവും നോക്കിയാണെന്ന ആക്ഷേപത്തിന് മറുപടിയായാണ് ആശാൻ, ഷെക്സ്പിയറെ കൂട്ടുപിടിച്ചത്. വായനാദിനവും ഷെയ്ക്സ്പിയറുടെ ചരമദിനവുമാണ് എകെജി സെൻറർ ഉദ്ഘാടന ദിനത്തിൻ്റെ പ്രത്യേകതയെന്നാണ് കാരണഭൂതൻ പറയുന്നത്.
ഓണവും ക്രിസ്മസും ചെറിയ പെരുന്നാളും ഒന്നിച്ചുവന്നുവെന്നത് പോലെയൊരു യാദൃച്ഛികത മാത്രമാണ് വായനാദിനത്തിൻ്റെയും ഷെയ്ക്സ്പിയറുടെ ചരമദിനത്തിൻ്റെയും ദിവസം പത്താമുദയം കടന്നുവന്നതെന്ന ലാഘവമേയുള്ളൂവെന്ന് മാലോകർ മനസിലാക്കിക്കൊള്ളണം.
വായനാദിനവും വിപ്ലവപ്പാർട്ടിയും തമ്മിൽ ചക്കരയും ഈച്ചയും തമ്മിലുള്ളത് പോലെ ബന്ധമാണ്. കർക്കിടകത്തിൽ ഹിന്ദുക്കൾ രാമായണം വായിക്കുന്നത് പോലെയും, റമസാനിൽ മുസ്ലിംകൾ ഖുർആൻ പാരായണം ചെയ്യുന്നത് പോലെയും, വിശുദ്ധവാരത്തിൽ ക്രിസ്ത്യാനികൾ ബൈബിളുമായി കൂട്ടുകൂടുന്നത് പോലെയും ദൃഢമാണത്രെ അന്തകാലം തൊട്ട് വായനാദിനത്തിൽ സഖാക്കളും വായനയും തമ്മിലുള്ള ബന്ധം.
നേര് നേരത്തെ അറിയിക്കുന്ന പത്രം വായിക്കുന്നതിനും മുമ്പേ, ആ ദിവസം സഖാക്കൾ മൂലധനം അരപ്പേജെങ്കിലും വായിച്ചിരിക്കുമെന്നതാണ് പതിവ്. ആസ്ഥാനമന്ദിരത്തിന് കാവി കലർന്ന ചുകപ്പാണെങ്കിലും കോടാനുകോടി സഖാക്കൾ കൊച്ചുവെളുപ്പാൻ കാലത്ത് മൂലധനം വായിക്കുന്ന ദിനം തന്നെ ഉദ്ഘാടനം നിശ്ചയിച്ചത് വലിയ പാതകമൊന്നും ആകുന്നില്ല. പോരെങ്കിൽ ഷേക്സ്പിയറുടെ ചരമദിനവും.
മന്ദിരം എകെജിയുടെ പേരിലുള്ളതാണെങ്കിലും ഉദ്ഘാടനദിനം ഷെയ്ക്സ്പിയറുടെ ചരമദിനത്തിൽതന്നെ ആകുന്നതിലുമുണ്ട് കാവ്യഭംഗി. ശുഭാന്തം മാത്രം രചിച്ചയാളല്ല ഷെയ്ക്സ്പിയർ. അദ്ദേഹത്തിൻറെ തൂലികയിൽനിന്ന് ദുരന്താന്ത്യവും പിറവികൊണ്ടിട്ടുണ്ട്. ആഗോളതലത്തിൽ ദുരന്തപര്യവസായി ആയി മാറിക്കഴിഞ്ഞ പാർട്ടിയുടെ അവശേഷിക്കുന്നിടത്തെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് അങ്ങനെയൊരു ദിനത്തിൽ തന്നെയാണ്.
അത്രയും ക്രിസ്റ്റൽ ക്ലിയറായി കാര്യങ്ങളുള്ള സ്ഥിതിക്ക് പത്തായമുദയത്തിന് ഇവിടെയെന്ത് സ്ഥാനം. അങ്ങനെയുള്ള അന്ധവിശ്വാസമൊന്നും പാർട്ടിക്കില്ല. പാർട്ടിയെ സംബന്ധിച്ചെടുത്തോളം പത്താമുദയം വെറുമൊരു സിനിമാപ്പേര് മാത്രമാണ്.
ശുഭദിനവും പത്താമുദയവുമൊന്നും നോക്കുന്ന രീതി പാർട്ടിക്ക് പണ്ടേക്കും പണ്ടേ ഇല്ല. അത് ഗണിച്ച് കണ്ടുപിടിച്ചുതരാൻ പാർട്ടി കണിയാന്മാരെ തേടി പോകാറുമില്ല. എന്തെങ്കിലും കാര്യം തുടങ്ങാനൊരു ദിവസം കണ്ടെത്തണമെങ്കിൽ ആകെക്കൂടി ആശ്രയിക്കുക പാർട്ടി പത്രത്തിൽ ചരിത്രത്തിൽ ഇന്ന് എന്ന കോളം കൈകാര്യം ചെയ്യുന്ന ലൈബ്രേറിയനെ മാത്രമാണ്.
അദ്ദേഹം ഫയൽ തപ്പും, ഓരോ ദിവസത്തെയും പ്രത്യേകത വിവരിക്കും. അങ്ങനെ നോക്കിയപ്പോഴാണ് വായനാദിനവും ഷെയ്ക്സ്പിയറുടെ ചരമദിനവും ഒത്തുവരുന്നത് കണ്ടത്. അവിടെ പത്താമുദയം കടന്നുവരുമെന്ന് സ്വപ്നേപി കരുതിയതേയില്ല.
ശത്രുക്കൾക്ക് അതൊന്നും കാര്യമല്ല. എങ്ങനെയെങ്കിലും പാർട്ടിയെ കളങ്കപ്പെടുത്തണമെന്നേ അവർക്കുള്ളൂ. അവരുടെ കണ്ണിലാണ് പത്താമുദയവും ശുഭദിനവും കയറിവന്നത്. ചിലർക്ക് അങ്ങനെയാണ്.
ഗണിതം കലശലായവർക്ക് പത്താമുദയം വന്ദേഭാരത് പോലെയാണത്രെ. വന്ദേഭാരതിന് കടന്നുപോകാൻ മറ്റെല്ലാ ട്രെയിനുകളും പിടിച്ചിടും. പത്താമുദയമുണ്ടെങ്കിൽ ആരുടെയും ചരമദിനമോ മറ്റേതെങ്കിലും വിശേഷ ദീനമോ പ്രശ്നമേയല്ല, പത്താമുദയം തന്നെയാണ് കണക്കാക്കേണ്ടതെന്നാണ് ശത്രുക്കളുടെ പക്ഷം.
പാർട്ടി കോൺഗ്രസ് വിജയിക്കാൻ തിരുവനന്തപുരത്തെ കാട്ടായിക്കോണം ശ്രീധർ സഖാവ് ഗണപതിക്ക് തേങ്ങയുടച്ചതൊക്കെ സത്യാന്തര കാലത്തിന് മുൻപേയുള്ള കഥ. നേതാക്കളുടെ ബന്ധുക്കൾ പൂമൂടൽ ചടങ്ങിന് പോകുന്നതും അമ്പലദർശനം നടത്തുന്നതും ഒറ്റപ്പെട്ട സംഭവങ്ങൾ.
പാർട്ടി കോൺഗ്രസിന് പോയാൽ അവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ബന്ധുക്കളെ അയക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ലാതെ മറ്റൊന്നുമല്ല. മലപ്പുറത്തെ തവനൂരിൽ പാലം പണിക്ക് മുൻപ് പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഭൂമിപൂജ നടത്തിയതും എണ്ണേണ്ടത് ഒറ്റപ്പെട്ട സംഭവത്തിൽ തന്നെ.
പാർട്ടിയുടെ സാമ്പത്തിക ജനറേറ്റർ എന്ന വിശേഷണമുള്ള നിർമാണ കമ്പനിയാണ് പാലം പണി നടത്തുന്നത്. നാക്കിലയിൽ അരിയും പഴവുമായി വിളക്കും ചന്ദനത്തിരിയും കൊളുത്താൻ പ്രാദേശിക നേതാക്കൾ ഒത്താശ ചെയ്ത് നൂറ് ശതമാനം ഒറ്റപ്പെട്ട സംഭവം.
ഈ പാർട്ടിയെക്കുറിച്ച് ജനങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് പ്രവചിച്ച മഹാനുഭാവനെ പൂവിട്ട് പൂജിക്കുകതന്നെ വേണം.