ക്ഷത്രിയൻ.
ചുകപ്പൻ പാർട്ടിയെ നയിക്കാൻ അങ്ങനെ എം.എ.ബേബി നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ നിയോഗത്തിൽ ഏറ്റവും കൂടുതൽ ആഹ്ളാദം പച്ചപ്പാർട്ടിക്കാണത്രെ.
വിശ്വസിക്കാൻ അത്രയങ്ങ് പ്രയാസപ്പെടുകയൊന്നും വേണ്ട. കാലമേറെയായി ചുകപ്പൻ പാർട്ടിക്കാരിൽ നിന്നും കേൾക്കേണ്ടിവന്ന പരിഹാസത്തിന് ഇതോടെ പരിസമാപ്തി ആകുമെന്ന വിശ്വാസമാണ് പച്ചപ്പാർട്ടിയുടെ ആഹ്ളാദത്തിന് കാരണം.
കേരളത്തിൽ ലോക്സഭയിൽ ചുകപ്പന്മാരുടെ ഇരട്ടിയുണ്ട് പച്ചപ്പാർട്ടിയുടെ അംഗബലം. എന്നിട്ടും ദേശീയ തലത്തിലുള്ള പച്ചപ്പാർട്ടിയുടെ സാന്നിധ്യത്തെ പരിഹസിക്കുക എന്നതാണ് ചുകപ്പൻ പാർട്ടിയുടെ സ്വഭാവം.
പാൻറ്സ് ധരിച്ചാൽ ദേശീയ കമ്മിറ്റിയും മുണ്ടുടുത്താൽ സംസ്ഥാന കമ്മിറ്റിയുമെന്നൊക്കെയായിരുന്
ഇങ്ങോട്ട് പരിഹസിച്ചാൽ തിരിച്ചും അതേ നാണയത്തിൽ പ്രതികരിക്കാനുള്ള വകയാണ് പച്ചപ്പാർട്ടിക്ക് കിട്ടിയത്. ഇ.എം.എസ്.നമ്പൂതിരിപ്പാടിന് ശേഷം പാർട്ടിക്ക് കേരളത്തിൽ നിന്നൊരു നായകൻ എന്നാണ് പാർട്ടിക്കാർ മഹിമ പറയുന്നത്.
സംഗതി ശരിയാണ്. പക്ഷെ നമ്പൂതിരിപ്പാടിൻ്റെയും ബേബിയുടെയും കാലങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. നമ്പൂതിരിപ്പാടിൻ്റെ കാലത്ത് പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പോകേണ്ടിവരുമായിരുന്നു.
പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമല്ല, പഞ്ചാബിലും ആന്ധ്രാപ്രദേശിലുമൊക്കെ ഒരു കണ്ണുവേണമായിരുന്നു നമ്പൂതിരിപ്പാടിന്. ബേബിക്ക് അത്രയൊന്നും അമിതഭാരം ചുമക്കേണ്ടതില്ല.
പശ്ചിമ ബംഗാളിലും ത്രിപുരയിലോന്നും പോകണമെന്നില്ല. കേരളം വിട്ടാൽ കേരളം എന്ന അവസ്ഥയിലാണ് പാർട്ടി എന്നതിനാൽ കേരളത്തിലും പിന്നെ ഡൽഹിയിലുമായി കഴിഞ്ഞാൽ മതിയാകും.
കേന്ദ്രത്തിന് ചെലവിന് നൽകുന്ന കേരളത്തിനും ചില്ലറക്കാശ് ലാഭമുണ്ട്. സെക്രട്ടറി മറ്റാരുമായിരുന്നെങ്കിൽ ചെലവിൻ്റെ കാശ് മണിയോർഡർ ആയോ ബാങ്ക് ട്രാൻസ്ഫർ ആയോ അയച്ചുകൊടുക്കേണ്ടി വന്നേനെ.
ഇതിപ്പോൾ കുണ്ടറ കാസ്ട്രോ നാട്ടിൽ വരുമ്പോൾ കാശ് നേരിട്ട് കൈപ്പറ്റാവുന്നതാണ്. മണിയോർഡർ ചാർജ് പാർട്ടിക്ക് ലാഭം. പുതിയ സെക്രട്ടറി ആയതോടെ ലോകം സടകുടഞ്ഞെഴുന്നേൽക്കുമെന്നത് ഉറപ്പ്.
സാർവദേശീയത്തിൽ പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിലാണ് സഖാവിൻ്റെ ചിന്ത അധികവും. ഡൽഹിയിലെ മോദിയേക്കാൾ അമേരിക്കയിലെ ട്രംപ് ആണത്രെ ഇന്ത്യയിലെ ചുകപ്പൻ പാർട്ടി സെക്രട്ടറി നിയമന വാർത്തയറിഞ്ഞ് ഞെട്ടിയത്.
കുണ്ടറ കാസ്ട്രോ സെക്രട്ടറി ആകുമെന്ന സൂചന വന്നപ്പോൾ തന്നെ ട്രംപിൻ്റെ പകരച്ചുങ്കം പദ്ധതി താളം തെറ്റിയത് കണ്ടില്ലേ? ഇനിയിപ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കറിയാം.
ചുകപ്പൻ നേതാക്കൾ ചികിത്സ തേടി അമേരിക്കയ്ക്ക് പോകുന്നതും പുതിയ സെക്രട്ടറി വിലക്കാൻ സാധ്യതയുണ്ട്. അത്രമാത്രം സാമ്രാജ്യത്വ വിരോധിയാണ് കക്ഷി. അമേരിക്കൻ ചികിത്സയിലുള്ളവർ തുടർചികിത്സക്കായി ക്യൂബയോ ചൈനയോ പറ്റുമെങ്കിൽ വടക്കൻ കൊറിയ തന്നെയോ തിരഞ്ഞെടുക്കണമെന്ന തീരുമാനവും പ്രതീക്ഷിക്കാം. പ്രായത്തിലെ ഇളവ് പോലെ ഇളവ് ചിലർക്കെങ്കിലും ലഭിച്ചെന്നും വരാം.
പുതിയ പാമ്പൻ പാലം യാഥാർഥ്യമായതും ചുകപ്പൻ പാർട്ടിക്ക് പുതിയ സെക്രട്ടറി വന്നതും ഏതാണ് ഒരേ സമയത്താണ്. പുതിയ ആശയം എന്ന നിലയിൽ ക്യൂബയിലേക്ക് നേരിട്ടൊരു പാലം കുണ്ടറ കാസ്ട്രോ ആലോചിച്ചുകൂടായ്കയില്ല.
തത്വാധിഷ്ഠിതമായിരിക്കും ഇനി കാര്യങ്ങളെന്നതാണ് ആകെയൊരു സമാധാനം. കേന്ദ്രത്തിലും കേരളത്തിലും തത്വചിന്തകരായ സെക്രട്ടറിമാർ ഒന്നിച്ച് വരുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ തന്നെ ചരിത്രത്തിൽ ഇതാദ്യമാണ്.
കോവിഡിൻ്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ചല്ല, അതിന് പിന്നിലെ സാമ്രാജ്യത്വ ശക്തികളുടെ സാന്നിധ്യത്തെക്കുറിച്ചാണ് പരിശോധിക്കേണ്ടതെന്ന് പറഞ്ഞയാളാണ് അഖിലേന്ത്യൻ.
കോഴിക്കോട്ട് വിട്ടാൽ ഷൊർണ്ണൂരിൽ നിർത്തുന്ന വന്ദേഭാരത് ട്രെയിനിൽ കുറ്റിപ്പുറത്ത് നിന്ന് അപ്പവുമായി കയറാമെന്ന് കണ്ടുപിടിച്ചയാളാണ് സംസ്ഥാനൻ.
ആശയസമ്പുഷ്ട പുഷ്കല കാലമായിരിക്കും ഇനി ചുകപ്പൻ പാർട്ടിയിൽ വിടർന്ന് പരിലസിക്കുക.
തത്വചിന്തകളിലൂന്നിയുള്ള ആശയ സംവാദങ്ങൾക്കിടയിൽ പാവം സഖാക്കൾ അന്തംവിട്ട് അന്താളിക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ് കട്ടനും പരിപ്പുവടയുമൊക്കെ ഒഴിവാക്കണമെന്ന് പണ്ട് ചിറ്റപ്പൻ നിർദേശിച്ചത്.
കേന്ദ്രത്തിലെ ഭരണം ഫാഷിസമാണോ നവഫാഷിസമാണോ എന്ന് കണ്ടെത്തലായിരിക്കും പുതിയ സെക്രട്ടറിയുടെ ആദ്യ ദൗത്യം. സംഗീതാത്മക മനസാണ് സെക്രട്ടറിയുടേത് എന്നതിനാൽ ക്ലാസിക്കൽ ഫാഷിസവും നവഫാഷിസവും എളുപ്പത്തിൽ തിരിച്ചറിഞ്ഞേക്കും.
കാര്യങ്ങളൊക്കെ പഠിച്ചുവരുന്നത് വരെയും ലാൽ സലാം, സഖാവെ, ലാൽ സലാം.