April 4, 2025 4:46 am

സാമ്രാജ്യത്വം ഞെട്ടട്ടെ, സംഗീതം പൂത്തുലയട്ടെ.

ക്ഷത്രിയൻ.

ധുരയിൽനിന്നുള്ള വാർത്തകൾക്ക് കാതോർക്കുകയാണ് ലോകം. ഉടലും തലയും വാലുമൊക്കെ കേരളത്തിൽ മാത്രമായി അവശേഷിക്കുന്ന ചുകപ്പൻ പാർട്ടിയുടെ പുതിയ ദേശീയ സെക്രട്ടറി ആരാകും എന്നതിനെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ലോകമെന്ന് ചുരുക്കം.

ഇങ്ങേതലയ്ക്കൽ അണ്ടിമുക്ക് ബ്രാഞ്ച് സെക്രട്ടറി മുതൽ അങ്ങേതലയ്ക്കൽ സാക്ഷാൽ ഡോണൾഡ് ട്രംപ് വരെയുണ്ടത്രെ വാർത്തയ്ക്ക് കാതോർക്കുന്നവരിൽ. കേരള ഘടകത്തിൻ്റെ താത്പര്യമായിരിക്കും സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ വിജയിക്കുക എന്നാണ് പൊതുനിഗമനം.

കേട്ടാൽ തോന്നും താത്പര്യം പ്രകടിപ്പിക്കാൻ മാത്രം ശേഷി കേരളത്തിന് പുറത്തും പാർട്ടിക്കുണ്ടെന്ന്. ഇന്ത്യയിലെ വിപ്ലവ പാർട്ടിയുടെ സെക്രട്ടറി ആരായിരിക്കുമെന്നാണത്രെ രണ്ടാം തവണ പ്രസിഡൻറായി ചുമതലയേറ്റ ശേഷം ഡോണൾഡ് ട്രംപ് ആദ്യം അന്വേഷിച്ചത്. അക്കാര്യം എത്രയും വേഗത്തിൽ അറിയിക്കാൻ സിഐഎയ്ക്കും ട്രംപ് നിർദേശം നൽകിയിരുന്നുവെന്നാണ് കേൾവി.

സംഗതി മറ്റൊന്നും കൊണ്ടല്ല. ഇറാൻ, ചൈന, സിറിയ, പലസ്തീൻ തുടങ്ങിയ വിഷയങ്ങളെക്കാൾ പ്രധാന്യം ഇന്ത്യയിലെ ‘ഠ’ വട്ടത്തുള്ള വിപ്ലവ പാർട്ടിക്കാണ് അമേരിക്ക പതിച്ചുനൽകിയിട്ടുള്ളത്.

കുണ്ടറ കാസ്ട്രോയെ തന്നെ വിപ്ലവപ്പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കണം. കക്ഷിയോളം യോഗ്യൻ നിലവിൽ ആ പാർട്ടിയിൽ ആരുമില്ല. പിബിയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കുമിടയിൽ പാലം പണിയാൻ ഇ.എം.എസ്.നമ്പൂതിരിപ്പാട് ഡൽഹിയിൽ കൊണ്ടുപോയ ആളാണ് കുണ്ടറ കാസ്ട്രോ.

അക്കൂട്ടത്തിലുണ്ടായിരുന്ന കാരാട്ടും യച്ചൂരിയുമൊക്കെ പിന്നീട് സെക്രട്ടറിമാരായി. പേര് ബേബിയെന്നാണെങ്കിലും പാർട്ടി സെക്രട്ടറിയാകണമെന്ന ചെറുതല്ലാത്ത ആശ കക്ഷിക്കുമുണ്ടാകില്ലേ.

പുതിയ കാലത്ത് സ്വാഭാവികമായും സാർവദേശീയ തലത്തിൽ ചിന്തിക്കുന്ന സെക്രട്ടറിയെയാണ് പാർട്ടിക്ക് ആവശ്യം. കേന്ദ്രത്തിലെ മുണ്ടുടുക്കാത്ത മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും തമ്മിൽ ഏതാണ്ട് ലോഹ്യത്തിൻ്റെ വക്കിൽ ആയതിനാൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സെക്രട്ടറി ദേശീയ കാര്യത്തിൽ അധികം തലയിടേണ്ടിവരില്ല.

സംസ്ഥാന കാര്യങ്ങളിൽ തലയിടാൻ ഗോവിന്ദൻ മാഷുമുണ്ട്. പിന്നെ വേണ്ടത് സാർവദേശീയ തലത്തിലാണ്. തൂണിലും തുരുമ്പിലും സാമ്രാജ്യത്വത്തിൻ്റെ സാന്നിധ്യം കാണാൻ മിടുക്കുള്ള കുണ്ടറ കാസ്ട്രോയ്ക്കാണെങ്കിൽ കാര്യങ്ങളെല്ലാം എളുപ്പവുമാണ്. വിഷയം ഏതായാലും അതിൽ സാമ്രാജ്യത്വത്തിൻ്റെ പങ്ക് കണ്ടെത്താൻ കക്ഷിക്കുള്ള കഴിവും അപാരമാണ്.

കൊറോണ വൈറസിൻ്റെ പ്രഭവ കേന്ദ്രം ചൈനയാണെന്ന് ലോകം മുഴുവൻ വിശ്വസിച്ചിരുന്നപ്പോൾ അമേരിക്കയുടെ ആഗോള സാമ്രാജ്യത്വത്തിൻ്റെ ഉത്പന്നമാണ് കൊറോണയെന്ന് തീർച്ചമൂർച്ചയോടെ പറയാൻ കുണ്ടറ കാസ്ട്രോ അല്ലാതെ വേറെ ആരുണ്ടായി.

സഖാവിൻ്റെ ആ പ്രസ്താവന വന്നില്ലായിരുന്നെങ്കിൽ യു എൻ രക്ഷാസമിതി ചേർന്ന് ചൈനയെ ഭൂലോകത്ത് നിന്ന് തന്നെ പുറത്താക്കാൻ പ്രമേയം പാസാക്കിയേനെ. ചൈനയെക്കുറിച്ച് അത്രയേറെ കരുതലുള്ള മറ്റൊരാളെ ഇന്ത്യയിൽ വേറെ കിട്ടില്ലതന്നെ. കക്ഷിയാണ് സെക്രട്ടറിയെങ്കിൽ ലോക മാധ്യമങ്ങളിൽ ട്രംപ് – ബേബി ഏറ്റുമുട്ടലാകും നിറഞ്ഞുനിൽക്കുക.

സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം മാത്രമല്ല തൊട്ടതെല്ലാം പൊന്നാക്കുന്ന കരവിരുതും ആൾക്ക് സ്വന്തമായുണ്ട്. രാഷ്ട്രീയത്തിനൊപ്പം കലയിലും സാഹിത്യത്തിലും ദൃശ്യമാധ്യമ രംഗത്തുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിത്വം.

പാർട്ടി ചാനൽ തുടങ്ങുന്നതിൽ പ്രഥമ സ്ഥാനത്തുണ്ടായിരുന്നു കക്ഷി. ഇന്നിപ്പോൾ പാർട്ടിക്കാർ തന്നെ ആ ചാനൽ കാണാറില്ലെന്ന് ഗോവിന്ദൻ മാഷ് പരിഭവപ്പെടുന്നിടത്തോളം ചാനൽ വളർന്നുവെങ്കിൽ കുറ്റം കാസ്ട്രോയുടേതാകുന്നില്ല.

സംഗീതം ലഹരിയാണ് കക്ഷിക്ക്. സ്വരലയയിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിനും ഗസലിനുമൊക്കെ ജനകീയത നൽകിയ ആളെന്ന നിലയിൽ സംഗീതക്കച്ചേരിയൊക്കെ പാർട്ടി പരിപാടിയിൽ ഉൾപ്പെടുത്താനും എളുപ്പമാകും.

സംഗീതത്തിലിടപെടുമ്പോൾ ചിറ്റപ്പൻ ജയരാജനെപ്പോലുള്ളവർ ഒന്ന് കരുതിയിരിക്കുന്നതും നന്നായിരിക്കും. പണ്ട് സംഗീതക്കച്ചേരിക്കിടെ ഒരു ഉസ്താദ് ഖാൻ പാട്ട് പെട്ടെന്ന് നിർത്തിയത്രെ. സദസിൽ മുൻ നിരയിൽ ഇരിക്കുന്നവരിൽ പലരും കച്ചേരി ആസ്വദിക്കുന്ന മൂഡിൽ അല്ലെന്നും അവരൊക്കെ പുറത്ത് പോയെങ്കിൽ മാത്രമേ തുടരാനാകൂവെന്നും  ഉസ്താദ് പറഞ്ഞതോടെ പലർക്കും പുറത്തുപോകേണ്ടി വന്നുവെന്ന് കേട്ടിട്ടുണ്ട്.

കുണ്ടറ കാസ്ട്രോയാണ് സെക്രട്ടറിയാകുന്നതെങ്കിൽ ഉത്തരേന്ത്യയിലൊക്കെ കച്ചേരിയും ഗസലുമൊക്കെ ഒരുക്കി പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കാനും കഴിയും. കാരണഭൂതാ….. പാർട്ടിയെ വളർത്താനുള്ള അവസരം ഇല്ലാതാക്കരുത്. കാസ്ട്രോ വരുന്നതിനെ എതിർക്കുകയുമരുത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News