ക്ഷത്രിയൻ.
ഉത്സവപ്പറമ്പിൽ കൈരേഖ നോക്കുന്ന കുറത്തിക്കും പാർട്ടി സമ്മേളനത്തിൽ നവകേരള സൃഷ്ടിപ്പിന്നായി നയരേഖ അവതരിപ്പിച്ച ക്യാപ്റ്റനും ഒരേ മനസാണെന്ന് തോന്നുന്നു.
നോക്കുന്നത് കൈരേഖയാണെങ്കിലും കുറത്തിയുടെ കണ്ണ് കസ്റ്റമറുടെ കീശയിലായിരിക്കുമെന്നതാണ് വസ്തുത. ക്യാപ്റ്റനെ സംബന്ധിച്ചാണെങ്കിൽ അത് പൊതുജനത്തിൻറെ കീശയും. ആറ്റുനോറ്റ് കാത്തിരിക്കവെ മുൻപിൽ വന്നുപെടുന്നയാളെ വശത്താക്കാൻ അസാധാരണ വാഗ്വിലാസമായിരിക്കും കുറത്തിയുടേത്.
വൈദഗ്ധ്യം ‘കൈരേഖാ ശാസ്ത്രത്തി’ലാണെങ്കിലും ആളുടെ മുഖം നോക്കി ഒന്നുരണ്ട് ‘ലക്ഷണം’ മൊഴിഞ്ഞാകും വലയിൽ വീഴ്ത്തുക. ക്യാപ്റ്റൻറെ കാര്യത്തിലും അത് തന്നെ സ്ഥിതി. നവകേരളം, പുതുവഴി എന്നൊക്കെയാണ് പ്രാരംഭ വായ്ത്താരി. ആൾ വലയിൽ വീണുവെന്ന് ഉറപ്പിച്ചാൽ കുറത്തി ദക്ഷിണ ചോദിക്കും.
അതും നൽകി നീട്ടിനൽകുന്ന കൈവെള്ളയിലൂടെ ലെൻസ് പിടിച്ചോ അല്ലാതെയോ തുടർന്ന് കുറത്തി വചനങ്ങൾ നയാഗ്രാ വെള്ളച്ചാട്ടം പോലെ ഒഴുകും. ഇടക്ക് വല്ലതും കസ്റ്റമറെ അസ്വസ്ഥനാക്കുന്നുവെന്ന് തോന്നിയാൽ പ്രതിവിധിയും ഉടനെയുണ്ടാകും. ധനരേഖയിൽ ഒരിടത്ത് മറ്റൊരു രേഖ കടന്നുവരുന്നുണ്ടെന്നും അത് ധനനഷ്ടത്തിന് കാരണമാകുമെന്നും പറയുന്നത് കേട്ടാൽ ഏത് സാധുവും ഒന്ന് അങ്കലാപ്പിലാകും.
ആ അങ്കലാപ്പ് ഇല്ലാതാക്കാർ കുറത്തി ലെൻസ് ഒന്ന് അടുപ്പിച്ച് പിടിച്ച് മൊഴിയും ……. എന്നാൽ രേഖയുടെ ഈ വളവ് വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായിത്തീരും. അങ്ങനെ കസ്റ്റമറെ ആശങ്കപ്പെടുത്തിയും സന്തോഷപ്പെടുത്തിയും മുന്നേറുന്ന കുറത്തിയുടെ വൈദഗ്ധ്യം തന്നെയാണ് ക്യാപ്റ്റൻ നയരേഖയുടെ അവതരണത്തിലും തുടർന്നും പ്രകടമാക്കിയിട്ടുള്ളത്.
നവകേരളമെന്നത് നാലാളുകൾ കേട്ടാൽ കൊതി തോന്നുന്ന വാക്കാണ്. പരശുരാമൻ മഴുവെറിഞ്ഞു പോയതിന് ശേഷം കേരളത്തിൽ ആരും തൂമ്പ കൊണ്ട് കിളച്ചിട്ടുപോലും ഇല്ല. അതുകൊണ്ട് തന്നെ കിളകീറിയും വെള്ളം നനച്ചുമൊക്കെ കേരളത്തെ നവം ആക്കേണ്ടതുണ്ട്. അതിനുള്ള നിയോഗമാണ് ഏറ്റെടുത്തതെന്നാണ് ക്യാപ്റ്റൻറെ മുഖവുര കേട്ട സഖാക്കൾക്ക് തോന്നിയത്. ഉത്സവപ്പറമ്പിൽ കുറത്തിയാണെങ്കിൽ പാർട്ടി ഉത്സവവേദിയിൽ അത് ക്യാപ്റ്റൻ ആയെന്ന് മാത്രം.
ഒരർഥത്തിൽ ക്യാപ്റ്റൻ അവതരിപ്പിച്ചത് ബദൽ രേഖയാണ്. ഇതിന് മുൻപ് ബദൽ രേഖയുണ്ടായത് 1980കളിലാണ്. അന്ന് പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെതിരെയായിരുന്നു ബദൽ രേഖ. ഇക്കാലമത്രയും അനുവർത്തിച്ച ഭരണശീലങ്ങൾക്കെതിരെയുള്ള ബദൽ രേഖയാണ് നയരേഖ എന്ന പേരിൽ ഇപ്പോൾ പുറത്തുവന്നത്.
രാഷ്ട്രീയ ബദൽ രേഖ അവതരിപ്പിച്ചതിന് എം.വി.രാഘവൻ പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടിവന്നുവെങ്കിൽ ഭരണശീല മാറ്റത്തിനു വേണ്ടിയുള്ള ബദൽ രേഖ അവതരിപ്പിച്ച ക്യാപ്റ്റന് ഒരു പൊല്ലാപ്പും നേരിടേണ്ടിവന്നില്ല എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്.
കാലത്തിനനുസരിച്ച് മാറാൻ പാർട്ടി തയാറായിരിക്കുന്നുവെന്ന് മാത്രം വിശ്വസിച്ചാൽ മതി. ആമസോൺ കാടിലെ തീയും അൻറാർട്ടിക്കയിലെ ഐസും തുടങ്ങിയ സാർവദേശീയ വിഷയം ചർച്ച ചെയ്യാതെ ഒരു സമ്മേളനവും കടന്നുപോയിട്ടില്ല.
പഴയ രേഖകൾ പരതിയാൽ ഓസോൺ പാളിയിലെ വിള്ളലിനെക്കുറിച്ച് ചർച്ച ചെയ്തതായി കാണാം. അത് സാർവദേശീയത്തിൽ പെടുത്തണമോ അതല്ല ബഹിരാകാശം എന്ന ഉപശീർഷകത്തിൽ വേണോ എന്നുപോലും തലനാരിഴ കീറി പരിശോധിച്ചിരുന്ന കാലമുണ്ടായിരുന്നു.
തുടർന്ന് ദേശീയതയിലൂടെ പ്രാദേശികത്തിലെത്തി അണ്ടിമുക്കിലെ സഖാക്കൾക്കിടയിലെ വിഭാഗീയത, കാരണങ്ങളും പ്രതിവിധികളുമെന്നത് വരെ ചർച്ച ചെയ്തായിരുന്നു സമ്മേളനതിന് കൊടിയിറങ്ങുക. ഇത്തവണം സംസ്ഥാന സെക്രട്ടറിയുടെ സംഘടനാ റിപ്പോർട്ടിനു വരെ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് വിവരം. സമ്മേളനത്തിലെ മുക്കാലെ മുണ്ടാണി സമയവും ക്യാപ്റ്റൻറെ നയരേഖയിലായിരുന്നുവത്രെ.
ജനങ്ങളെ പിഴിയാനുള്ള ഉത്തമ ഉപാധിയാണ് നയരേഖയിലെ നിർദേശങ്ങളെന്ന് മനസിലാക്കിയവർ സമ്മേളന പ്രതിനിധികളിലുണ്ടായിരുന്നുവന് നത് തീർച്ച. അതുകൊണ്ട് മാത്രമാണ് നിർദേശങ്ങൾ പലതും സാധ്യത മാത്രമാണെന്ന് പറഞ്ഞൊഴിയാൻ അവസാനം ക്യാപ്റ്റൻ തന്നെ തയാറായത്.
സെസിനെ കുറിച്ചുള്ള കാര്യം തന്നെയെടുക്കുക. നടപ്പാക്കുമെന്നല്ല, സാധ്യതയെന്ന് മാത്രമാണത്രെ സെസിനെക്കുറിച്ച് ഇപ്പോഴത്തെ ‘തർജ്ജമ’. അനങ്ങിയാൽ സെസ് എന്നുവന്നാൽ ജനങ്ങളും അനങ്ങിത്തുടങ്ങുമെന്ന ബോധം വന്നപ്പോഴാണ് അത് സാധ്യത മാത്രമായി മാറിയത്.
സാധ്യതയ്ക്ക് ഒരു സൗകര്യമുണ്ട്. ഇപ്പോൾ ഇല്ലെങ്കിലും സാവകാശം അത് സാധുതയാക്കി മാറ്റാം. ഇനിയുള്ള കാലം സഖാക്കൾ ദിനേന മൂന്ന് നേരം സെസ് എന്ന് ഉരുവിട്ടുകൊണ്ടേയിരിക്കണം. ഒരു കാര്യം നിത്യേനയായാൽ അവസാനം അത് സ്ഥായിയായിത്തീരുമെന്ന സങ്കൽപ്പമാണ് ഈ സാധ്യതാ തിയറിക്ക് പിന്നിൽ. ഇങ്ങനെ പല സാധ്യതകളും പരീക്ഷിച്ച അനുഭവം ക്യാപ്റ്റനും കൂട്ടർക്കുമുണ്ട്.
കഴിഞ്ഞു പോയ കാര്യത്തിന് വരാൻ പോകുന്നയെന്ന അർഥത്തിൽ എസ്റ്റിമേറ്റ് കണക്കാക്കിയ ഭരണമാണ്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹമെല്ലാം അടക്കിക്കഴിഞ്ഞ ശേഷം ഓരോ ശവമടക്കിനും മുക്കാൽ ലക്ഷം വീതം കണക്കാക്കുകയും വിവാദമായപ്പോൾ അത് എസ്റ്റിമേറ്റ് ആണെന്ന് വിശദീകരിക്കുകയും ചെയ്ത സാമ്പത്തിക വിശാരദന്മാർ സെസ് എന്ന സാധ്യത സാധുതയാക്കാൻ അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല. അന്നും സഖാക്കളുടെ സൈബർ ക്യാപ്സൂൾ ഫാക്ടറികൾ സജീവമായിരിക്കുമെന്ന് മാത്രം.
Post Views: 134