March 10, 2025 6:56 pm

മുകേഷിൻ്റെ ദുഃഖവും ബാലൻ്റെ വ്യഥയും

ക്ഷത്രിയൻ 

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് പഴമൊഴി. എന്നാൽ കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന അവസ്ഥയിലാണിപ്പോൾ കൊല്ലം എംഎൽഎ മുകേഷ്.

തറവാട്ടിൽ ഉത്സവം നടക്കുമ്പോൾ അന്യദിക്കുകളിൽനിന്ന് പോലും ബന്ധുക്കൾ എത്തുക എന്നതാണ് നാട്ടുനടപ്പ്. എന്നാൽ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുമ്പോൾ കൊല്ലത്തുകാരനായ എം എ എ പരിസരത്ത് പോലും ഉണ്ടാകാൻ പാടില്ലെന്നാണ് വിപ്ലവപ്പാർട്ടി തീരുമാനം.

പെറ്റമ്മ പോലും പൊറുക്കാത്ത പാതകമാണ് മുകേഷിനോട് പാർട്ടി ചെയ്തത്. ഉത്സവപ്പറമ്പിൽ അലഞ്ഞുതിരിഞ്ഞു നടക്കലും ബലൂണും പീപ്പിയും വാങ്ങലും കപ്പലണ്ടി കൊറിക്കലുമൊക്കെ കുട്ടികളുടെ അവകാശമാണ്.

കുട്ടിത്തം വിട്ട ചെറുപ്പക്കാരാണെങ്കിൽ അത്യാവശ്യം ‘ലൈനടി’യും ഉണ്ടായേക്കും. ഇതിപ്പോൾ അതിനൊന്നിനും അവസരം നൽകാത്ത വിധമാണ് മുകേഷിനെ നാടുകടത്തിയിട്ടുള്ളത്. സമ്മേളന പ്രതിനിധി അല്ലെങ്കിലും ഉദ്ഘാടന സദസിലും സമ്മേളന നഗറിലുമൊക്കെ സ്വാഭാവികമായും സാന്നിധ്യം കൊതിച്ചിട്ടുണ്ടാകണം മുകേഷ്.

അങ്ങനെയുള്ള മുകേഷിനാണ് മാറി നിൽക്കേണ്ടിവന്നത്. കാരണമായി പറയുന്നതാകട്ടെ അഭിനയവും. മുകേഷും അഭിനയവും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. മുകേഷിൻറെ ജീവിതം തന്നെ അഭിനയമാണ്. സിപിഎം എന്ന പാർട്ടിയുമായി അഭേദ്യമായ ബന്ധമായിരുന്നു മുകേഷിനെന്ന് ആരും കുറ്റപ്പെടുത്താറില്ല.

ഒ.മാധവൻറെ മകൻ സിപിഐക്കാരനായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അങ്ങനെയൊരാൾ ഒരു സുപ്രഭാതത്തിൽ കൊല്ലത്ത് സിപിഎം സ്ഥാനാർഥിയായി എന്നത് തന്നെ ഒരുതരം അഭിനയമാണ്. കൊല്ലത്ത് നിന്ന് നിയമസഭയിലേക്ക് മാത്രമല്ല, ലോക്സഭയിലേക്കും ഉത്തമൻ മുകേഷ് തന്നെയാണെന്ന് തീരുമാനിച്ചിട്ടുണ്ട് കഴിഞ്ഞ തവണ പാർട്ടി.

കൊല്ലത്തെ ജനങ്ങളുടെ പ്രബുദ്ധത എൻ.കെ.പ്രേമചന്ദ്രനെ വീണ്ടും ലോക്സഭയിലേക്ക് അയച്ചുവെന്ന് മാത്രം. പാർട്ടി ഇച്ഛിക്കുന്നതും ജനം വിചാരിക്കുന്നതും ഒന്നായിരുന്നെങ്കിൽ മുകേഷ് പാർലമെൻറിൽ എത്തേണ്ടതായിരുന്നു. മുകേഷിനെപ്പോലെ മഹാൻ കൊല്ലത്ത് വേറെ ആരുണ്ടെന്ന് ചോദിച്ചിട്ടുണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ വേളയതിൽ ചിന്താ ജെറോം എന്ന തീപ്പൊരി.

ആശുപത്രികളിൽ മരുന്നെവിടെയെന്നതിന് ഡിവൈഎഫ്ഐ പൊതിച്ചോറിനെക്കുറിച്ച് വാചാലയായ അതേ ചിന്ത. വാഴക്കുലയിൽ തട്ടി വീണതാണെങ്കിലും ചിന്തയുടെ ചിന്താശകലത്തിൽ അന്തംവിട്ടവരാണ് കൊല്ലത്തെ ജനങ്ങൾ. തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു,

ഹേമ കമ്മീഷനും പൊല്ലാപ്പുമൊക്കെയായി കുഴഞ്ഞു മറിയേണ്ടിയും വന്നുവെന്നതാണ് മുകേഷിൻറെ വിധി. അങ്ങനെയിരിക്കെയാണ് കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനം. സമ്മേളനസ്ഥലത്ത് സകലസ്ഥാനീയനായി ഉണ്ടാകുമെന്ന് മനസിൽ കരുതിക്കാണും മുകേഷും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.

സി.കേശവൻ ഹാളിലോ, ആശ്രാമം മൈതാനത്തോ അതുമല്ലെങ്കിൽ കൊല്ലം നഗരത്തിൽത്തന്നെയോ സമ്മേളന ദിവസങ്ങളിൽ കപ്പലണ്ടി വിൽക്കാൻ പോലും മുകേഷിന് അവസരം നിഷേധിച്ചിരിക്കുന്നു. കൊല്ലത്ത് നിന്ന് മാറിനിൽക്കേണ്ടിവന്നതിൻറെ കാരണം തിരക്കിയ പത്രക്കാരോടുള്ള മുകേഷിൻറെ മറുപടിക്ക് പത്തര മാറ്റുണ്ട്.

താനൊരു പാവമാണെന്നും വെറുതേ വിട്ടേക്കണമെന്നുമാണത്രെ പ്രതികരണം. കേരള രാഷ്ട്രീയത്തിൽ രേഖപ്പെടുത്തിയ പാവം ഒന്നേയുള്ളൂ. അത് കെ.കരുണാകരനൊപ്പം ഒരിക്കൽ ഹെലികോപ്റ്ററിൽ പറന്ന ആൻറോയാണ്. വിവാദം കൊഴുത്തപ്പോൾ ലീഡർ നൽകിയ വിശേഷണമാണ് പാവം പയ്യൻ എന്നത്.

അതിനുശേഷം ഇപ്പോഴാണ് ഒരു പാവത്തെക്കുറിച്ച് കേൾക്കുന്നത്. അത് മുകേഷ് മുകേഷിനെക്കുറിച്ച് നൽകിയ വിശേഷണമാണെന്ന് മാത്രം. ഓരോരുത്തർക്കും അവരവരെക്കുറിച്ച് അഭിമാനം നല്ല കാര്യം തന്നെ. പാവങ്ങൾ വേറെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും പാവങ്ങളുടെ പടത്തലവനായി പാർട്ടി പണ്ടേക്കും പണ്ടേ എകെജിയെ വിശേഷിപ്പിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല.

കൊല്ലത്ത് നിന്നുള്ള വാർത്തകളിൽ കൗതുകം നിറഞ്ഞത് എ.കെ.ബാലൻ്റെ മൊഴികളാണ്. ചെങ്കൊടി ഇല്ലെങ്കിൽ ലോകത്തിൻറെ അവസ്ഥ എന്തായിരിക്കുമെന്നാണ് ബാലൻ്റെ ചോദ്യം.

അസാധ്യ ജനുസിൽപ്പെട്ടയാളാണ് താനെന്ന് ബാലൻ പലവുരു തെളിയിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തിൻറെ തീവ്രതവരെ അളന്നുതിട്ടപ്പെടുത്തിയ മധ്യസ്ഥനാണ്. ബാലൻ്റെ പുതിയ സംശയത്തിൽ ലോജിക്ക് ഇല്ലാതില്ല.

സിംപിൾ ആയി ഒന്ന് ആലോചിക്കുക. കേരളത്തിൽ ചെങ്കൊടി ഇല്ലാതായെന്ന് സങ്കൽപ്പിക്കുക. ഒരു തീവണ്ടിയും ഒരു റെയിൽവേ സ്റ്റേഷനിലും നിൽക്കാത്ത അവസ്ഥ വരില്ലേ. അങ്ങനെ വന്നാൽ എം.വി.ഗോവിന്ദൻ്റെ സങ്കൽപ്പത്തിൽ കുറ്റിപ്പുറത്ത് നിന്ന് അപ്പം വിൽക്കാൻ കൊച്ചിയിലേക്ക് കയറേണ്ടരെ കയറ്റാൻ വന്ദേഭാരത് എങ്ങനെ നിർത്തും.

ഇനി അധവാ വല്ല എഞ്ചിൻ തകരാറും കാരണം നിർത്തിയാൽ തന്നെ അപ്പവുമായി വണ്ടിയിൽ കയറുന്നവരെ ഇറക്കാൻ കൊച്ചിയിൽ വണ്ടി നിർത്താൻ കഴിയുമോ. ട്രെയിൻ നിർത്താൻ ഉപയോഗിക്കുന്ന സാധനമല്ലേ ഈ ചെങ്കൊടി.

ക്യാപ്റ്റനെക്കുറിച്ച് വ്യക്തമായി പറയുന്നില്ലെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സൂചനകളുണ്ടെന്നാണ് പാർട്ടി സമ്മേളനത്തിൽനിന്നുള്ള മറ്റൊരു വാർത്ത.

വെളുത്ത നിറമുള്ള അരക്കയ്യൻ ഷർട്ട്. പ്രത്യേക രീതിയിൽ ഫ്ലീറ്റ് സഹിതമുടുക്കുന്ന ഡബിൾ ദോത്തി, ഇസ്തിരിയിട്ട നടത്തം, അച്ചടി മലയാളത്തിലുള്ള ഭാഷണം തുടങ്ങിയവയാണ് സൂചനകളെന്നാണ് പിന്നാമ്പുറ വർത്തമാനം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News