കാലം എല്ലാറ്റിനും കണക്കെടുക്കും

എസ്. ശ്രീകണ്ഠൻ

പിണറായിസത്തിൽ കാനം അഴകുഴമ്പായോ?. സിപിഐ സെക്രട്ടറി പദത്തിൽ കാനം ശോഭിച്ചോ മങ്ങിയോ?. എന്താണ് പൊതുജന വിവക്ഷ?. മരണം കണക്കെടുപ്പിൻ്റെ സമയമല്ലെന്ന് പറഞ്ഞ് വിമർശിച്ചേക്കാം.

CPM, CPI at loggerheads in Kerala over Maoist killings in Palakkad- The New Indian Express

പക്ഷെ, മരണം വെറും സ്തുതി പാടാനുള്ളതാണോ?. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി നാലേറ്. അതു കൊണ്ടായോ കമ്യൂണിസം. കാനത്തെ പ്രൊഫൈലു ചെയ്ത മാധ്യമങ്ങൾ ഈ കണക്കെടുപ്പ് ശരിയാംവണ്ണം നടത്തിയോ?. അക്കാദമിക താൽപ്പര്യത്തോടെ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് എല്ലാം ബോദ്ധ്യമായിട്ടുണ്ടാവും.

നിയമസഭാ സാമാജികനായി, വർഗ ബഹുജന സംഘടനകളുടെ നേതൃതലത്തിൽ ഒക്കെ കാട്ടിയ വീറും ഉശിരും പാർടി സെക്രട്ടറി എന്ന സ്പെല്ലിൽ ചോർന്നോ?. അങ്ങനെ ഒരാളുണ്ടോ എന്ന് തോന്നിപ്പിക്കും വിധം വല്യേട്ടൻ്റെ വാലാട്ടിയായോ?. വെളിയത്തെ , സുരേന്ദ്രനാഥിനെ , ചന്ദ്രപ്പനെ ഒക്കെ താരതമ്യം ചെയ്താൽ കാനം എവിടെ നിൽക്കുന്നു.

ആശയ സ്ഥൈര്യം കമ്യൂണുകൾക്ക് നഷ്ടമായിട്ട് കാലമെത്രയായി. എന്നാലും ഇടതു ഭരണത്തിൽ പ്രകടമായ നയവ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ, മൂല്യങ്ങൾ കൈമോശം വരുമ്പോൾ പാർടി സെക്രട്ടറി എന്തേ നിശബ്ദനായി. ഇടതു ഭരണത്തിൽ പാർടി എംഎൽഎ എൽദോ എബ്രഹാമിൻ്റെ കൈ സ്വന്തം പൊലീസ് തല്ലിയൊടിച്ചപ്പോൾ കാനം ചെയ്തത് ശരിയോ?.

കുത്തക വിരുദ്ധ സമരത്തിൽ മുണ്ട് മാടിക്കുത്തി പൊലീസിനെ നെഞ്ചുറപ്പോടെ നേരിട്ടതുൾപ്പടെ വെളിയം എന്ന കുറിയ മനുഷ്യൻ്റെ തലപ്പൊക്കം നമ്മൾ പലകുറി കണ്ടതാണ്. സുരേന്ദ്രനാഥിൻ്റെ മൗലിക ചിന്ത, ചന്ദ്രപ്പൻ്റെ വേറിട്ട വഴി.അങ്ങനെ എത്രയോ ചരിത്രം സത്യമായി മുന്നിൽ നിൽക്കുമ്പോൾ കാനം വല്യേട്ടനു മുന്നിൽ മുട്ടുമടക്കിയോ?.

നിരവധിയായ ആരോപണങ്ങളിൽ, വിവാദങ്ങളിൽ കാനം മൗനം ദീക്ഷിച്ചതായി സമൂഹത്തിന് തോന്നിയിട്ടുണ്ടോ?. ഈ ദിശയിൽ മാധ്യമങ്ങൾ അന്വേഷണം നടത്തിയോ?. വസ്തുതകളെ വസ്തുതകളായി പറയൂ. സുഖിപ്പിക്കൽ ജേണലിസം അവസാനിപ്പിക്കൂ. ജ്വലനം, ചെന്താരകം,വിപ്ളവ സൂര്യൻ … ക്ളിഷേകൾ നിറയ്ക്കലല്ല പത്രപ്രവർത്തനം .

പാർടി ജിഹ്വകൾ അതു ആവുംവിധം ചെയ്തോളും. കാലം എല്ലാറ്റിനും കണക്കെടുക്കും എന്ന ഓർമ്മ എല്ലാവർക്കും നല്ലത്. പാർടി സെക്രട്ടറി പദത്തിൽ കാലൂന്നുന്ന ബിനോയ് വിശ്വം അല്ലെങ്കിൽ ചിന്തിക്കും ഈ പത്രക്കാരൊക്കെ പൊട്ടന്മാരാണെന്ന്.

—————————————————————————————————————————————————————————-

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക