മുംബൈ: ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങൾക്കായി നീക്കിവെക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.
രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് കോൺഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇക്കാര്യം പറഞ്ഞ യോഗത്തിൽ താനുമുണ്ടായിരുന്നു. അന്നുതന്നെ തന്റെ എതിർപ്പ് അറിയിക്കുകയും ചെയ്തു.
ഇന്ത്യാ സഖ്യവും രാഹുൽ ഗാന്ധിയും മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. കർണാടക അവരുടെ പരീക്ഷണശാലയായിരുന്നു. സംസ്ഥാനത്തെ മുസ്ലിങ്ങളെ ഒറ്റരാത്രികൊണ്ട് അവർ ഒ.ബി.സി ക്വാട്ടയിൽ ഉൾപ്പെടുത്തി.
നേരത്തെ മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്. കോൺഗ്രസ് രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലിം വിഭാഗങ്ങൾക്ക് നൽകുമെന്നായിരുന്നു പരാമർശം.
‘മുമ്പ്, അവര്‍ അധികാരത്തിലിരുന്നപ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്തില്‍ മുസ്ലിങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു. അതിനര്‍ത്ഥം, അവര്‍ ഈ സമ്പത്ത് ആര്‍ക്ക് വിതരണം ചെയ്യുമെന്നാണ്? മോദി ചോദിച്ചു.
അവര്‍ അത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?’, ഏപ്രില്‍ 21-ന് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.
ഈ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.