ക്ഷത്രിയൻ
മാറ്റം എന്ന വാക്കല്ലാതെ മറ്റെല്ലാം മാറ്റത്തിനു വിധേയമാണെന്ന് പറഞ്ഞുവച്ചിട്ടുണ്ട് പാർട്ടിയുടെ ലോകാചാര്യൻ. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന എന്ന മധുരമനോഹര വായ്ത്താരി ഇന്ത്യൻ ആചാര്യൻറെ വകയായുമുണ്ട്.
അതുകൊണ്ട് തന്നെ വിപ്ലവപ്പാർട്ടിയുടെ നയപരിപാടികളിൽ പാർട്ടി കോൺഗ്രസുകൾക്കിടയിലോ നേതാക്കളുടെ വാക്കുകളിൽ മണിക്കൂറുകളുടെ ഇടവേളകളിലോ പ്രകടമാകുന്ന മാറ്റങ്ങൾ കുറ്റകരമല്ലെന്ന് വിശ്വസിക്കാൻ ബാധ്യസ്ഥരാണ് അണികൾ.
ഏറ്റവുമൊടുവിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിലപാട് ന്യയവ്യതിയാനമേ ആകുന്നില്ലെന്ന് വരുത്തിത്തീർക്കാനുള്ള ഭഗീരഥശ്രമത്തിലാണ് എം.വി.ഗോവിന്ദൻ തൊട്ട് എളമരം കരീം വരെയുള്ള സൈദ്ധാന്തികർ.
മുതലാളിത്ത മൂലധനമോന്നൊക്കെ പണ്ട് പാർട്ടി ക്ലാസുകളിൽ കേട്ടിരുന്ന അണികളിപ്പോൾ അതെന്ത് ചുണ്ണാമ്പാണെന്ന് സംശയിക്കുന്ന പരുവത്തിലാണ്. പെട്ടിക്കടയിലെ പുട്ട് പഞ്ചനക്ഷത്ര ഹോട്ടലിലെ സ്റ്റീം കേക്ക് ആകുന്നതും കഞ്ഞിക്കടയിലെ കഞ്ഞി കോവളം അശോകയിലെ റൈസ് സൂപ്പാകുന്നതുമൊക്കെപ്പോലെയേ ഉള്ളൂ പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
മധുര മനോഞ്ജ ചൈനയെപ്പോലെ ഇന്ത്യയും വളരണമെന്നത് വിപ്ലവപ്പാർട്ടിയുടെ പ്രഖ്യാപിത താത്പര്യമാണ്. വളർച്ചക്കാവശ്യമായ വക സ്വകാര്യമേഖലയിൽ നിന്നാണെങ്കിൽ അതും സ്വീകാര്യമാണെന്ന് വരുന്നത് ആ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ്. സർക്കാർ വക കൊല്ലത്തുള്ള അണ്ടിപ്പീടിക അടച്ചുപൂട്ടേണ്ടി വന്നാൽ അത് മുച്ചൂടും അവിടുത്തെ അണ്ടി മുതലാളിയെ ഏൽപ്പിക്കുന്നത് ഒരിക്കലും ന്യയവ്യതിയാനമായി കണക്കാക്കേണ്ടതേയില്ല.
നാലാൾ അറിയുന്ന സ്ഥാപനങ്ങൾ നാടാകെ അറിയുന്ന മുതലാളിമാരുടെ കൈകളിലെത്തിയാൽ സ്ഥാപനത്തിൻറെ മൊഞ്ച് കൂടുമെന്നല്ലാതെ ഒരു ദോഷവും സംഭവിക്കാനില്ല. മുതലാളിയെന്നാൽ അത് യൂസഫലിയും രവി പിള്ളയും ഗൾഫാറുമൊന്നും ആകണമെന്നില്ല. പാർട്ടി തന്നെ മുതലാളിയായി അവതരിക്കാനും ന്യായമുണ്ട്. കണ്ണൂരിലെ തിരുവേപ്പതി മില്ലിന് ചരമഗീതം പാടിയ ശേഷം നായനാർ അക്കാദമിയായി പരിണാമം ലഭിച്ചത് അങ്ങനെയാണ്.
പാവപ്പെട്ടവനിട്ടാൽ വള്ളി ട്രൗസറും പണക്കാരനിട്ടാൽ ബർമുഡയും ആകുന്ന കാലമാണിത്. വലത് മുന്നണി തീരുമാനിച്ചാൽ രാജ്യദ്രോഹവും ഇടതുമുന്നണി തീരുമാനിച്ചാൽ രാജ്യസ്നേഹവുമാകുന്ന മറിമായത്തിന് കേരളത്തോളം പഴക്കവുമുണ്ട്. മുതലാളിത്ത മൂലധനത്തിലേക്കുള്ള നോട്ടം രണ്ടാം പിണറായിയായിട്ട് തുടങ്ങിയതൊന്നുമല്ല. കൊല്ലം സമ്മേളനത്തിലുണ്ടായ അത്ഭുതപ്രതിഭാസമാണ് അതെന്ന് കരുതുന്നതേ തെറ്റ്.
കേരളത്തിലേതിനേക്കാൾ കരുത്തുള്ള കിരീടവും ചെങ്കോലുമായി പശ്ചിമ ബംഗാൾ ഭരിച്ച കാലത്ത് തന്നെ പാർട്ടി പരിശോധിച്ച കാര്യമാണത്. ജ്യോതി ബസുവിൻറെ കാലത്ത് പുത്രൻ ചന്ദൻ ബസുവൊക്കെ ആളായത് അങ്ങനെയാണ്. അവസാനം ടാറ്റയും ബിർളയുമൊക്കെ നന്ദിഗ്രാമിലും സിന്ദൂരിലുമെല്ലാം കയറി നിരങ്ങിയതിൻറെ ഫലമായി ബംഗാളിലെ ജില്ലാ സെക്രട്ടറിമാർ കയ്യൂരിലും കരിവെള്ളൂരിലും വയലാറിലും പുന്നപ്രയിലുമൊക്കെ തട്ടുകടകളിൽ പൊറോട്ട അടിക്കുന്നവരായി മാറിയെന്നത് അനന്തരഫലം.
നവകേരളത്തിനുള്ള പുതുവഴിയായി അവശതയനുഭവിക്കുന്ന പൊതുമേഖലകളിൽ സ്വകാര്യ മൂലധനം ആകാമെന്ന പിണറായി വിജയൻറെ കുറിപ്പും ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് തീരെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന കുറ്റപത്രവും ഒരേദിവസം കൈകാര്യം ചെയ്യാൻ കഴിയുന്നുവെന്നിടത്താണ് വിപ്ലവപ്പാർട്ടിയുടെ മിടുക്ക്. പണ്ട് കേരളത്തിൽനിന്ന് മുംബൈയിലേക്ക് ധാരാളം ബസുകൾ സർവീസ് നടത്തിയിരുന്ന കാലത്ത് രാത്രി ഭക്ഷണത്തിനായി നിർത്തുന്ന ചില സ്ഥലങ്ങളുണ്ട്.
വർണവിളക്കുകൾ മിന്നിത്തിളങ്ങുന്ന പശ്ചാത്തലത്തിൽ ചില ഹോട്ടലുകളുടെ പേര് ശ്രീകൃഷ്ണവിലാസം ഉഡുപ്പി ഹോട്ടൽ, രാകൃഷ്ണാ കഫെ എന്നൊക്കെയായിരിക്കും. മറ്റു ചിലതിൻറെ പേര് റഹ്മത്ത് ഹോട്ടൽ, മുബാറക് ഹോട്ടൽ എന്നിങ്ങനെയും. ഒരേനിരയിൽ കിടക്കുന്ന ഹോട്ടലുകളാകും പലതും. ശുദ്ധ പച്ചക്കറി മാത്രം ആഗ്രഹിക്കുന്ന യാത്രക്കാരനെ ഉദ്ദേശിച്ചുള്ളതാണ് ശ്രീകൃഷ്ണ ഹോട്ടൽ. ആടും മാടുമൊക്കെ താത്പര്യമുള്ളവർക്ക് മുബാറക് ഹോട്ടലും. ബസിറങ്ങുന്ന യാത്രക്കാർ അവരുടെ അഭിരുചിക്കനുസരിച്ച് വെജ് ഹോട്ടലിലും നോൺവെജ് ഹോട്ടലിലും കയറും.
ആവശ്യമായ വിഭവങ്ങൾ ഓർഡർ ചെയ്യും. ഭക്ഷണം കഴിച്ച ശേഷം കാശും നൽകി സ്ഥലം വിടും. പാവം യാത്രക്കാർ അറിയില്ല, രണ്ട് ഹോട്ടലുകളും ഒരാളുടേതാണെന്നും രണ്ട് ഹോട്ടലുകളുടെയും കിച്ചൻ ഒന്നാണെന്നും. പോത്തിറച്ചിയും സാമ്പാറും ഒരേ അടുപ്പിലാണ് വെന്തതെന്നും. അതുപോലൊരു അവസ്ഥയിലാണിപ്പോൾ വിപ്ലവപ്പാർട്ടി.
പൊതുമേഖലയെക്കുറിച്ച് കരുതലും വേണം സ്വാകാര്യമൂലധനത്തോട് ആർത്തിയും വേണം. അതിനിടയിൽ അങ്കലാപ്പിൽ കഴിയുന്ന അണികളോട് മൂലധനത്തെക്കുറിച്ചുള്ള ശങ്കാശങ്കകൾ വ്യവഹരിക്കാനുള്ള പെടാപ്പാടും. പൊതുസ്ഥാപനങ്ങളിൽ സ്വകാര്യ നിക്ഷേപമിറക്കിയാൽ പൊതുമേഖലാ സ്ഥാപനം ഇല്ലാതായെന്ന് പണ്ട് ദേശാഭിമാനി ഫണ്ടിലേക്ക് പശുവിനെ നൽകിയ പാലോറ മാതാവിനോടോ പ്രളയനിധിയിലേക്ക് ആടിനെ നൽകിയ കൊല്ലത്തെ താത്തയോടോ ചോദിച്ചാൽ പോലും മനസിലാകും.
ആ പൊല്ലാപ്പ് ഒഴിവാക്കാനിപ്പോൾ പിപിപി, കോപ്പ് എന്നൊക്കെ പറയുന്നത്. സർക്കാറിൻറെ കയ്യിലുള്ളപ്പോൾ നഷ്ടത്തിലാകുന്ന സ്ഥാപനം സ്വകാര്യ നിക്ഷേപമെത്തുമ്പോൾ ലാഭത്തിലാകുമെങ്കിൽ അതിൻറെ പിന്നിലും കാണില്ലേ വല്ല ഹിക്മത്തും. വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിൽ യുക്തിക്കെന്ത് വില!
Post Views: 150