ആറ്റിങ്ങൽ: മോഷണത്തിൽ പുതിയ പാതകൾ തേടി ഒരു മോഷ്ടാവ് . സിനിമാ തിയേറ്റർ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം . നീലഗിരി സ്വദേശി വിബിൻ(30) ആണ് മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായത്. ടിക്കറ്റെടുത്ത് തിയേറ്ററിലെ സീറ്റിലെത്തുന്ന വിബിൻ ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരുന്ന ശേഷം സിനിമ തുടങ്ങുമ്പോൾ വസ്ത്രം ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്കു പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്സ് മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിക്കും.
സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല.
കഴിഞ്ഞയാഴ്ച ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവതികളുടെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. പണം നഷ്ടപ്പെട്ടവർ തിയേറ്റർ അധികൃതരെ പരാതി അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ തിയേറ്റർ അധികൃതർ ദൃശ്യങ്ങൾ പോലീസിനു കൈമാറുകയും പരാതി നൽകുകയും ചെയ്തു.
പരാതി ഉയർന്നതോടെ പല തിയേറ്ററുകളിലും സമാനമായ രീതിയിൽ മോഷണം നടന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ മുരളീകൃഷ്ണൻ, എസ്.ഐ. ശ്രീകുമാർ, സി.പി.ഒ. നന്ദു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. തമിഴ്‌നാട് നീലഗിരി നെല്ലാർ കോട്ടയിൽ കണ്ണച്ചാംപറമ്പിൽ വിബിൻ(30) ആണ് അറസ്റ്റിലായത്.