ചൈന സർക്കാർ 1300 മുസ്ലിം പള്ളി പൂട്ടി

ബീജിംഗ്: കമ്യൂണിസ്ററ് പാർട്ടിയുടെ ഏകാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ചൈനയിൽ ഇസ്ലാം ആചാരങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥാപിത ശ്രമങ്ങൾ തുടരുന്നുവെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) പുതിയ റിപ്പോർട്ടിൽ ആരോപിച്ചു.പള്ളികൾ അടപ്പിക്കുകയോ നശിപ്പിക്കുകയോ രൂപാന്തരം വരുത്തുകയോ ചെയ്യുന്ന നടപടികൾ അതിശക്തമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് ഏകദേശം 20 ദശലക്ഷം മുസ്ലീങ്ങളുണ്ട് എന്നാണ് സർക്കാർ കണക്ക്. ഇതിൽ തന്നെ രണ്ട് പ്രധാന മുസ്ലീം വിഭാഗങ്ങളുണ്ട്.എട്ടാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലത്ത് ചൈനയിലെത്തിയ മുസ്ലീങ്ങളിൽ നിന്നുള്ളവരാണ് ഹൂയികൾ. രണ്ടാമത്തെ വിഭാഗം ഉയ്ഗൂറുകളാണ്.

“ ഇസ്‌ലാം ആചാരങ്ങൾ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സർക്കാർ മോസ്‌കുകൾ അടച്ചുപൂട്ടലും നശിപ്പിക്കലും പുനർനിർമ്മിക്കുന്നതും,” ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ആക്ടിംഗ് ചൈന ഡയറക്ടർ മായ വാങ് പറഞ്ഞു.വർദ്ധിച്ചുവരുന്ന തെളിവുകളെ തുടർന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Mosques in China: Architecture & Aesthetics

 

ചൈനയിലെ മുസ്‌ലിംകളിൽ ഭൂരിഭാഗവും താമസിക്കുന്നത് രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ്, അതിൽ സിൻജിയാങ്, ക്വിൻഹായ്, ഗാൻസു, നിംഗ്‌സിയ എന്നിവ ഉൾപ്പെടുന്നു.എച്ച്ആർഡബ്ല്യു റിപ്പോർട്ട് അനുസരിച്ച് സ്വയംഭരണ പ്രദേശമായ നിംഗ്‌സിയയിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ ലിയോഖിയാവോയിൽ, ആറ് പള്ളികളിൽ മൂന്നെണ്ണത്തിൻ്റെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്തു. ബാക്കിയുള്ളവരുടെ പ്രധാന പ്രാർത്ഥനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തു.

2018 ഒക്ടോബറിനും 2020 ജനുവരിക്കും ഇടയിൽ ലിയോകിയാവോ ഗ്രാമത്തിലെ ഒരു പള്ളിയിൽ ഒരു വൃത്താകൃതിയിലുള്ള താഴികക്കുടം ചൈനീസ് ശൈലിയിലുള്ള പഗോഡ ഉപയോഗിച്ച് മാറ്റിപ്പണിതു. ഇതിൻ്റെ ഉപഗ്രഹ ചിത്രം റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

2020 മുതൽ നിംഗ്‌സിയയിലെ ഏകദേശം 1,300 പള്ളികൾ അടച്ചുപൂട്ടുകയോ വിശ്വാസികളെ മതം മാററുകയോ ചെയ്‌തതായി ചൈനീസ് മുസ്‌ലിംകളെക്കുറിച്ചുള്ള പണ്ഡിതനായ ഹന്നാ തിക്കർ ബി.ബി.സി യോട് പറഞ്ഞു.

എന്നാൽ ചൈന സർക്കാർ ഈ ആരോപണങ്ങളെ തള്ളുന്നു. തങ്ങളുടെ സംസ്ക്കാരത്തെ സംരക്ഷിക്കുന്ന ഭാഗമാണ് ഈ നടപടികൾ എന്നാണ് അവരുടെ അവകാശവാദം. ഇതിൻ്റെ അടിസ്ഥാനത്തിൽ 2018-ൽ ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പള്ളികളുടെ നിയന്ത്രണവും ഏകീകരണവും പരാമർശിക്കുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു.

Landmark Beijing Mosque Gives Way to 'Sinicization' Program

പള്ളികളുടെ നിർമ്മാണം, ലേഔട്ട്, ഫണ്ടിംഗ് എന്നിവ “കർശനമായി നിരീക്ഷിക്കണം”, രേഖയിൽ പറയുന്നു.പള്ളികൾ പരമാവധി പൊളിക്കാനും, കുറച്ചു മാത്രം പുനർനിർമ്മിക്കാനും രേഖ നിർദേശിക്കുന്നുണ്ട്. മൊത്തത്തിലുള്ള പള്ളികളുടെ എണ്ണം ചുരുക്കാൻ ശ്രമിക്കണമെന്ന് രേഖ സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നു.