തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിലെ ഡിവിആര്‍ പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്.
കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ആണ്
ഡിവിആര്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെനന്നും പോലീസ് അറിയിച്ചു.
ഇതുവരെ റോഡുകളിൽ സ്ഥാപിച്ച പല സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനിടെയിലാണ് ബസിനുള്ളിൽ മൂന്ന് സിസിടിവി ഉണ്ടെന്ന് അറിയുന്നത്. എന്നാൽ ബസ് സർവീസ് നടത്തുന്നതിനാൽ പരിശോധിക്കാൻ സാധിച്ചില്ല. തുടർന്ന് രാവിലെയാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത് . സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.