കൊച്ചി : അനധികൃതമെന്ന് ആരോപിക്കപ്പെടുന്ന ഭൂമി വിൽപ്പനയും കുർബാന വിവാദവും തിരിച്ചടിയായപ്പോൾ, സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിമർശിക്കപ്പെട്ട സഭാധ്യക്ഷൻ കൂടിയാണ് ആലഞ്ചേരി.
പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് അദ്ദേഹം വാര്ത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ പ്രശ്നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ സ്ഥാനത്യാഗം.
ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല.
. ,ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്.
കേരള കത്തോലിക്കാ സഭയിൽ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാർ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവിൽപ്പനയിലടക്കം ‘കണക്കുകൂട്ടലുകൾ’ പിഴച്ചിടത്താണ് ആലഞ്ചേരിക്ക് കാലിടറിയത്.
സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വിധിച്ചെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്.
2012 ഫെബ്രുവരി 18ന് കർദിനാൾ വർക്കി വിതയത്തിലിന്റെ പിൻഗാമിയായിട്ടാണ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരല്ലത്ത ഒരാൾ എറണാകുളം–അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു.
അക്കാലത്തുതന്നെ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അതങ്ങ് കയറിക്കൊളുത്തിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സഭാതലവനെ സംരക്ഷിക്കാൻ സിനഡും വത്തിക്കാനും ഒപ്പം നിന്നു.
അതിരൂപതയിൽ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്റ് മേരീസ് കത്തീട്രലിൽ കാലുകുത്താൻ പോലും വയ്യാത്ത ഗതികേടിലായി ആലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയിലെ കുർബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കർദിനാളും സിനഡും മുന്നോട്ട് പോയത്.
ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാർ സഭയുടെ തലവൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ വത്തിക്കാന് നേരിട്ട് റിപ്പോർട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.
കർദിനാൾ ഇതിനിടെ കൊച്ചി നഗരത്തിലെ അതിരൂപതയുടെ അരമനവിട്ട് കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മാറിയിരുന്നു. എൺപതിനോടടുക്കുന്ന കർദിനാളിന്റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.