പൗരത്വ ഭേദഗതി നിയമവും മതമുഷ്ക്കിന് പിന്തുണയും

പി.രാജൻ

ഭാരതത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സി പി എം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാൻ അതിൻ്റെ ആമുഖം വായിച്ച് പ്രകടനം നടത്തിയവർ പെട്ടെന്ന് തന്നെ ഭരണഘടനയിലെ 6-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്രം പാസ്സാക്കിയ പൗരത്വ നിയമത്തിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. മുസ്ലിമുകളിൽ ഭീതിയുണ്ടാക്കി കുറച്ച് വോട്ടും പാർളിമെൻ്റംഗത്വവും നേടാനുള്ള അടവ് നയം പയറ്റുകയാണ് മാർക്സിസ്റ്റ് – ഇന്ത്യ പ്രതിപക്ഷ സഖ്യത്തിൻ്റെ ലക്ഷ്യം.

മുസ്ലിമുകളോട് നിയമം വിവേചനം കാണിക്കുന്നവെന്ന ആക്ഷപത്തിനുള്ള ഉത്തരം ഭരണഘടനയിൽ തന്നെയുണ്ട്. ഭരണഘടനയുടെ ആറാം അനുച്ഛേദത്തിൽ പാക്കിസ്ഥാനിൽ നിന്ന് കുടിയേറുന്നവരെ മാത്രം പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത് തന്നെയാണ് വിവേചനത്തിൻ്റെ അടിസ്ഥാനം.

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യാ ഭൂഖണ്ഡം വിഭജിച്ച് മുസ്ലിമുകൾക്കുവേണ്ടിയുണ്ടാക്കിയ രാഷ്ട്രമാണ് പാക്കിസ്ഥാൻ. അവിടെ നിന്നു പഴയ ഇന്ത്യയിലേക്കു കുടിയേറുന്നവരെ മതപരിഗണന കൂടാതെ പൗരത്വത്തിന് അർഹരാക്കണമെന്ന വാദം നീതിബോധമില്ലാത്തത് മാത്രമല്ലാ മതമുഷ്ക്ക് കൂടിയാണ്.

ഒരു പരിഗണനയുമില്ലാതെ ബംഗ്ളാദേശിൽ നിന്ന് ആസ്സാമിലേക്ക് കുടിയേറിയവർക്ക് വോട്ടവകാശം കൊടുക്കുന്നതിനു കള്ളരേഖ സംഘടിപ്പിച്ചു കൊടുത്തവരാണ് ഇന്ത്യാ സഖ്യക്കാരുടെ പൂർവ്വികർ. ലോകത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്തും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നരയിരട്ടിയിലധികം വോട്ടർമാർ ആസ്സാമിലെ പല മണ്ഡലങ്ങളിലുമുണ്ടായി.

അതിനെതിരെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു കൊണ്ട് ആസ്സാമിലെ വോട്ടർമാർ നീണ്ട പ്രക്ഷോഭം നടത്തി. അസാധുവിനേക്കാൾ കുറഞ്ഞ വോട്ട് നേടിയ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ എം.എൽ.എ മാരായി ഞെളിഞ്ഞു നടന്നു. ഈ നാണം കെട്ടവരുടെ പിൻഗാമിയാണ് പിണറായി വിജയൻ.

മുസ്ലിമുകളിലെ മത മുഷ്ക്കന്മാരുടെ പിന്തുണയോടെ വോട്ട് നേടി ലോകസഭാ സീറ്റ് നേടി ദേശീയ കക്ഷിയെന്ന സ്ഥാനം നിലനിർത്താനുള്ള മരണ വെപ്രാളമാണ് പിണറായിയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരായ കള്ളപ്രചരണം.

ഭരണഘടനയിൽ തന്നെ മുസ്ലിമുകൾ വിഭജിച്ചെടുത്ത പാക്കിസ്ഥാനിൽ നിന്നുള്ള കുടിയേറ്റക്കാരെ പ്രത്യേകം എടുത്ത് പറയുന്നത് ആണ് പൗരത്വ ഭേദഗതി നിയമത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ പരിഗണിക്കാതിരിക്കാൻ കാരണം .

അത് മതേതര ജനാധിപത്യത്തെയാണ് ബലപ്പെടുത്തുന്നത്.അസമിൽ ഇപ്പോൾ നടക്കുന്ന പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരം ബംഗ്ലാദേശികളെ ഇനിയും പൗരന്മാരാക്കുന്നതിന് എതിരാണെന്നു മറക്കരുത്.

പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് തുല്യപരിഗണന നൽകുന്നത് മതേതര റിപ്പബ്ലിക്കിന് യോജിക്കുന്നതല്ല. മതപര റിപ്പബ്ലിക്കിനെ പ്രോത്സാഹിപ്പിക്കലാണത്. മത മുഷ്ക്ക് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യാ സഖ്യം ഭാരത ജനതയുടെ ഐക്യത്തിനാണ് അറിഞ്ഞും അറിയാതേയും കോട്ടമുണ്ടാക്കുന്നത്.

———————————————————————————————————————————————————————————

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News