കൊച്ചി: നല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ, വി .ഡി. സതീശനോ ? രമേശ് തന്നെയെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ.പരമേശ്വരൻ.
പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഞങ്ങളുടെ വിദ്യാഭ്യാസകാലത്ത് പരിവർത്തനവാദികളെയും വി.എം.സുധീരനെയും പോലുള്ള കുറച്ചു പേരെ ഒഴിച്ചു നിർത്തിയാൽ സമകാലീനരായിരുന്ന കെ.എസ്.യു.നേതാക്കൾ ഇന്നത്തെ എസ്.എഫ്.ഐ. ഗുണ്ടകളുടെ നിലവാരത്തിൽ തന്നെ ഉള്ളവരായിരുന്നു.
പിന്നീട്, ബഹുമാന്യനും ആഭ്യന്തരമന്ത്രിയും ഒക്കെയായ ഒരു മുൻ കെഎസ്‌യു നേതാവിനെ അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ intern ആയിരുന്ന ഒരു സുഹൃത്ത് അയാൾക്കുണ്ടായിരുന്ന ശരീരബലം ഉപയോഗിച്ച് പിന്തിരിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തെരുവിൽ അക്രമം കാട്ടി, അടി,കിട്ടി ,അറസ്റ്റിലായി, ചികിത്സയിലായി,sedation ൽ കിടക്കുന്ന തന്റെ കെഎസ്‌യു സുഹൃത്തിനെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോവാനായിരുന്നു ഈ പിൽക്കാല മാന്യന്റെ ശ്രമം.
പിന്നീട് പ്രതിപക്ഷ നേതാവായി തീർന്ന കോൺഗ്രസുകാരന്റെ വിദ്യാർത്ഥികാലഗുണ്ടായിസത്തെക്കുറിച്ച്, ആ കോളേജിൽ അധ്യാപികയായിരുന്ന മകളിലൂടെ അറിഞ്ഞിട്ടുള്ള കോവിലൻ എന്നോട് വിവരിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇന്ന് സാത്വികരായി കാണപ്പെടുന്ന മിക്ക ഉന്നത കോൺഗ്രസ് നേതാക്കളുടെയും പൂർവാശ്രമം ഒന്നും ചികയേണ്ടതില്ല.
ഭൂതകാലം എന്തായാലും,അവരിൽപ്പെട്ട രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി വിജയന്റെ അരഡസൻ അഴിമതികൾ എങ്കിലും പുറത്തു കൊണ്ടുവന്നു. താൻ കൊണ്ടുവന്ന അഴിമതി ആരോപണങ്ങളെ നന്നായി പിന്തുടർന്നു. അതു കൊണ്ട് അദ്ദേഹം താരതമ്യേന നല്ല പ്രതിപക്ഷനേതാവായിരുന്നു.
അദ്ദേഹത്തെ എന്തിനാണ് മാറ്റിയത്? ആ, ആർക്കറിയാം. സുധീരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് എന്തിനാണ് മാറ്റിയത്? ആ, ആർക്കറിയാം.സുധീരനെ പ്രബല ലോബികൾക്കൊന്നിനും കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. പ്രത്യേകിച്ച്, മദ്യലോബിക്കും SNDP ചണ്ടിപണ്ടാരത്തിനും. സുധീരൻ കെ.പി.സി.സി. പ്രസിഡന്റായി ആ സ്ഥാനത്ത് ഇല്ലായിരുന്നില്ലെങ്കിൽ പി .ടി .തോമസ്സിന് രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവ് തന്നെ സാധ്യമാകുമായിരുന്നില്ല.
ചെന്നിത്തലക്ക് പകരം വന്ന ഈ വി. ഡി. സതീശൻ ആർജ്ജവമൊ വിശ്വസനീയതയോ കഴിവൊ ഉള്ള ഒരു പ്രതിപക്ഷനേതാവായി കാണപ്പെടുന്നില്ല. ഇന്നത്തെ അദ്ദേഹത്തിന്റെ ‘മാതൃഭൂമി’ ലേഖനം നോക്കൂ: സി. പി. എമ്മിന്റെ താരതമ്യേന അപ്രധാനമായ അഴിമതികളെ കുറിച്ച് മാത്രമേ അതിൽ പറയുന്നുള്ളു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്തതും രാജ്യദ്രോഹപരവും ആയ ഞെട്ടിപ്പിക്കുന്ന സ്വർണ്ണക്കടത്തിനെ കുറിച്ചോ റിവേഴ്സ് ഹവാലയെ കുറിച്ചോ മോദി സർക്കാർ ആ അന്വേഷണം നികൃഷ്ടമായ രീതിയിൽ പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുന്നതിനെ കുറിച്ചോ വാചാലമായ മൌനം പാലിച്ചിരിക്കുകയാണ് ആണ് ആ ലേഖനം .
സ്വപ്ന സുരേഷ് ഇക്കാര്യങ്ങളിൽ നിർണ്ണായമായ വെളിപ്പെടുത്തലുകൾ നടത്തിയപ്പോഴും ഇയാളുടെ ആദ്യ പ്രതികരണം തന്നെ ‘സ്വപ്നയെ വിശ്വസിക്കാൻ ആവില്ല’ എന്നായിരുന്നു .ആ ഘട്ടത്തിൽ ആ സ്ത്രീയുടെ വിശ്വസനീയത അളക്കാനായി, അവർ പറഞ്ഞത് അവരുടെ ‘പുടമുറി’യുടെ കാര്യമൊന്നുമല്ലല്ലോ.
തെളിവുകളോടെ, ഒരു മാപ്പുസാക്ഷിയെ പോലെ അവർ പറഞ്ഞത് കുറെ ഞെട്ടിക്കുന്ന വസ്തുതകളല്ലേ?പ്രതിപക്ഷനേതാവ് എന്ന നിലയിൽ അയാൾ ചെയ്യേണ്ടിയിരുന്നത് അതിനെ പിന്തുടരുകയും ഇക്കാര്യത്തിൽ ഉള്ള ബി. ജെ. പി – സി. പി. എം. അവിഹിതത്തെ പൊളിക്കാൻ എന്തെങ്കിലും സ്വന്തമായി സംഭാവന ചെയ്യുകയും ആയിരുന്നു. അത് ചെയ്തില്ലെന്നു മാത്രമല്ല, ഇപ്പോഴും ആ രാജ്യദ്രോഹങ്ങളെ സി. പി. എമ്മിന് വേണ്ടി തമസ്‌ക്കരിക്കയും ചെയ്യുന്നു.
ഏറെക്കാലമായി കേരളത്തിലെ കോൺഗ്രസിന് സ്വന്തം കാര്യത്തിൽ പരമാധികാരം (soverignity )എന്നൊന്നില്ല. ബാഹ്യശക്തികൾ ആണ് അതിനെ നിയന്ത്രിക്കുന്നത്.താരതമ്യേന നന്നായി പ്രവർത്തിക്കുമ്പോൾ തന്നെ ബാഹ്യശക്തികൾക്ക് വേണ്ടി സുധീരനെയും പി.ടി.തോമസ്സിനെയും ചെന്നിത്തലയെയും
നിഷ്ക്കാസിതർ ആക്കിയ കാര്യം പറഞ്ഞല്ലോ.
ഒരു പക്ഷെ, രമേശനെ മാറ്റി സതീശനെ ഇന്നത്തെ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് തന്നെ,ഉറ്റ സുഹൃത്തായ മുസ്‌ലിംലീഗുകാരനായ UDF ലെ ട്രോജൻ കുതിരയുടെ സഹായത്തോടെ പിണറായി തന്നെയാവാം.
പണ്ടേക്ക് പണ്ടേ കോൺഗ്രസ്സിന് ഭരണം കിട്ടിയാലും പൂർണ്ണഭരണമൊന്നും കിട്ടാറില്ല.പകുതി ഭരണം നടത്തുക സി. പി. എമ്മിന്റെ ഉദ്യോഗസ്ഥസംഘടനാതാപ്പാനകൾ ആണ്. നെഗറ്റീവ് വോട്ട് മൂലം അടുത്തതായി യു. ഡി. എഫിന് ഭരണം കിട്ടിയാൽ തന്നെ, മുക്കാൽ പങ്കും അത് നടത്തുക പിണറായിയാകും.
ഒരു കാര്യം ഓർക്കണം : ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിർകക്ഷികൾ തമ്മിൽ തമ്മിൽ സായുധരായോ അല്ലാതെയോ ഏറ്റു മുട്ടിയാലും തലതല്ലിപൊളിച്ചാലും മരണപ്പെട്ടാൽ തന്നെയും ആകുലപ്പെടേണ്ടതില്ല . അതൊന്നും ജനതാൽപ്പര്യത്തിനു എതിരല്ല. മറിച്ച്, ഉദാരത എന്ന പേരിൽ അവർ തമ്മിൽ ഉള്ള അമിതസൗഹൃദങ്ങളെയും അന്തർധാരകളെയും കൂട്ടുകച്ചവടങ്ങളെയും ആണ് ജനങ്ങൾ അത്യന്തം ഭയക്കേണ്ടത്.