കൊച്ചി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതിനെ വിമർശിച്ച് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്.
‘ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് .അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.’ – അദ്ദേഹം നിരീക്ഷിക്കുന്നു.
പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യം ഒരു വലിയ നുണയാണെന്ന സത്യം വീണ്ടും ഊട്ടിയുറപ്പിക്കുന്നു.
പുടിന്റെ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യത്യാസം ഇനി അളവുപരം മാത്രമാണ് എന്ന ഭയം ജനിക്കുന്നു . ഗുണപരമായി ഉള്ള ദൂരം ഇന്ത്യൻ ഭരണകൂടവും ഭരണകൂട സ്ഥാപനങ്ങളും മാധ്യമങ്ങളും പൗരബോധം ആർജ്ജിച്ചിട്ടില്ലാത്ത ജനങ്ങളും മിക്കവാറും താണ്ടിക്കഴിഞ്ഞു എന്ന് തോന്നുന്നു . വീണ്ടും സംഘപരിവാർ അധികാരത്തിൽ വരുന്നതോടെ എല്ലാ പഠിപ്പും പൂർണ്ണമാകും.
സംഘപരിവാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന 99% കേസുകളും അന്വേഷണത്തിന് അർഹമായ കേസുകൾ തന്നെയാണ് എന്നതിൽ സംശയമില്ല. ഇന്ത്യ എന്നത് ഒരു ജനാധിപത്യമല്ല,തസ്കരാധിപതി കളുടെ Oligarchy കളുടെ ഒരു സമുച്ചയമാണ് എന്നതാണ് തെളിവുകളോടെയുള്ള എന്റെ സുചിന്തിതമായ അഭിപ്രായം.
കടൽ വെള്ളത്തിലെ ഉപ്പു പോലെ അത്രയ്ക്ക് സാർവത്രികമാണ് ഇന്ത്യയിലെ അഴിമതി. അപ്പോൾ ഏതു പാർട്ടിക്കെതിരെയും ഉള്ള അഴിമതിഅന്വേഷണവും അനാവശ്യ അന്വേഷണം ആണെന്ന് പറയാൻ ആവില്ല. ഏത് രാഷ്ട്രീയക്കാരനെ പരിശോധിച്ചാലും ചെറുതോ വലുതോ ആയ അഴിമതിക്ക് തെളിവുകൾ കിട്ടും.
കേജ്രിവാളും സിസോദിയയും അഴിമതിക്കാരല്ലെന്നു വിശ്വസിക്കാനാണ് എന്റെ ആത്മനിഷ്ഠമായ ആഗ്രഹം എങ്കിലും വസ്തുത അങ്ങനെയാകണമെന്നില്ല. അയാൾ പൊതുജീവിതം തുടങ്ങിയ ഇടത്തുനിന്ന് നോക്കുമ്പോൾ അയാൾ നടത്തിയ ഒരുപാട് രാഷ്ട്രീയമായ അപചയങ്ങളും ഒത്തുതീർപ്പുകളും ശ്രദ്ധയിൽ പെടും എന്നത് ശരിയാണ് .കോടതി നടപടികൾ കുറേക്കൂടി മുന്നോട്ടു പോയാൽ മാത്രമേ നമുക്ക് AAP ക്കെതിരായ അഴിമതി ആരോപണം ശരിയാണോ തെറ്റാണോ എന്ന് അറിയാനാവൂ.
എന്തൊക്കെയായാലും അവർ ചെയ്തിരിക്കുക നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അനിവാര്യമായ അവശ്യാധിഷ്ഠിത അഴിമതി മാത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ധനാധികാരവും മതാധികാരവും മസിലാധികാരവും നിർണയിക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പു സംവിധാനത്തിൽ അവശ്യാധിഷ്ഠിത അഴിമതിയില്ലാതെ പിടിച്ചുനിൽക്കാൻ കേജ്രിവാളിനെന്നല്ല, സാക്ഷാൽ മഹാത്മാഗാന്ധി പുനർജനിച്ച് ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് വന്നുവെങ്കിൽ അദ്ദേഹത്തിന് പോലും കഴിയുകയില്ല.
എന്നാൽ നീതിപീഠത്തിന് മുമ്പിൽ അവശ്യാധിഷ്ഠിത അഴിമതി എന്നോ ആർത്തിയിൽ അധിഷ്ഠിതമായ അഴിമതി എന്നോ വ്യവച്ഛേദം ഇല്ല. ചെമ്മനം ചാക്കോയുടെ ഒരു കവിതയിൽ പറയുന്ന പോലെ അഞ്ചു മിനിറ്റ് നേരത്തെ ബലാൽസംഗവും അഞ്ചുമണിക്കൂർ നേരത്തെ ബലാൽസംഗവും കുറ്റകരമാണ്.കുടിലമായ ഒരു ഭരണകൂടത്തിനും അതിന്റെ പ്രോസിക്യൂഷനും ഒരു രൂപയുടെ അഴിമതി ചെയ്തവനെയും അകത്താക്കാം.
ഇന്ത്യ അകപ്പെട്ടിട്ടുള്ള നെറികെട്ട അവസ്ഥ രണ്ടാണ്: ഒന്നാമതായി, ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് . അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.
സാമ്പ്രദായിക രീതിയിലുള്ള അഴിമതി വേറെ നടക്കുന്നുണ്ട്. ഒരു അഴിമതി ബോണ്ടും കിട്ടാത്ത കേരള കമ്മികളുടെ അഴിമതിയുടെ വൈപുല്യം നോക്കിയാൽ തന്നെ നമുക്ക് ഊഹിക്കാം ആനുപാതികമായി കൂടുതൽ അധികാരമുള്ള കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടിയുടെ 100 മടങ്ങ് വരുന്ന അഴിമതി സാധ്യതകൾ. നമുക്ക് കിട്ടിയ വിവരം അനുസരിച്ച് എത്രബീഭത്സമാണ് ഇലക്ട്രോറൽ ബോണ്ടിലൂടെ മാത്രം വെളിപ്പെട്ട അഴിമതി!
കോവിഡ് മഹാമാരി ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ നിസ്തേജരാക്കിയ കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട വാക്സിൻ കമ്പനിയെ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിച്ചുകൊണ്ടു വാങ്ങിയ കൈക്കൂലിയും ഗുണനിലവാരം കുറഞ്ഞ മരുന്ന് നിർമ്മിക്കുന്ന ഫാർമാ കമ്പനികളിൽ നിന്നു വാങ്ങിയ കൈക്കൂലിയും ഇടിഞ്ഞുവീഴുന്ന തുരങ്കം നിർമ്മിക്കുന്ന ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിന്നു വാങ്ങിയ കൈക്കൂലിയും എത്ര രാജ്യദ്രോഹപരവും ജനവഞ്ചകവുമാണ്!
കേജ്‌രിവാളിന്റെ കൂട്ടുപ്രതിയായ മദ്യ വ്യവസായിയെ മാപ്പുസാക്ഷിയാക്കി അയാളിൽ നിന്ന് പോലും കൈക്കൂലി വാങ്ങിയിരിക്കുന്നു! സനാതനധർമ്മികൾ എന്ന് സ്വയം വിളിക്കുന്നഈ കൂട്ടരാണ് താരതമ്യേന ചെറിയ അഴിമതി നടത്തിയിരിക്കാൻ ഇടയുള്ള കെജ്രിവാളിനെ അകത്താക്കിയത്.
റഫാൽ അഴിമതി, സർക്കാരിന്റെ സകല സാമ്പത്തിക റെഗുലേറ്ററി സ്ഥാപനങ്ങളെയും പരിഹസിച്ചു കൊണ്ടുള്ള അദാനിയുടെ അഴിമതികൾ എന്നിവയുടെ സൂത്രധാരമാരും പങ്കാളികളും ആണ് അഴിമതി വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നത് എന്നത് കേന്ദ്ര ഏജൻസികളുടെ വിശ്വസനീയതയെ പണ്ടേയ്ക്കു പണ്ടേ തരംതാഴ്ത്തിക്കഴിഞ്ഞു.
കഴിഞ്ഞ 10- 20 വർഷങ്ങളായി കോൺഗ്രസിലും എൻസിപിയിലും തൃണമൂലിലും സിപിഎമ്മിലും വർത്തിച്ച് കൊടും അഴിമതി നടത്തിയവരെ ബിജെപി അംഗങ്ങൾ ആക്കി സ്വീകരിച്ചും ആജ്ഞാനുവർത്തികളാക്കിയും നടത്തുന്ന ‘ശുദ്ധീകരണപ്രക്രിയ’യിലെ ഇരട്ടത്താപ്പും അശ്ലീലവും ഇന്ത്യ മുൻപ് കണ്ടിട്ടില്ലാത്തതാണ്.
രണ്ടാമത്തെ കാര്യം,ഒന്നുകിൽ നിരപരാധിയായ അല്ലെങ്കിൽ കുറഞ്ഞ അഴിമതി നടത്തിയ കെജരിവാളിനെയും കാരണഭൂതനെ പോലെ വമ്പൻ അഴിമതി നടത്തിപ്പോരുന്നവരെയും ‘ അഴിമതി’ എന്ന ഒറ്റ വിഭാഗത്തിൽ പെടുത്തി സമാനവൽക്കരിക്കുന്ന പ്രക്രിയ നാടിനെ സംബന്ധിച്ചിടത്തോളം വളരെ ദോഷകരമാണ്.( അഴിമതിക്കാരൻ എന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ദുരൂഹമായഏതോ വ്യാപാരബന്ധത്തിന്റെ പേരിലാണെന്ന് വേണം കരുതാൻ, ഭൂതത്തിനെതിരെയുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ് ). ഇത്തരം സമാനവൽക്കരണം കൊണ്ട് അഴിമതി അന്വേഷണം എന്ന പദം തന്നെ അസംബന്ധമാകുന്നു.
രാഷ്ട്രീയമായി ഇന്ത്യൻ സാഹചര്യം ഒരു ആശക്കും വഴി വയ്ക്കുന്നില്ല. ഞാൻ ഈ പറയുന്നത് ദുരന്തദുശ്ശങ്ക(pessimism ) ആണെന്ന് കരുതുന്നവർ ധാരാളമുണ്ടാകും.1940 കളിലും 1950കളിലും 1960കളിലും ആയി ഇന്ത്യയെപ്പോലെ കോളനി വാഴ്ച യിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് പാശ്ചാത്യരീതിയിലുള്ള ജനാധിപത്യത്തെ പുൽകിയവരാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും മിക്ക രാജ്യങ്ങളും .
ഇന്ന് അവയിൽ മിക്കതും ജനാധിപത്യ രാജ്യങ്ങൾ അല്ല. പലതും ഒളിഞ്ഞും തെളിഞ്ഞും മതരാഷ്ട്രങ്ങളോ ഗോത്ര രാഷ്ട്രങ്ങളോ ആണ്. ചിലവ ഏകാധിപതികൾ ഭരിക്കുന്നു. ചിലവ പട്ടാള ഭരണകൂടങ്ങൾ. കൂട്ടത്തിൽ മെച്ചപ്പെട്ട നിലയിലുള്ള അഞ്ചോ ആറോ രാജ്യങ്ങൾ ശീത സമര കാലത്ത് മുതലാളിത്ത രാജ്യങ്ങൾ പാവഭരണകൂടങ്ങളായി നിലനിർത്തി പിന്നീട് ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിച്ചവയാണ്. ജനാധിപത്യം എന്ന നുണ തൂത്തെറിഞ്ഞ്,ഒരു മതരാഷ്ട്രമോ ഗോത്ര രാഷ്ട്രമോ ആയിരിക്കുക എന്ന ഏഷ്യൻ -ആഫ്രിക്കൻ രാജ്യങ്ങളുടെ പൊതുവിധി ഇന്ത്യയുടെ ഭാവിയെയും ഗ്രസിച്ചുകൂടന്നില്ല.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പറഞ്ഞ് സ്വയം വഞ്ചന ചെയ്യുന്നതിന്റെ പ്രധാന കാരണം ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഗാന്ധി, നെഹ്റു,പട്ടേൽ,രാജാജി അംബേദ്കർ മുതലായ അതുല്യരായ ജനാധിപത്യവാദികളെ കുറിച്ചുള്ള ഓർമ്മകളും നമ്മുടെ ഭരണഘടനയുടെ അധൃഷ്ട്യതയെ കുറിച്ചുള്ള ധാരണകളും ആണ്. ഈ പ്രാഭവം എല്ലാം അവസാനിച്ചിരിക്കുന്നു.
ഈ ഉജ്ജ്വലമായ ആവാസ വ്യവസ്ഥയിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും ഭരണകർത്താക്കളും ജനങ്ങളും ഒക്കെത്തന്നെ വളരെ ദൂരത്തിൽ എത്തിപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാൻ നാം ഒരുക്കമല്ല. ഹിന്ദുത്വത്തിനെതിരായ കോൺഗ്രസ് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ബദലുകൾ പണ്ടേ ജീർണ്ണിച്ചിരിക്കുന്നു. തന്നെയുമല്ല, ഹിന്ദുത്വത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് കാരണമായത് തന്നെ ഈ പാർട്ടികളുടെ 70 കൊല്ലത്തെ കാലാകാലങ്ങളിൽ ഉള്ള പിടിപ്പുകേടുകളാണ്. അതേക്കുറിച്ച് പിന്നെ.
ഒരു രണ്ടാം സ്വാതന്ത്ര്യസമരമോ ഗുണപരമായ ഒരു രാഷ്ട്രീയമാറ്റമോ അവശ്യാധിധിഷ്ഠിത അഴിമതി അനാവശ്യമാക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ പോലുമോ അടുത്ത് ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.ഇന്ത്യയിൽ സമ്പന്നർ എന്ന് കണക്കാക്കപ്പെടുന്നത് 10000ഡോളർ (₹800000 ന് അടുത്ത് ) വാർഷികാദായമുള്ളവരാണ്. അവരിൽ നിന്നാണ് ഇന്ത്യയിലെ opinion makers ഉണ്ടാകേണ്ടത്. പക്ഷേ ആശാവർഹമായ രീതിയിൽ അത്തരം opinion makers വേണ്ടത്ര ഉണ്ടാകുന്നില്ല.
ഈ സമ്പന്ന വർഗ്ഗത്തിൽ പെട്ടവർക്ക് സാധാരണക്കാരന്റെയോ ദരിദ്രന്റെയോ ജീവിതങ്ങളെ കുറിച്ച് ഒരു ആശങ്കയോ അനുതാപമോ ഇല്ല. അവർ രാജ്യത്തിന്റെ അടിസ്ഥാനമായ ജീർണ്ണതയെ കുറിച്ച് ചിന്തിക്കാതെ മുൻപ് പറഞ്ഞ സംഘ പരിവാർ -കോൺഗ്രസ് -കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് എന്നിങ്ങനെയുള്ള കാലഹരണപ്പെട്ട പാർട്ടികളോടൊപ്പം തെരഞ്ഞെടുപ്പ് ഉത്സവങ്ങളിൽ ആമഗ്നരാണ്. തെരഞ്ഞെടുപ്പുത്സവം അവർക്ക് ഒരു വിനോദാവസരമാണ്. ഈ ജഡങ്ങളോട് ഒപ്പമുള്ള കളി ഉപേക്ഷിച്ച് ബദലുകൾ അന്വേഷിക്കാൻ പറയുന്നവരെ അവർ അരാഷ്ട്രീയവാദികൾ എന്നാണ് വിളിക്കുക.