കൊച്ചി : രാഷ്ട്രീയതസ്കരന്മാരോടുള്ള തങ്ങളുടെ ആരാധന ഇനിയും തുടരണോയെന്ന് ജനങ്ങൾ ചിന്തിക്കണമെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ . സംസ്ഥാനം ഭരിക്കുന്ന ഒന്നാം കുടുംബം ദുഷ്കീർത്തിയുടെ അമേദ്യക്കുഴിയിൽ ഒന്നുകൂടി താഴും എന്നതല്ലാതെ ഇപ്പോഴത്തെ കരിമണൽക്കേസ് ബഹളം കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. – അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:
അന്തർധാരയെ കുറിച്ച് ഒരു സംശയവും വേണ്ട.ഉള്ളിജിക്ക് മാസപ്പടിയും പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയായ വിശുദ്ധൻ മുൻ അധ്യക്ഷന് ലംപ്സവും ഉണ്ടെന്നാണ് കേൾവി. പേർ ഇതുവരെ വെളിച്ചത്ത് വരാത്ത കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും കൂടി ഉണ്ട് സഹായം. ഇപ്പോൾ മാസപ്പടി വാർത്ത ഉൾപേജുകളിൽ മാത്രം കൊടുക്കുന്ന പത്രങ്ങൾ ഏതൊക്കെയാണോ അവക്കും കിട്ടിയിട്ടുണ്ട് വേണ്ടത്ര .
കർത്താവിന്റെ ഡയറി ഇപ്പോൾ അത് കയ്യിലുള്ള കേന്ദ്ര ഏജൻസി SFIO ക്ക് കൈമാറിയിട്ടില്ല എന്നാണ് അറിവ്. ബിജെപി- കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും മാധ്യമങ്ങളും അടക്കം കേരളത്തിലെ നിരവധി പ്രമുഖർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡയറി കത്തിപ്പോകാനും സാധ്യതയുണ്ട്.
ഇന്ത്യ ഒരു ഡെമോക്രസി അല്ല സംഘികളും കമ്മികളും കൊങ്ങികളും ബ്യൂറോക്രാറ്റുകളും മാധ്യമങ്ങളും മതാധികാരികളും ഉൾപ്പെട്ട ഒരു kleptocracy ആണ് എന്നതിന്റെ ഒരു കുഞ്ഞു ഉദാഹരണം മാത്രമാണ് കരിമണൽ കേസ്.
കേരളം പോലുള്ള ഒരു കൊച്ചു സ്ഥലത്ത് ഇത്രയെങ്കിൽ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ബോക്സൈറ്റും ഇരുമ്പും കൊണ്ട് സമ്പന്നമായ കിഴക്കൻ സ്റ്റേറ്റുകളിലും രാഷ്ട്രീയതസ്കരാധിപതികളുടെ ഊറ്റം എത്രത്തോളം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതാണ്.
ഷോൺ ജോർജ് ഇപ്പോൾ ബിജെപി യിൽ ആയതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ നിശ്ശബ്ദനായേക്കാം. കുഴൽനാടനെ കോൺഗ്രസുകാർ തന്നെ, പണ്ട് പി. ടി.തോമസിനെ ഇടുക്കിയിൽ ചെയ്തതുപോലെ, നിശ്ശബ്ദനാക്കിയേക്കാം. മാസപ്പടി കേസ് നിയമസഭയിൽ ആദ്യമായി ഉന്നയിച്ചപ്പോൾ കുഴൽനാടനെ ഒറ്റയ്ക്കാക്കി സതീശനും മറ്റു കോൺഗ്രസുകാരും സഭ വിട്ട് ഇറങ്ങിയതിന്റെ വേഗം ഓർത്താൽ പ്രതിപക്ഷവും ഭരണപക്ഷത്തോടൊപ്പം ഹീനന്മാർ ആണെന്ന് മനസ്സിലാകും.
അതല്ല, എസ്എഫ്ഐ ഓ യിൽ നിന്ന് സത്യസന്ധമായ ഒരു റിപ്പോർട്ട് ഉണ്ടായാൽ പോലും അത് സമർപ്പിക്കേണ്ടത് കേന്ദ്രത്തിലാണ്. പ്രോസിക്യൂഷൻ അനുമതി കൊടുക്കേണ്ടത് അമിത് ജി യാണ്. അപ്പോൾ എല്ലാം നടന്നത് തന്നെ!
കേരളത്തിലെ ഒന്നാം കുടുംബം ദുഷ്കീർത്തിയുടെ അമേദ്യക്കുഴിയിൽ ഒന്നുകൂടി താഴും എന്നതല്ലാതെ ഇപ്പോഴത്തെ ബഹളം കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എത്രയോ കാലമായി അതിൽ കിടക്കുന്ന ആ കുടുംബത്തിന് അരക്കോടിയോളം അന്തങ്ങളുടെയും ഒരു മതത്തിന്റെയും ഒരു ജാതിയുടെയും പുരോഗമനവാദികളുടെയും സാംസ്കാരിക നായകരുടെയും നിരുപാധിക പിന്തുണയുണ്ട് എന്നതിനാൽ അതൊരു പ്രശ്നമല്ല..
പാർട്ടികൾക്കതീതമായി അഭ്യസ്തവിദ്യർ എങ്കിലും രാജ്യത്തിന്റെ ഭാവിയെ കരുതി രാഷ്ട്രീയതസ്കരന്മാരോടുള്ള തങ്ങളുടെ ആരാധനയെ കുറിച്ച് പുനർചിന്തിക്കണം എന്നാണ് എന്റെ അഭിപ്രായം. ചിന്തിച്ചു നോക്കുക : രാജ്യത്തെ സെൻട്രൽ ജയിലുകളിൽ പോലും ഇത്രയും വമ്പിച്ച കൊള്ളകൾ നടത്തിയിട്ടുള്ള അന്തേവാസികൾ ഉണ്ടാവാൻ ഇടയില്ല. എന്നാൽ ഒരുവനും ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല.