ഒരു വര്‍ഷം മുമ്പ് 17,545 കോടി; ഇന്നത്തെ ആസ്തി ”0”

In Featured, Special Story
April 04, 2024

ഡല്‍ഹി:  ബൈജു രവീന്ദ്രന്‍ എന്ന മലയാളിയുടെ ആസ്തി ഒരു വര്‍ഷം മുമ്പ് 17,545 കോടി രൂപയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആഗോള പട്ടികയിലും ഇടംപിടിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടി വളര്‍ന്നു വന്നെങ്കിലും പിന്നീട് ബിസിനസ് തകര്‍ച്ച നേരിട്ട ബൈജുവിന്റെ ഇന്നത്തെ ആസ്തി പൂജ്യമാണ്. കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി . ഫോബ്‌സ് പുറത്തുവിട്ട ധനികരുടെ പട്ടികയിലാണ് കണക്ക് വ്യക്തമാകുന്നത്.

കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ മകൻ ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. കുട്ടിക്കാലത്ത് ക്ലാസുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു ബൈജു. കാരണം പഠനത്തിൽ അദ്ദേഹത്തിന് എപ്പോഴും ചില കുറുക്ക് വഴികൾ ഉണ്ടായിരുന്നു. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി. പഠിപ്പിക്കാനും ബൈജു മിടുക്കൻ ആയിരുന്നു.

=========================================================================

2003ൽ ഒരു അവധിക്കാലത്ത് ക്യാറ്റ് പരീക്ഷക്ക് പഠിക്കുന്ന സുഹൃത്തുക്കളെ സഹായിച്ചതാണ് ബൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ആ സുഹൃത്തുക്കൾ ഉയർന്ന മാർക്കിൽ പാസ്സായി. ഇതോടെ സുഹൃത്തുക്കളും അധ്യയനം പ്രൊഫഷൻ ആക്കാൻ ബൈജുവിനെ നിർബന്ധിച്ചു. രണ്ട് വർഷത്തിന് ശേഷം, ബൈജു ക്യാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഒരു കോച്ചിങ്ങ് ക്ലാസ് തുടങ്ങി. ഇതിന് ഗംഭീര പ്രതികരണമാണ് കിട്ടിയത്. ഇതോടെയാണ് അദ്ധ്യാപനമാണ് തന്റെ വഴിയെന്ന് ബൈജു തിരിച്ചറിയുന്നത്.

 

===============================================

2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബൈജൂസ് ലേണിംഗ് ആപ്പിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഒരവസരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരെന്ന നേട്ടം പോലും ബൈജൂസ് എത്തിപ്പിടിച്ചിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച.

നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈജൂസിലുണ്ടായ ബിസിനസ് തകര്‍ച്ചയാണ് ഈ നിലയിലേക്ക് ബൈജുവിനെ എത്തിച്ചത്. ഇന്ത്യയിലെ തന്നെ മൊത്തം സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളില്‍ മുന്നിലായിരുന്നു ഒരുകാലത്ത് ബൈജൂസ്. ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെ നാല് പേരാണ് ഫോബ്‌സ് പട്ടിക അനുസരിച്ച് വന്‍ തകര്‍ച്ച നേരിട്ട ധനികര്‍. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ ആകെ മൂല്യമെങ്കില്‍ ഇന്ന് അത് വെറും ഒരു ബില്യണ്‍ ആയി താഴ്ന്നിരിക്കുന്നു.

============================================================

ബൈജൂസിന്റെ ആസ്ഥാനമായ ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിലെ ഓഫീസ് മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ 1000 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. രാജ്യത്തെ മറ്റുഓഫീസുകൾ എല്ലാം ഒഴിഞ്ഞു. വിവിധ നഗരങ്ങളിലെ ഓഫീസുകളുടെ വാടക കരാറുകൾ പുതുക്കാതായിട്ട് മാസങ്ങളായി.

തേസമയം, ബൈജൂസിന്റെ മുന്നൂറോളം ട്യൂഷൻ സെന്ററുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുകളിലാണ് 6-10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത്. ഇവ തുടർന്നും തുറന്നുപ്രവർത്തിക്കും.

===========================================

 വിദ്യാഭ്യാസ മേഖലയില്‍ തന്നെ വലിയ മാറ്റത്തിനും ബൈജൂസ് ആപ്പ് കാരണമായി മാറി. ചില സാമ്പത്തിക പ്രശ്‌നങ്ങളും വിവാദങ്ങളും ബൈജൂസിനെ പിടിച്ച് കുലുക്കുകയായിരുന്നു.2022 മാര്‍ച്ചിന് ശേഷമാണ് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടെന്ന കണക്ക് പുറത്ത് വന്നത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൈജു രവീന്ദ്രന് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം 9362 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്ന് സമന്‍സും ലഭിച്ചിരുന്നു.