കൊച്ചി: കോട്ടയം തിരുവാർപ്പിൽ “വെട്ടിക്കുളങ്ങര’ ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു.
മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്.
സംരക്ഷണം നൽകാൻ ഉത്തരവിട്ടതിന് ശേഷവും ബസുടമ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ പോലീസിനോടും കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ രുക്ഷ വിമർശനമാണ് പോലീസിനെതിരേ ഹൈക്കോടതി നടത്തിയിരുന്നത്. യൂണിയന്‍കാരുടെ അടിയേറ്റത് പരാതിക്കാരന്റെയല്ല ഹൈക്കോടതിയുടെ കരണത്താണെന്നും അവിടെ നടന്നതു നാടകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
ജൂൺ 25-നാണ് അജയ് രാജ്മോഹനെ മർദിച്ചത്. വേതന തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ പുനരാരംഭിക്കുവാൻ രാജ്മോഹൻ ശ്രമിച്ചിരുന്നു. സിഐടിയുക്കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കൈയേറ്റം ചെയ്തത്.
നാലു ബസുകളുടെ ഉടമയാണ് രാജ്മോഹന്‍. കൊടികുത്തി സമരം നടത്തിയവരില്‍ വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികള്‍ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് സമരത്തിനു പിന്നിലെ കാരണമെന്നും തന്റെ സംരംഭത്തെ തകര്‍ക്കുകയാണ് സമരവുമായി ഇറങ്ങിയവരുടെ ലക്ഷ്യമെന്നും രാജ് മോഹന്‍ ആരോപിക്കുന്നു.