കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വസതിയിൽ നിന്ന് കൂടോത്രക്കാർ ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും ലഭിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്.
സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ചാനൽ പുറത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള സുധാകരൻ്റെ ശബ്ദസംഭാഷണവും അവരുടെ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തുവെന്നും പറയുന്നുണ്ട്. വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ഒന്നര വർഷം മുമ്പത്തെ വീഡിയോയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചത് വിവാദമായിരുന്നു.
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കർണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു. കൈയിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ മറുപടി.
‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്‍’’ – ശിവകുമാര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.