ന്യൂഡൽഹി: വിവാദപരമായ ഏകീകൃത വ്യക്തി നിയമം രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമായി
ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡ് മാറി.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തി നിയമ മാനുവല്‍ പുറത്തിറക്കിയതിന് പിന്നാലെ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ നിയമം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നു.
മുഖ്യമന്ത്രിയുടെ വസതിയായ മുഖ്യസേവക് സദനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് തീരുമാനം.
മാര്‍ച്ചില്‍ ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം
നടപ്പാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു. വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലാണ് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചത്.
അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാര്‍ച്ച് 12ന് നിയമം വിജ്ഞാപനം ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ തന്നെ ചരിത്ര നിമിഷമാണിതെന്ന് പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്നിവയില്‍ ഇനിമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത നിയമമായിരിക്കും. ഇക്കാര്യങ്ങളില്‍ നിലവിലുളള മതനിയമങ്ങള്‍ ഇതോടെ അസാധുവാകും. സംസ്ഥാന ജനസംഖ്യയുടെ 2.89 ശതമാനം വരുന്ന പട്ടിക വിഭാഗക്കാരെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന അസം ഉള്‍പ്പെടെ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കാനൊരുങ്ങുകയാണ്.
182 പേജാണ് യുസിസി ബില്ലിനുളളത്. ഏകീകൃത സിവില്‍ കോഡ് വഴി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ചൂണ്ടിക്കാട്ടി രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ യുസിസിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെ പിന്തുണച്ചുവെന്നതും ശ്രദ്ധേയമാണ്.
ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് യുസിസി നടപ്പാക്കുന്ന് പ്രഖ്യാപനം നടത്തിയത്.