കെ. ഗോപാലകൃഷ്ണൻ
ചില പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടു. ചില സ്വപ്നങ്ങൾ അവശേഷിക്കുന്നു. ചില പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. ഇന്ത്യയുടെ വടക്കും വടക്ക്-കിഴക്കും തെക്കുമായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തിയ പദ്ധതികളുടെയും പരിപാടികളുടെയും ഫലമിതാണ്. ഒരുപക്ഷേ, പ്രതീക്ഷകളും സ്വപ്നങ്ങളും പദ്ധതികളും വിജയിക്കുന്നതിന്, ഐക്യവും ചില താത്പര്യങ്ങൾ ത്യജിക്കാനുള്ള സന്നദ്ധതയും കൂടുതൽ ആവശ്യമാണ്. എല്ലാറ്റിനുമുപരി, ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം വിജയവും പരാജയവുമാണ്.
ചുരുക്കിപ്പറഞ്ഞാൽ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള സമീപകാല ശ്രമങ്ങളുടെ ഫലം ഉത്തരേന്ത്യയിൽ ബിജെപിയും ദക്ഷിണേന്ത്യയിൽ കോൺഗ്രസും വിജയിച്ചു എന്നതാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബിജെപിയും തെലുങ്കാനയിൽ കോൺഗ്രസും വിജയിച്ചു. പ്രാദേശിക രാഷ്ട്രീയശക്തികളെ കേന്ദ്രീകരിച്ചുള്ള മുൻകാല ഫലങ്ങളുമായി ഏറെക്കുറെ സമാനമാണ് മിസോറമിലെ ഫലം. അവിടെ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലെത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പിനുള്ള കാത്തിരിപ്പാണ് ബാക്കിയുള്ള കളി. എല്ലാ വർഷവും തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമ്പോൾ “ഇന്ത്യയിൽ ഓരോ അഞ്ച് വർഷത്തിലും ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇതുവരെ ഒരു സ്വപ്നമായി അവശേഷിക്കുന്നു. അഭിപ്രായവ്യത്യാസമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഐക്യം അത്ര എളുപ്പം സാധ്യമാകാത്തതാണ് സാഹചര്യം. പലരും സമയക്രമമില്ലാതെ സ്വന്തം പുരോഗതിക്കായി ഒരു അറിയിപ്പും കൂടാതെ യജമാനന്മാരെ മാറ്റുന്നു. ഇതെല്ലാം സംഭവിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ഭിന്നതകളും കണക്കിലെടുത്താൽ “ഒറ്റത്തെരഞ്ഞെടുപ്പ്’ സാധ്യമാണോ എന്ന് ആർക്കും ഉറപ്പില്ല.
ഫലങ്ങളിൽനിന്നു പഠിക്കണം
ഫലങ്ങളിലേക്കു നോക്കാം: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിജയത്തിനു പ്രധാന കാരണങ്ങൾ വോട്ടർമാർക്കുള്ള ആവശ്യാധിഷ്ഠിത സഹായമാണ്; ക്ഷേമനടപടികൾ എന്നറിയപ്പെടുന്നതും സൗജന്യങ്ങൾ എന്ന് തമാശയായി പരാമർശിക്കുന്നതും. ഭൂരിപക്ഷ സമുദായത്തെയും അവരുടെ ആവശ്യങ്ങളെയും മുൻ സർക്കാർ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി വിവിധ നടപടികളിലൂടെയുള്ള ഹിന്ദുത്വ പ്രചാരണം നടത്തി. വികസനത്തിനും പുതിയ പദ്ധതികൾക്കുമായുള്ള നിക്ഷേപത്തിന് ശ്രദ്ധേയമായ പരിപാടികളും നടപടികളും പ്രഖ്യാപിച്ചു.
സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള പിആർ പരിപാടികളുമുണ്ടായി. ഇതിൽ ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള സ്ത്രീകളുടെ പിന്തുണ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുള്ള വീടുകൾ, പ്രതിമാസ അലവൻസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി ലോൺ എഴുതിത്തള്ളൽ, പാചകവാതകം, സൗജന്യ വൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ വലിയ പ്രചാരണം നൽകി സദ്ഭരണത്തിന്റെ പ്രതീതിയുണ്ടാക്കി.
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ വോട്ടർമാരുടെ മനസിനെ സ്വാധീനിക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിലനിർത്തുന്നതിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തു. വോട്ടർമാരിൽ പലരും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ഗൗരവമായി എടുത്തിരുന്നു. എന്നാൽ, തെലുങ്കാനയിൽ ഇവയെല്ലാം ബിജെപിക്ക് അനുകൂലമായ ഫലങ്ങൾ നേടിയില്ല.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പലരെയും രോഷാകുലരാക്കി, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ. അഴിമതി ആരോപണങ്ങളും കുടുംബവാഴ്ചയെക്കുറിച്ചുള്ള പരിഹാസങ്ങളും ഫലിച്ചു. സനാതന ധർമത്തിനെതിരേ ചില “ഇന്ത്യ’ നേതാക്കൾ നടത്തിയ പ്രസംഗങ്ങൾ പൊതുവേദികളിൽ ഹിന്ദുത്വ വ്യവഹാരങ്ങൾക്ക് ഇന്ധനം പകരുന്നതായിരുന്നു.
രാമക്ഷേത്രത്തിന്റെയും മറ്റു പ്രധാന ആരാധനാലയങ്ങളുടെയും നിർമാണം ചിലരുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. അടുത്ത വർഷം ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനവും ബന്ധപ്പെട്ട പൂജകളിൽ പങ്കെടുക്കുന്ന നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നടത്താനിരിക്കുന്ന പ്രചാരണവുമെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഒരുപക്ഷേ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പാർട്ടിയുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുന്നതിനുള്ള ഒരു പ്രധാന പോയിന്റായിരിക്കും ഇത്. സമൂഹത്തിലെ മതേതര വിഭാഗങ്ങൾക്ക് ഇത് അവിശ്വസനീയവും വിഡ്ഢിത്തവുമായി തോന്നുമെങ്കിലും വോട്ടിംഗ് സമയത്ത് നിരവധി വിശ്വാസികളുടെ മനസിനെ സ്വാധീനിക്കുന്നത് തുടരാം.
മധ്യപ്രദേശിൽ ഭരണവിരുദ്ധത പ്രവർത്തിച്ചില്ല
ഭരണവിരുദ്ധ ഘടകംപോലും മധ്യപ്രദേശിൽ പ്രവർത്തിച്ചില്ല, ചില കാവി പ്രവർത്തകർ പോലും ഇതു ഭയന്നിരുന്നു. സത്യസന്ധമായി പറഞ്ഞാൽ, ശിവരാജ് സിംഗ് ചൗഹാൻ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയില്ല, സ്ത്രീകളുടെ പിന്തുണ നേടാൻ നിരവധി മാർഗങ്ങൾ അവതരിപ്പിച്ചു. കൂടാതെ, മധ്യപ്രദേശിൽ ഭോപ്പാൽ വാതകദുരന്തവും ഏറ്റവും വലിയ ഈ ദുരന്തത്തിന് ഉത്തരവാദികളായ കോർപറേറ്റുകൾക്കെതിരായ നിഷ്ക്രിയത്വവും ജനമനസുകളിൽ ഇപ്പോഴും കനലടങ്ങാതെ കിടക്കുന്നു. അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് നേതാക്കളുടെ നിഷ്ക്രിയത്വത്തെക്കുറിച്ച് പലരും ഇപ്പോഴും പരാതിപ്പെടുന്നുണ്ട്.
എന്നിരുന്നാലും, മധ്യപ്രദേശിലെ കോൺഗ്രസിന്റെ തോൽവിക്കു കാരണം മറ്റൊരു ഘടകമാണ്. പാർട്ടിയിലെ യുവനേതാക്കളുടെ കരിയർ തകർക്കാനുള്ള ശ്രമത്തിലാണ് കുറച്ചുകാലമായി കോൺഗ്രസ്. ഗ്വാളിയറിലും ചമ്പൽ താഴ്വരയിലും ശ്രദ്ധേയമായ സ്വാധീനമുള്ള, മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ കരിയർ കോൺഗ്രസ് ഹൈക്കമാൻഡ് തകർത്തതാണ് മധ്യപ്രദേശിലെ പരാജയത്തിന്റെ ഒരു പ്രധാന കാരണം. മധ്യപ്രദേശിൽ കോൺഗ്രസുകാരനായി മാറിയ വ്യവസായി കമൽനാഥും ഇതേ സ്ഥാനത്തിനായി ആഗ്രഹിച്ചിരുന്നു.
കൗശലപൂർവമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ സിന്ധ്യയെ കമൽനാഥ് വെട്ടുകയും മധ്യപ്രദേശിൽ തന്റേതായ പ്രഥമ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. തീർത്തും പരിഗണിക്കാപ്പെടാത്തതിനാൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു. അദ്ദേഹത്തെ ബിജെപി നേതൃത്വം സ്വാഗതം ചെയ്യുകയും പിന്നീട് കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം കോൺഗ്രസ് വിട്ട 22 എംഎൽഎമാർ ഉൾപ്പെടെയുള്ള അനുയായികളും ബിജെപിയിൽ ചേർന്നു.
ജ്യോതിരാദിത്യ പാർട്ടിയിൽനിന്നു പുറത്തായിട്ടും കോൺഗ്രസിനെ ആവശ്യമായ ഉയരങ്ങളിലേക്ക് നയിക്കാൻ കമൽനാഥിനു കഴിഞ്ഞില്ല, അദ്ദേഹത്തിന്റെ സ്ഥാനം ദുർബലമായതിനാൽ ഇപ്പോൾ പടിയിറങ്ങേണ്ടിവരുന്നു. നേതൃപോരാട്ടങ്ങളിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയാകാൻ കഴിഞ്ഞേക്കാവുന്ന യുവ കോൺഗ്രസ് നേതാക്കളുടെ ചിറകരിയുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ചെയ്യുന്നത് എന്നതാണ് കാര്യം.
ജ്യോതിരാദിത്യ ഹാർവാഡ് ബിരുദധാരിയും രാഷ്ട്രീയത്തിലും പ്രസംഗത്തിലും അവഗാഹമുള്ള ആളുമായതിനാൽ, പാർട്ടി വിടുന്നത് രാഹുലിന്റെ ഭാവിക്ക് കരുത്താകുമെന്ന് ഹൈക്കമാൻഡ് കരുതുന്നു. കഴിവുള്ളവരും അഭിലാഷമുള്ളവരുമായ പല യുവ കോൺഗ്രസുകാർക്കും സമാനമായ വിധിയുണ്ടായി. എന്നാൽ, ജ്യോതിരാദിത്യ പുറത്തായതോടെ ഗ്വാളിയറിലും ചമ്പൽ താഴ്വരയിലും കോൺഗ്രസ് സ്വാധീനം ദുർബലമാവുകയും പിന്നീട് തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വരികയും ചെയ്തു.
രാജസ്ഥാനിലും സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിൽ ഭിന്നതയുണ്ടായപ്പോൾ ഹൈക്കമാൻഡ് ഉണ്ടാക്കിയ ഒത്തുതീർപ്പ് സച്ചിന് അംഗീകരിക്കേണ്ടിവന്നു. സച്ചിൻ പൈലറ്റിന് അവസരം ലഭിച്ചിരുന്നെങ്കിൽ കോൺഗ്രസിനെ മികച്ച നിലയിൽ എത്തിക്കാമായിരുന്നു. എന്നാൽ, പൈലറ്റിനെ തഴച്ചുവളരാൻ അനുവദിച്ചാൽ, പിന്നീടുള്ള ജീവിതത്തിൽ രാഹുലിന് നേതൃതലത്തിൽ വെല്ലുവിളി ഉയർത്താം. തന്റെ കരിയർ നേരത്തേതന്നെ ക്ലിപ്പ് ചെയ്യുന്നത് പിന്നീട് അത്തരം വെല്ലുവിളികളെ തടയും. തീർച്ചയായും കോൺഗ്രസിലെ കുടുംബവിശ്വസ്തർ അതിജീവന കാരണങ്ങളാൽ സമ്മതിച്ചേക്കില്ല.
ഛത്തീസ്ഗഡിൽ തിരിച്ചടി, തെലുങ്കാനയിൽ ആശ്വാസം
ഛത്തീസ്ഗഡിലെ തിരിച്ചടി പലരെയും അദ്ഭുതപ്പെടുത്തി. എന്നാൽ പ്രചാരണത്തിൽ നരേന്ദ്ര മോദി ഞെട്ടിക്കുന്നതായിരുന്നു. അഴിമതിയാരോപണങ്ങളിൽ, മഹാദേവ് വാതുവയ്പ് അഴിമതിയെക്കുറിച്ച് പരാമർശിച്ച മോദി, ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയ മഹാദേവനെപോലും അവർ വെറുതെ വിട്ടില്ലെന്നു പറഞ്ഞു. റിക്രൂട്ട്മെന്റ് ക്രമക്കേടുകളും ദളിത് യുവാക്കൾ നടത്തിയ അർധനഗ്ന പ്രകടനവും സംസ്ഥാനത്ത് കോൺഗ്രസിന്റെ സാധ്യതകളെ തകർത്തു. അറിയപ്പെടുന്ന രാഷ്ട്രീയ പ്രസംഗകർ പറയുന്ന ഈ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ വേണ്ടത്ര നാശമുണ്ടാക്കും എന്നതിൽ സംശയമില്ല.
ചുരുക്കിപ്പറഞ്ഞാൽ, തെലുങ്കാനയിൽ മാത്രമാണ് ബിആർഎസുമായി പോരാടാനും പരാജയപ്പെടുത്താനും കോൺഗ്രസിനു കഴിഞ്ഞത്. രണ്ട് ടേമുകളിലെ ഭരണത്തിൽ ബിആർഎസ് നേതാവ് കെ. ചന്ദ്രശേഖര റാവു സംശയാസ്പദമായ പല തീരുമാനങ്ങളും നീക്കങ്ങളും കൈക്കൊണ്ടു. ഇവിടെ കോൺഗ്രസ് അതിനെ ഫലപ്രദമായി വെല്ലുവിളിക്കുകയും ഇത്തവണ നേടുകയും ചെയ്തു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ പരാജയപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ജാതി സർവേയും ‘ജിത്നി അബാദി ഉത്നി ഹഖ്’ എന്ന പ്രചാരണവും തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ല. വിവിധ വേദികളിൽ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന നിരവധി ബിജെപി നേതാക്കളുടെ വാഗ്ദാനങ്ങൾക്കൊപ്പം പ്രചാരണം നടത്താനും യോജിപ്പിക്കാനും കോൺഗ്രസിന് ഫലപ്രദമായ നേതാക്കൾ ഇല്ലെന്നതാണ് ഓർമിക്കേണ്ട കാര്യം.
അനുഭവസന്പത്തുള്ള തന്ത്രജ്ഞരുടെ അഭാവം
ഇന്ത്യ മുന്നണിയെ ഉൾക്കൊള്ളാൻ കോൺഗ്രസ് തയാറായില്ല എന്നതാണ് പ്രധാന കാര്യം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെയും മോദിയെയും നേരിടാനാണ് സഖ്യകക്ഷികൾ ഇന്ത്യ മുന്നണി രൂപീകരിച്ചത്. ഉദാഹരണത്തിന് മധ്യപ്രദേശിലെ സംഭവം തന്നെയെടുക്കാം. മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് കോൺഗ്രസ് കുറച്ച് സീറ്റുകൾ അനുവദിച്ചിരുന്നെങ്കിൽ ബിജെപിയെ ഫലപ്രദമായി നേരിടാൻ കഴിയുമായിരുന്നു.
ഉത്തർപ്രദേശിനോടു ചേർന്നുള്ള മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടിക്ക് മികച്ച പ്രകടനം നടത്താമായിരുന്നു. എന്നാൽ ഹൈക്കമാൻഡിനുവേണ്ടി തീരുമാനങ്ങൾ എടുത്തത് പരിമിതമായ അനുഭവപരിചയവും തന്ത്രങ്ങളെക്കുറിച്ചും വൈദഗ്ധ്യങ്ങളെക്കുറിച്ചും ദീർഘവീക്ഷണമുള്ളവരാണെന്ന് പറയപ്പെടുന്നവരുമാണ്. മുൻകാലത്ത് ഹൈക്കമാൻഡിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ദീർഘകാലം പാർട്ടിയെ സേവിച്ചിരുന്നു. ആ നല്ലകാലത്ത് ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കാണുകയും അംഗീകരിക്കുകയും ചെയ്തു.
ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു, മികച്ച തന്ത്രങ്ങളിലൂടെയും സമർഥമായ കൗണ്ടർ നീക്കങ്ങളിലൂടെയും ബിജെപിയുടെ വെല്ലുവിളി നേരിടാൻ പാർട്ടിക്കു കഴിയുന്നില്ല. അർഥം മുഴങ്ങുന്നതും വ്യക്തവുമാണ്: പാർട്ടി കൂടുതൽ മെച്ചപ്പെടണമെങ്കിൽ അതിനെ നയിക്കാൻ മുതിർന്നവരും പരിചയസമ്പന്നരും ആവശ്യമാണ്. കോൺഗ്രസ് നേതൃത്വം ഈ നിലപാട് എത്ര നേരത്തേ അംഗീകരിക്കുന്നുവോ പാർട്ടിക്ക് അത്രയും നല്ലത്. വർഗീയ വെല്ലുവിളിയെയും ഇപ്പോൾ അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ഭരണാധികാരികളെയും നേരിടാൻ, ആത്മവിശ്വാസത്തോടെയും സമർഥമായും കളിക്കാനും ഇന്ത്യ മുന്നണിയുടെ എല്ലാ പങ്കാളികളെയും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും കൊണ്ടുപോകാനും കഴിയുന്ന മികച്ച ബുദ്ധിശക്തിയുള്ള നേതാക്കൾ ആവശ്യമാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രതീക്ഷ നൽകുന്നതാണ് ഇപ്പോഴത്തെ ഫലം. ബിജെപിയെ നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണമായും പുനഃസംഘടിപ്പിക്കുകയും അതിനെ നയിക്കാനും മികച്ച തന്ത്രങ്ങൾ മെനയാനും ശക്തമായ വിഷയങ്ങൾ ഏറ്റെടുത്ത് രംഗത്തു പ്രവർത്തിക്കാൻ കഴിയുന്ന പ്രതിബദ്ധതയുള്ള യുവ കേഡർമാരെ ഉപയോഗിച്ച് പാർട്ടി സംഘടനയെ ശക്തിപ്പെടുത്താനും മികവു തെളിയിച്ച മുതിർന്ന നേതാക്കളെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
ബിജെപിയെ വെല്ലുവിളിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുതന്നെയാണ് വർഗീയതയുടെ കാര്യത്തിലും. പാർട്ടി ഭരിക്കുന്ന കുടുംബം ഇതു തിരിച്ചറിഞ്ഞ് നിലവിലെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളെയും ഒരുമിപ്പിച്ച് അതിനെ ശക്തമാക്കാൻ കഴിവുള്ള നേതാക്കളെക്കൊണ്ട് ശക്തിപ്പെടുത്തണം. അതു സാധ്യമാണ്; വേണ്ടത് ഇച്ഛയാണ്.
——————————————————————————————————————————————————————
കടപ്പാട് : ദീപിക
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ .ഗോപാലകൃഷ്ണന്,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര് ആയിരുന്നു)
Post Views: 336