ക്ഷത്രിയൻ.
മലയാളം പറയുമെന്ന് മാത്രമല്ല, മലയാളത്തിൽ തെറിയും വഴങ്ങുമെന്നാണ് കാവിപ്പാർട്ടിയുടെ സംസ്ഥാന സാരഥിയുടെ വെളിപ്പെടുത്തൽ. മുണ്ടുടുക്കാനും മുണ്ട് മാടിക്കുത്താനും അറിയാമെന്നും ആശാൻ പറഞ്ഞുവച്ചിട്ടുണ്ട്.
നാടോടുമ്പോൾ നടുവെ ഓടണമെന്നും ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷ്ണം കഴിക്കണമെന്നുമൊക്കെയാണ് ചൊല്ല്. കേരളത്തിൽ അത്യാവശ്യം വേണ്ടത് തെറിപറച്ചിലാണെന്ന് കക്ഷിയെ ആരോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും അത് മുൻ പ്രസിഡൻറ് തന്നെയാകാനാണ് സാധ്യത. ഏത് കമ്മിറ്റിയിലും അങ്ങനെയാണല്ലോ കാര്യങ്ങൾ. സ്ഥാനമൊഴിയുന്ന ഭാരവാഹി സ്ഥാനമേൽക്കുന്ന ഭാരവാഹിക്ക് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കും.
ജന്മം കൊണ്ട് അഹമ്മദാബാദുകാരനും കർമ്മം കൊണ്ട് ബംഗളൂരുകാരനുമാണ് പുതിയ പ്രസിഡൻറ്. പഠനംകൊണ്ട് തൃശൂരുകാരനാണെന്നും ജീവിതരേഖയിലുണ്ട്. ‘കുരച്ച് കുരച്ച് മലയാലം’ പറയുന്നുമുണ്ട് കക്ഷി. ജന്മഗ്രാമത്തിൻറെ പേരൊക്കെ കടലാസിൽ നോക്കി തപ്പിത്തടഞ്ഞ് വായിക്കുന്നത് ആദ്യയോഗത്തിൽതന്നെ ജനം കണ്ടതുമാണ്. ജനിച്ച നാടിൻ്റെ പേര് മലയാളത്തിൽ വായിച്ചത് ഇംഗ്ലീഷിൽ എഴുതിയാണ് എന്നൊന്നും അപരാധം പറയരുത്. അതൊക്കെ ന്യൂജെൻ ട്രെൻഡ് ആണ്.
ആദ്യപ്രസംഗത്തിൻറെ വീഡിയോ കണ്ടതിനാലാകണം കാവിപ്പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറിന് മലയാളം അറിയില്ലെന്ന് ഗാന്ധിപ്പാർട്ടി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. ഭാഷ അറിയില്ലെന്ന് വച്ച് പ്രസിഡൻറാകാൻ പാടില്ലെന്ന് ഭരണഘടനയിൽ പറയുന്നില്ല.
ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ആകണമെങ്കിൽ ആ നാട്ടിലെ ഭാഷ വെള്ളം പോലെ സംസാരിക്കാൻ കഴിയണമെന്ന് വാശിപിടിക്കുന്നതൊക്കെ ശുദ്ധ ഭോഷ്കാണ്. സുകുമാർ അഴീക്കോടിനെപ്പോലെ മലയാളം പറയാനാകുമെങ്കിൽ മാത്രമേ പാർട്ടി പ്രസിഡൻറ് ആകാനൊക്കൂവെന്ന് വാശി പിടിക്കരുത്.
നരേന്ദ്രമോദി ലോക നേതാക്കളോട് സംവദിക്കുന്നതും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊക്കെ വയനാട്ടിൽ ജനവിധി തേടിയതും ഭാഷ അറിഞ്ഞിട്ടാണോ. മോദിയും രാഹുലും പ്രിയങ്കയുമൊക്കെ കേരളത്തിൽ പ്രസംഗിക്കുമ്പോൾ ‘സഗോദരീ സഗോദരന്മാരെ, നമഷ്കാരം’ എന്നൊക്കെ പറയുന്നതും മലയാളം അറിഞ്ഞിട്ടല്ലല്ലോ.
പി.കെ.ബഷീർ എംഎൽഎ കോമൺവെൽത്ത് പാർലമെൻററി സംഘം അംഗമായി ബഹാമാസിൽ പോയത് ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് വശമുള്ളത് കൊണ്ടൊന്നുമല്ലല്ലോ.
സംസ്ഥാനത്തെ കാവിപ്പടയുടെ തലയ്ക്ക് മീതേക്കൂടി കേന്ദ്രം നേരിട്ട് അവരോധിച്ച പ്രസിഡൻറാണ് കേരളത്തിലുള്ളത്. സ്വഭാവികമായും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോടെന്നതിനെക്കാൾ കൂടുതൽ സംവദിക്കേണ്ടിവരിക മോദിയോടും അമിത്ഷായോടുമൊക്കെയാകും.
അല്ലാതെ ഉള്ളി സുരയോടും ശോഭാ സുരേന്ദ്രനോടും കുമ്മനത്തിനോടുമൊക്കെ സംസാരിച്ച് കളയാനുള്ളതല്ല കക്ഷിയുടെ സമയം. ഡൽഹിക്കാരോട് സംസാരിക്കാൻ മലയാളമെന്തിന് എന്നെങ്കിലും ചിന്തിക്കാമായിരുന്നില്ലേ സതീശന്. സതീശൻ്റെ പാർട്ടിക്കാർക്ക് മലയാളം അത്യാവശ്യമാണ്. കേന്ദ്രക്കാര്യങ്ങൾ അവർ സംവദിക്കേണ്ടത് കെ.സി.വേണുഗോപാലിനോടാണ്. അതിന് മലയാളം ഗുണം ചെയ്യും.
പിന്നെ തെറിയുടെ കാര്യം. സംസ്ഥാനം ഭരിക്കുന്നയാളിൽനിന്ന് മലയാളത്തിന് ലഭിച്ച തെറിവാക്കുകൾ ഏഷ്യാനെറ്റിൻറെ ആർക്കൈവിൽ നിന്ന് ചാനൽ മുതലാളി സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇഷ്ടമില്ലാത്തവരെ പരനാറി, നികൃഷ്ടജീവി, കുലംകുത്തി എന്നൊക്കെയാണ് വിളിക്കേണ്ടതെന്ന് തെളിയിച്ച മുഖ്യനുള്ള സംസ്ഥാനമാണ്.
അങ്ങനെയൊക്കെയാണ് വേണ്ടതെന്ന് കാവിപ്പാർട്ടി പ്രസിഡൻറും വിശ്വസിച്ചുകാണും. പിടിച്ചുനിൽക്കണമെങ്കിൽ അതിനെക്കാൾ കടുപ്പമുള്ള തെറി കണ്ടുപിടിക്കണമെന്ന തിരിച്ചറിവ് വലിയ കുറ്റമൊന്നുമല്ല.
മുണ്ട് മാടിക്കുത്തുന്നതും നല്ല കാര്യമാണ്. അല്ലെങ്കിൽ തന്നെ കാവിപ്പാർട്ടിയും വിപ്ലവപ്പാർട്ടിയും തമ്മിലുള്ള ‘ഒരിതിൻ്റെ’ അടയാളമാണ് കേരളത്തിൽ മുണ്ട്. മുണ്ടുടുക്കാത്ത മോദിക്ക് പകരം കേരളത്തിൽ മുണ്ടുടുത്ത മോദിയുണ്ട് എന്നതൊക്കെ പിള്ളേർക്ക് പോലും പരിചിതമായ ചൊല്ലാണിപ്പോൾ.
മുണ്ടുടുത്ത മോദി എട്ടൊമ്പത് കൊല്ലമായി കേരളത്തിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ പിടിച്ചുനിലക്കണമെങ്കിൽ മുണ്ട് മാടിക്കുത്തുന്നത് തന്നെയാണ് ഉത്തമം. മുണ്ടുടുത്ത മോദി, മുണ്ട് മാടിക്കുത്തിയ മോദി എന്നിങ്ങനെ ആളെ തിരിച്ചറിയാനും എളുപ്പമാകും.