ക്ഷത്രിയൻ.
മുണ്ടുടുത്ത മോദിയുടെ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനവും മുണ്ടുടുത്ത് തന്നെ വേണമെന്ന് വിശ്വസിക്കുന്ന മോദിയാണ് താരം.
മുണ്ടുടുക്കാൻ തന്നോട് നിർദേശിച്ചത് നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് കാവിപ്പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ആയി നിയോഗിക്കപ്പെട്ട രാജീവ് ചന്ദ്രശേഖർ.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ക്ഷണത്തിനൊപ്പമായിരുന്നുവത്രെ മുണ്ടുടുക്കാനുള്ള നിർദേശവും. കാൽസറായി മാത്രം ധരിച്ച് പരിചയമുള്ള രാജീവ് അന്ന് മുണ്ടുടുക്കാൻ പെട്ട പാടെന്തായിരിക്കുമെന്ന് ആലോചിക്കാൻ പോലും വയ്യ.
വസ്ത്രം ഒരു രാഷ്ട്രീയമാണ്. വിദേശവസ്ത്രം ഉപേക്ഷിക്കാൻ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തത് രാഷ്ട്രീയമായിരുന്നു. വിദേശ ശക്തികൾക്കെതിരായ രാഷ്ട്രീയം. രാജീവ് ചന്ദ്രശേഖരെ മുണ്ടുടുപ്പിച്ചതിലുമുണ്ട് രാഷ്ട്രീയം.
കേന്ദ്രമന്ത്രിപ്പണി കഴിഞ്ഞാൽ കേരളത്തിൽ പാർട്ടിപ്പണി ഏൽപിക്കുമെന്ന രാഷ്ട്രീയം. സ്വന്തം പേര് സ്വർണനാരുകൊണ്ടെഴുതിയതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ സ്യൂട്ട് സ്വന്തമായി ധരിക്കുമെങ്കിലും മറ്റുള്ളവരുടെ ഭാവി കണ്ട് അതിനനുസരിച്ച വസ്ത്രം ധരിക്കാൻ നേരത്തെകാലത്തെ നിർദേശം നൽകാനുള്ള കഴിവും ചെറുതല്ലല്ലോ.
രാജീവ് ചന്ദ്രശേഖർ മുണ്ടുടുത്ത് പണി തുടങ്ങുന്നതോടെ മുണ്ടുടുത്ത മോദിയുടെ പണി കൂടുമോ കുറയുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ചെറുപ്പക്കാരെ ആകർഷിക്കാനാണ് രാജീവിനെ കേരളത്തിൽ നിയോഗിച്ചതെന്നതാണ് ഒരു വിശകലനം.
മുണ്ടുടുത്ത് പരിചയമില്ലാത്ത തലമുറയാണ് കേരളത്തിൽ നിലവിലുള്ള ചെറുപ്പക്കാർ. അത്തരക്കാർക്കിടയിൽ ഇറങ്ങാൽ മുണ്ടുടുത്ത രാജീവിന് എളുപ്പമാകുമോ ആവോ? അതോ രാജീവ് പാൻറ്സിലേക്ക് മടങ്ങേണ്ടിവരുമോ?
എന്നും പാൻറ്സിട്ടയാൾ ഇപ്പോൾ മുണ്ടുടുക്കുന്നതാണ് വിഷയമെങ്കിൽ എന്നും മുണ്ടുടുത്തയാൾ ഒരിക്കൽ പാൻറ്സിട്ട് നിയമസഭയിൽ വന്നത് ചിരി പടർത്തിയ സംഭവമുണ്ട്. സഭാതലം ചർച്ചകളാൽ സജീവമായിരിക്കെ സീതി ഹാജി സഭയിൽ എത്തുന്നു.
ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് സി.എച്ച്.മുഹമ്മദ് കോയയുടെ സംശയം.’സീതി ഹാജി മുണ്ടുടുക്കാതെ സഭയിൽ വന്നിരിക്കുന്നു. ഓർഡറിലാണോ സാർ’
അംഗങ്ങൾ സീതി ഹാജിയെ നോക്കി. സംഗതി ശരിയാണ്. ഹാജി മുണ്ടുടുത്തിട്ടില്ല. വിദേശത്തായിരുന്ന സീതി ഹാജി വിമാനമിറങ്ങി നേരെ നിയമസഭയിലേക്ക് വന്നതാണ്. സഫാരി സ്യൂട്ടും പാൻറ്സുമായിരുന്നു വേഷം. സി.എച്ചിൻറെ തമാശയിൽ സഭ ചിരിയിലമർന്നു, സംഘർഷാവസ്ഥയും അയഞ്ഞു.
സ്വന്തം പാർട്ടിയിലെ തന്നെ വില്ലാളിവീരന്മാരെ നേരാം വണ്ണം പരിചയമില്ലാത്തയാളാണ് നിയുക്ത പ്രസിഡൻറ്. അവരെയൊക്കെ കൈകാര്യം ചെയ്യുന്നതിനൊപ്പം മറ്റ് പാർട്ടിക്കാരെയും പരിചയപ്പെട്ടുവരണം. സംസ്ഥാനത്തെ സാഹചര്യംവച്ച് വിപ്ലവപ്പാർട്ടിക്കാരെയും മൂവർണക്കൊടിക്കാരെയുമാണ് ആദ്യം പരിചയപ്പെടേണ്ടത്.
ആയുർവേദ റിസോർട്ടിലെ പങ്കാളിത്തം വഴി പരിചിതനായ സഖാവിനെ ഉപയോഗിച്ച് വിപ്ലവപ്പാർട്ടിയിലേക്ക് പാലം പണിയാവുന്നതാണ്. കോൺഗ്രസിലാണോ ബിജെപിയിലാണോ എന്ന് തിട്ടമില്ലാത്ത വിശ്വപൗരൻ വഴി ഗാന്ധിപ്പാർട്ടിയുമായും ബന്ധമാകാം. ഒന്നുമില്ലെങ്കിൽ പരസ്പരം മത്സരിച്ചവർ തമ്മിലുള്ള അടുപ്പം നല്ല അടുപ്പമായിരിക്കുമല്ലോ.
പിന്നെ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്, തോമാച്ചൻ്റെ എൻസിപി തുടങ്ങിയ ബഹുജനപ്പാർട്ടികളാണ്. അതൊന്നും അത്ര കാര്യമാക്കേണ്ടതുമില്ല.
രാജീവിനെ നിശ്ചയിച്ച ചടങ്ങുമായി ബന്ധപ്പെട്ട് ഒരു കാറും വാർത്തയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചടങ്ങിനെത്താൻ വൈകിയത് കാറ് കിട്ടാത്തതിനാലാണെന്നാണ് ശോഭാ സുരേന്ദ്രൻറെ വിശദീകരണം. കാറ് വൈകുമെന്നതിനാൽ ഓട്ടോ പിടിച്ച് പോകാമെന്ന ബുദ്ധിയൊന്നും എല്ലായ്പ്പോഴും എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.
അല്ലെങ്കിലും കാറിനെക്കൊണ്ട് പല ഗുണങ്ങളുമുണ്ട്. പണ്ട് ലുബ്ധിൽ ഡോക്ടറേറ്റുള്ള അമ്മായിയപ്പനെ കാറ് നൽകി പ്രയാസത്തിലാക്കിയ മരുമകൻറെ കഥയുണ്ട്. പൂത്ത പണത്തിനുമേൽ അടയിരിക്കുകയാണെങ്കിലും ചെലവാക്കുന്ന കാര്യത്തിൽ മഹാ ലുബ്ധാണ് അമ്മായിയപ്പന്.
സഞ്ചരിക്കാൻ ഒരു സൈക്കിൾ പോലും വാങ്ങാത്ത പിശുക്കൻ. അമ്മായിയപ്പൻ്റെ പണത്തിൽ കണ്ണുവച്ച മരുമകൻ പല ആവശ്യങ്ങൾക്കായി പലവട്ടം ചോദിച്ചുവെങ്കിലും നയാപൈസ നൽകിയില്ല. മനസിൽ പക ജനിച്ച മരുമകൻ അമ്മായിയപ്പന് ഒരു പഴയ കാർ സമ്മാനിച്ചു. ഓട്ടോറിക്ഷയിലും നടന്നുമൊക്കെ പോകുന്നത് കുടുംബത്തിന് മാനക്കേടാണെന്നും അതിനാൽ അച്ഛൻ കാറിൽ പോകണമെന്നും ഉപദേശിക്കുകയും ചെയ്തു.
മരുമകൻ സ്നേഹത്തോടെ സമ്മാനിച്ച കാറിലാകാം ഇനി മുതൽ യാത്രയെന്ന് അമ്മായിയപ്പനും തീരുമാനിച്ചു. യാത്രയും കാറിൻറെ പണിമുടക്കും സമാസമം എന്ന മട്ടിലായി. ഓരോ തവണയും വർക്ക് ഷോപ്പിൽ പണം നൽകേണ്ട അവസ്ഥ.
തനിക്ക് നൽകാത്ത പണം വർക്ക് ഷോപ്പിലെങ്കിലും ചെലവാകട്ടെയെന്ന മരുമകറെ കുരുട്ടുബുദ്ധി വിജയിച്ചു. കാറിൽ യാത്ര ചെയ്തില്ലെങ്കിൽ മരുമകൻ പിണങ്ങുമെന്ന അഭിമാനബോധത്താൽ യാത്രയും ഒപ്പം അറ്റകുറ്റപ്പണികളും തുടർന്നു.
പ്രതികാരത്തിൻറെ പ്രതീകമാണ് കഥയിലെ കാറെങ്കിൽ തിരുവനന്തപുരത്ത് എത്താൻ വൈകിയ കാർ എന്തിൻ്റെ അടയാളമായിരിക്കും?
Post Views: 169