കുഞ്ഞുങ്ങളില്ല; ചൈന ശിശു പരിപാലന കേന്ദ്രങ്ങൾ പൂട്ടുന്നു

ബൈജിംഗ്: ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ ചൈനയിൽ ശിശുപരിപാലന കേന്ദ്രങ്ങൾ കുറയുന്നു.

2023-ൽ രാജ്യത്തെ കിൻ്റർഗാർട്ടനുകളുടെ എണ്ണം 14,808 ആയി. 274,400ൽ നിന്നാണ് എണ്ണം കുത്തനെ ഇടിഞ്ഞതെന്ന് ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. തുടർച്ചയായ രണ്ടാം വാർഷിക ഇടിവാണിത്.

2023-ൽ, ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. വെറും ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.

2023 അവസാനത്തോടെ, ചൈനയിലെ ഏകദേശം 300 ദശലക്ഷം ആളുകൾ 60 വയസും അതിനുമുകളിലും പ്രായമുള്ളവരായിരുന്നു. ഇത് 2035 ഓടെ 400 ദശലക്ഷത്തിലധികം കവിയും. 2050 ഓടെ അത് 500 ദശലക്ഷത്തിൽ എത്തുമെന്നും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2016-ൽ അവസാനിച്ച , ദശാബ്ദങ്ങൾ പഴക്കമുള്ള ‘ഒറ്റക്കുട്ടി’ നയമാണ് ജനസംഖ്യാപരമായ പ്രതിസന്ധിക്ക് കാരണമായത്. 2021-ൽ സർക്കാർ നയം വീണ്ടും പരിഷ്കരിച്ചു, കുടുംബങ്ങൾക്ക് മൂന്ന് കുട്ടികൾ വരെ ആകാമെന്ന് തീരുമാനമെടുത്തു.